രചന : ഉണ്ണി കെ ടി

ഏറെകാലത്തിനുശേഷം വീണ്ടും ജനിച്ചുവളർന്ന വീട്ടിൽ….!
വേണ്ടത്ര ശ്രദ്ധകിട്ടാതെ പതിയെ കാലത്തിനുകീഴടങ്ങാൻ തലകുനിക്കുന്ന പുരാതന നിർമ്മിതിയുടെ മുന്നിൽ നിൽക്കുമ്പോൾ കുറ്റബോധംകൊണ്ടു മനസ്സൊന്നു കലങ്ങിയോ….?
ഇതിനെ ഞാൻ കാലത്തിന് വിട്ടുകൊടുക്കില്ല.

എന്റെ പൂർവ്വികരും എനിക്കുശേഷം ജനിച്ചവരും വളർന്ന, ഉണ്ടുറങ്ങിയ ഈ ഭവനം വെറുമൊരു വാസ്തുശില്പമല്ല; ഉപേക്ഷിച്ചുപോയവരെ തിരികെവിളിച്ച്, പരാജയപ്പെട്ട പൂർവ്വികന്റെ നിരാശപോലെ നിർമ്മിതിയുടെ അറ്റവും മൂലയും മണ്ണിലേക്ക് മസ്തകം ചേർത്ത് നമസ്കരിച്ചു കിടക്കുന്നു.

ഏറ്റവും ആദ്യം കുടിയൊഴിഞ്ഞു വിപുലമായ ലോകത്തിന്റെ അനന്തസാധ്യതകളിൽ ഭ്രമിച്ചതും, മറ്റുള്ളവരെ പ്രലോഭിപ്പിച്ചതും താനാണെന്ന കുറ്റബോധം ഒളിഞ്ഞും തെളിഞ്ഞും എന്നും വേട്ടയാടിക്കൊണ്ടിരുന്നു. പരിഷ്കൃതലോകമെന്ന സങ്കല്പംതന്നെ എത്ര അപരിഷ്കൃതമെന്നു തിരിച്ചറിയാൻ ഇത്രയും നീണ്ടൊരുകാലം വേണ്ടിവന്നു.

ഇനിയെന്ത് വീണ്ടുവിചാരം…? ഒരിക്കലും വീണ്ടെടുപ്പുകളില്ലാതെ പോയിമറഞ്ഞ ഋതുഭേദങ്ങളും വർണ്ണപ്പകിട്ടുകളും സാന്ത്വനവചങ്ങങ്ങൾ മറന്ന് നിസ്സംഗരാകുമ്പോൾ നിരസിക്കപ്പെട്ട ഇന്നലെകളേ സ്വസ്തി.
ഈ പ്രവാഹത്തിനപ്പുറവും ഇപ്പുറവുമാണ് നമ്മൾ. അക്കരെയിക്കരെനിന്ന് പറഞ്ഞുപെരുകുന്ന ശത്രുതയെ പ്രവാഹിനിയിലുപേക്ഷിക്കാം.

ഉപാസകനും മൂർത്തിയും തന്മയീഭവിക്കുന്നതിന്റെ അദ്വൈതത്തെയറിയാൻ തീവ്രമായ ഉപാസനയുടെ ഇരുളും വെട്ടവും വീഴുന്ന വഴികളിൽ എന്റെ കാലടിപ്പാടുകളും പതിയണം. ഇനിയങ്ങോട്ട് ഇതാണെന്റെ വ്രതം, ഇതാണെന്റെ മതം.
പുരോഗമനാശയമെന്നാൽ പഴമയെ അപ്പാടെ നിരാകരിക്കലാണെന്ന മിഥ്യാധാരണ പല നന്മകളെയും നേരിനെയും നിരസിക്കൽകൂടിയായെന്നു തിരിച്ചറിയുമ്പോഴേക്കും മരുപ്പാതയിലെ ഏകാന്തയാത്ര ബഹുദൂരം താണ്ടിക്കഴിഞ്ഞിരുന്നു.

നിഴൽവീഴാത്ത വഴിയിലെ വെയിൽപ്പരപ്പിൽ അന്തിച്ചുനിന്ന നേരത്താണ് തിരിഞ്ഞുനോക്കാനുള്ള പ്രേരണയുണ്ടായത്.
വെളിച്ചം നിഷേധിക്കുന്ന പുരാതനമനസ്സുകളോടുള്ള കലഹപ്രഖ്യാപനമായിരുന്നു പ്രവാസം. സ്വയം വിശ്വസിപ്പിക്കാൻ, പഴമയുടെ ഉറയൂറിക്കളയാൻ വിലക്കുകളുടെ ചങ്ങലക്കണ്ണികളെയറുത്ത് ദേശാടനത്തിന്റെ മോഹപ്പച്ചയിലേക്ക്…!
വഴികാട്ടികളില്ലായിരുന്നു, പ്രഖ്യാപിത ലക്ഷ്യങ്ങളും. ഒന്നിനും ഒരു രൂപവുമില്ലാതെത്തുടങ്ങിയ യാത്ര.

മൂലധനമായി ശുഭാപ്തിവിശ്വാസംമാത്രം പൊതിഞ്ഞുകെട്ടി കൂടെയെടുത്തിരുന്നു. അതേ, അതുമാത്രമായിരുന്നു ഏതു മേഖലയിലേയും മുടക്കുമുതൽ.
ഇതുവരെയും ഒരിടത്തും ഇടറിയിട്ടില്ല ചുവടുകൾ. ഇനിയും പന്തയക്കളങ്ങളെ ഇഷ്ടപ്പെടുന്ന പന്തയക്കുതിരയുടെ കരുത്ത് ചോർന്നിട്ടുമില്ല. പുതിയ ദൗത്യം, പൈതൃകം പിൻവിളിക്കുന്നു. വരാതിരിക്കാനാകാത്തവിധം.

മുറ്റത്തുനിന്ന് പൂമുഖത്തേക്കുള്ള നടക്കല്ലുകൾ കയറുമ്പോൾ വടക്കിനിയും അടുക്കളയും ചേരുന്ന കോണിൽ ഇരുളും വെളിച്ചവും ഇടകലർന്ന പാശ്ചാത്തലത്തിൽ ശുഭ്രവസ്ത്രംധരിച്ച് അതിലും ശുഭ്രമായ ചിരിയോടെ അമ്മ….! അമ്മ…, മരിച്ചു മണ്ണടിഞ്ഞിട്ട് ദശാബ്ദങ്ങളായ അമ്മ…!!!
നോക്കെത്താത്ത, കേൾവിയെത്താത്ത ഏതോ ഭൂഖണ്ഡത്തിന്റെ കാലഭേദങ്ങളിൽ ജയങ്ങളുടെ കൊടിക്കൂറയുമായി, നിറഞ്ഞൊരു വെല്ലുവിളിയുമായേതോ അശ്വമേധത്തിന്റെ വിജയാഘോഷങ്ങളുടെ ആരവങ്ങളിൽ മറന്നുപോയ തേങ്ങലിതാ ശുഭ്രസ്മിതം പൂണ്ടുനിൽക്കുന്നു.

അമ്മേ…….
ചുണ്ടുകൾ ഒട്ടും കൃത്രിമത്വമില്ലാതെ വഴങ്ങുന്നുണ്ട്. മോനേ എന്നൊരു സ്നേഹസുരഭിലയായ കാറ്റ് നടുമുറ്റത്തിന്റെ തുറസ്സിലൂടെ ഏറെ വാത്സല്യംചുരത്തി തൊട്ടുതഴുകി കാതിൽ മന്ത്രിക്കുന്നു, അച്ഛൻ നിന്നെയും പ്രതീക്ഷിച്ച് തെക്കിനിയിലുണ്ട്….!

അച്ഛൻ…!
തെക്കേമുറ്റത്തെക്കു തുറക്കുന്ന ജനലോരത്ത് ഇട്ടിരിക്കുന്ന ചാരുകസേരയിലെ പ്രൗഢമെങ്കിലും ഏറ്റവും ശാന്തമായ രൂപഭാവങ്ങളിൽ അച്ഛൻ…!
ഗോരഖ്പൂരിലെ ഗീതാപ്രസ്സിൽ അച്ചടിക്കുന്ന സംസ്‌കൃതത്തിലുള്ള പുരാണേതിഹാസങ്ങൾ അടുക്കിയ വരിക്കപ്ലാവിന്റെ പീഠം ഇടതുഭാഗത്ത് കൈയെത്തും അകലത്തിൽ ഇപ്പോഴും സ്ഥാനഭ്രംശമേതുമില്ലാതെ…!!!

അച്ഛനും കലഹിക്കുന്ന, അന്വേഷണകുതുകിയായ ഒരു മനസ്സുണ്ടായിരുന്നു. പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ നിഷേധിച്ച് എഴുത്തുപള്ളിക്കൂടവും എലിമെന്ററി സ്‌കൂളും താണ്ടി, മദിരാശി യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എ. പാസായ അക്കാലത്തെ, അല്ല…, എക്കാലത്തേയും അഭ്യസ്തവിദ്യൻ….!
എന്റെ ഒരേയൊരു ഹീറോ. പുരാതനമായ എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി, കുടുമ മുറിച്ച് മേൽമീശവച്ച, ഭാരതാംബയെ സ്വന്തം മാതാവിനുതുല്യംകണ്ട രാജ്യസ്നേഹിയായ സോൾജിയർ.

ഇട്ടുമൂടാനുള്ള സമ്പത്തൊന്നും കണ്ട്‌ കണ്ണുമഞ്ഞളിക്കാത്ത നിർമ്മമൻ. സമ്പത്തിനെക്കാൾ സ്വജനങ്ങളെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവൻ വിഡ്ഢിയണോ….? എങ്കിൽ അമ്മയും അച്ഛനും ലോകംകണ്ട വിഡ്ഢികളിൽ പ്രഥമഗണനീയരാണ്.

എന്നിട്ടും ഒന്നും നഷ്ടപ്പെട്ട ഭാവം ഞങ്ങളിലാർക്കും ഇല്ലായിരുന്നു. മൂന്നുനേരത്തെ അന്നം മുടക്കംകൂടാതെ എത്തിക്കുവാൻ പാടുപെടുന്നിടത്തുനിന്ന് ആർഭാടങ്ങൾ പടിയിറങ്ങിയ മനസ്സുമായി, അമ്മാവന്മാരുടെയും ചെറിയമ്മമാരുടെയും പരിഹാസവുമേറ്റുവാങ്ങി ഉന്നതിയുടെ സോപാനങ്ങൾ സ്വപ്നങ്ങളിൽ വരച്ചുചേർത്ത് തുടങ്ങിയ പ്രവാസം.
കാലമത്രയും കടന്നുപോയിട്ടും, സ്വന്തം ഗ്രാമാതിർത്തി വ്യവഹാരങ്ങൾക്കുവേണ്ടി കോടതിപ്പറമ്പുവരെമാത്രം നീട്ടി വരച്ചെടുത്തവരുടെ ചെറിയ ലോകത്തുനിന്നും, ദുരഭിമാനങ്ങളുടെ ചിലമ്പലുകളിൽനിന്നുമൊരൊളിച്ചോട്ടം….,

അതോ രക്ഷപ്പെടലോ….?
അച്ഛന്റെ മൗനസമ്മതം മതിയായിരുന്നു…, അതുണ്ടായിരുന്നു എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്
…അമ്മയുടെ നിറമിഴികളിൽ നിരന്ത്രരപ്രാർത്ഥനയും പ്രതീക്ഷയും ഓളംവെട്ടിനിന്നിരുന്നു.
അതേ, അതായിരുന്നു പ്രചോദനം. വഴിനീളെ വിശപ്പറിയാതെ ഊട്ടിയ പൊതിച്ചോറ്. ആവശ്യം സൃഷ്ടിയുടെ മാതാവെന്ന ആപ്തവാക്യത്തിനെ എനിക്ക് സാധൂകരിക്കണമായിരുന്നു.
ജീവിതമുഴിഞ്ഞുവച്ചത് താഴെയുള്ളവർക്കുവേണ്ടിയായിരുന്നു എന്ന ക്ളീഷേനിറഞ്ഞ പഴിയോട് എനിക്കെന്നും പുച്ഛമായിരുന്നു. കാരണം എന്നിൽനിന്നൊട്ടും വേർതിരിച്ചെടുത്ത് മാറ്റിനിറുത്താൻ പറ്റാത്തത്രയും അവരെന്നിൽ അലിഞ്ഞു ചേർന്നിരുന്നു.
ഒട്ടും പുതുമയില്ലാത്ത, അതേ വിരസമായ ചരിതങ്ങളുടെ ഈടുവയ്‌പ്പെ എനിക്കുമുള്ളൂ….!

പിന്തിരിഞ്ഞു നടന്നുതുടങ്ങിയത് നിയോഗത്തിന്റെ നിർത്താതെയുള്ള നിലവിളിയിൽ സാന്ത്വനമാവാനായെങ്കിലോ എന്നൊരതിമോഹമായിക്കണ്ടാൽമതി.
പ്രതാപകാലത്തിന്റെ പകിട്ടൊട്ടും മങ്ങാത്ത, ഈ നാശോന്മുഖമായ കെട്ടിടത്തിലെ ഏതോ ഒരറയിൽ അവരുണ്ട്, ചെറിയമ്മ…., അമ്മയെയും അച്ഛനെയും ദരിദ്രരാക്കിയ, ഒരു കുടുംബത്തിന്റെ സമ്പൂർണമായ തകർച്ചയ്ക്കും ബന്ധങ്ങളിലെ ശിഥിലതക്കും നിമിത്തമായവളെങ്കിലും പകയോ വൈരാഗ്യമോ ഇപ്പോൾ എന്റെ മനസ്സിനെ മഥിക്കുന്നില്ല.

വെളിച്ചത്തെബ്ഭയന്ന് മച്ചിൻചുവട്ടിൽ പതുങ്ങിയ വിളറിയ ഇരുളിലൂടെ നടക്കുമ്പോൾ ഓർമ്മകൾ അകമ്പടിക്കാരാകുന്നു. എന്നും അതൃപ്തമായ മനസ്സുമായി തീരാത്ത പകയോടെ രക്തദാഹിയായ ഒരു രക്ഷസിനെപ്പോലെ അവർ എല്ലാവരെയും വേട്ടയാടുമ്പോഴും അതാർക്കും മനസ്സിലാകാത്തവിധം അവരെന്നുംമന്ദഹസിച്ചുകൊണ്ടിരുന്നു. അമ്മയ്ക്കേറെ പ്രിയങ്കരിയായിരുന്ന അനിയത്തി. സ്വന്തം മക്കളോടുള്ളത്രയുംതന്നെ സ്നേഹവാത്സല്യം അവരും ആവോളം കവർന്നെടുത്തു.

എല്ലാ കഥകളിലെയും ക്ഷുദ്രകഥാപാത്രങ്ങൾക്കിണങ്ങുന്ന ഗുണഗങ്ങളുടെ വിളനിലത്തിന് കാവലായി വന്നവൻ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയായിരുന്നു. എരിയുന്ന തീയിലേക്ക് പകർന്ന നെയ്യുപോലെയായിരുന്നു ചെറിയച്ഛനവരിൽക്കലർന്നത്.
മനസ്സേ…! ശാന്തമാകൂ….
പകയരുത്.

കാത്തുകിടക്കുന്നത് ഒട്ടും വേണ്ടപ്പെട്ടൊരാളല്ല എന്ന ചിന്തയെ ഞാനിതാ തിരുത്തുന്നു. വളരെ പ്രിയപ്പെട്ട, പോരാടാനും അതിജീവിക്കാനും പ്രേരിപ്പിച്ച, പഠിപ്പിച്ച ഗുരുസവിധത്തിലേക്കെന്നു മനസ്സിതാ ബദ്ധപ്പെടുന്നു.
അച്ഛനും അമ്മയും അനുഭവിച്ചതൊക്കെയും കർമ്മദോഷങ്ങളുടെ നീക്കിയിരിപ്പെങ്കിൽ അവസാന സമയത്തവർക്ക് ഇറ്റു തുളസീതീർത്ഥം പകർന്നേകാൻ കഴിയാത്ത ഞാനോ അനുഗ്രഹീതൻ…?

മുഴുപ്പട്ടിണിക്കുമേൽ മുറുകെയുടുത്ത ദുരഭിമാനവുമായി, വീണ്ടെടുപ്പിന്റെ ദൗത്യഭാരവുമായി പടിപ്പുറയിറങ്ങുമ്പോൾ അമ്മയുടെയും അച്ഛന്റെയും ദീർഘശ്വാസത്തിനപ്പുറം മുഴങ്ങിക്കേട്ട പരിഹാസംനിറഞ്ഞ ചിരികളായിരുന്നു അദ്ധ്വാനവഴികളിലെ പാഥേയം.
നന്ദി….കാലമേ, ചെറിയമ്മേ….
എല്ലാത്തിനും നന്ദി.

മച്ചടർന്ന് മഴയിൽ കുതിർന്ന ചുവരുകളവിടവിടെ വീണുത്തുടങ്ങിയിരിക്കുന്നു. ഈ മുറിയിലെ നരച്ച ഇരുട്ടിലിനിയും പ്രതിധ്വനിയടങ്ങാത്ത തേങ്ങലായി അമ്മയുണ്ട്….!
വടക്കിനിയോട് ചേർന്ന ഒരു മുറിയിൽ പഴന്തുണിക്കെട്ടിൽ പൊതിഞ്ഞുവച്ച ദുർഗ്ഗന്ധംപോലെ ചെറിയമ്മ. മലമൂത്രാദികളാൽ ലേപനംചെയ്യപ്പെട്ട് ചുമരിനഭിമുഖമായി ചുരുണ്ടുകിടക്കുന്ന രൂപത്തെ തൊട്ടുവിളിക്കുമ്പോൾ ഒട്ടും അറപ്പുതോന്നിയില്ല. ഓർമ്മയൊട്ടും നശിച്ചിട്ടില്ല. അവരെത്രവേഗം തന്നെ തിരിച്ചറിഞ്ഞുവെന്നോർത്ത് ഒരുനിമിഷം അമ്പരന്നു. കണ്ണുകളിലെ കുടിലതക്ക് ഒട്ടും നിറംമങ്ങിയില്ലല്ലോ എന്ന ചിന്തയെ പെട്ടെന്നുതന്നെ തിരുത്തി. തന്റെ ദൗത്യം നന്മതിന്മകളുടെ കണക്കെടുപ്പല്ല…!

എങ്കിലും ഞാനും വെറും മനുഷ്യനാണല്ലോ, ദൈവമേ നിന്റെ ചപലസൃഷ്ടി. എത്ര നികൃഷ്ടയാണിവരെന്നാവർത്തിച്ച് ചിന്തകൾ പഴിപറഞ്ഞു ചിലക്കുന്നു. അരുത്, മനസ്സേ ശാന്തമാകൂ, പകതീർക്കാനോ പകരംചോദിക്കാനോ അല്ലല്ലോ ഞാൻ നിയുക്തനായിരിക്കുന്നത്…!
അവരുടെ വലതുതോളിൽ കൈവച്ച് ഞാൻ ദീർഘമായി ശ്വാസം അകത്തേക്കെടുത്തു, മലിനമായ ആ അന്തരീക്ഷത്തിൽ ശുദ്ധവായു ഒട്ടുമില്ലെങ്കിലും സാവധാനം ശ്വാസത്തെ അയച്ചുവിട്ടുകൊണ്ടു ഞാനെന്നെ നിയന്ത്രിച്ചു.

ശാന്തമായ മനസ്സിന്റെ തിരശീലയിൽ രണ്ടു സഹോദരിമാരുടെ കലങ്ങിയ കണ്ണുകൾ… എത്ര ലാഘവത്തോടെയാണ് അപവാദങ്ങളുടെ തീപ്പൊരി കുടഞ്ഞിട്ട് ഈ സ്ത്രീ അവരെ അനാഥരാക്കിയത്. ഭർത്താക്കന്മാരും, മുതിർന്നപ്പോൾ മക്കളും ഒരുപോലെ അവരെ ഉപേക്ഷിക്കുന്നതുകണ്ടു തന്റെ ഉപജാപങ്ങളുടെ വിജയം ആസ്വദിച്ച അവരെയും ഇതാ ഏറെ ലാളിച്ചുവളർത്തിയ മക്കളെല്ലാം കൈയൊഴിഞ്ഞുപോയിരിക്കുന്നു. നന്ദികെട്ട സന്തതികളെ നിങ്ങളുടെ ഉന്നതിക്കും പോഷണത്തിനും വേണ്ടിയായിരുന്നു അവരിത്രയും സ്വാർത്ഥയായതെന്നെന്തേ മറന്നു…?

അദ്ധ്വാനിയായ അച്ഛന്റെ സമ്പാദ്യങ്ങളെല്ലാം ചെറുമകൾക്കും ഭർത്താവിനും അമ്മയെ ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും ചേർത്തുകൊടുത്ത് അവർക്കൊപ്പം ആനന്ദകരമായ ജീവിതം സ്വപ്നംകണ്ട അമ്മമ്മയ്ക്കും മുത്തച്ഛനും കാലമെത്തുംമുൻപേ കാലപുരിയിലേക്ക് വഴികൂട്ടിക്കൊടുത്ത കുടിലതക്ക് ഈ കിടപ്പ്, ഇതത്രവലിയ ശിക്ഷയാണോ….?

ഈശ്വരാ, കേവലം കഴിഞ്ഞകാലങ്ങളുടേയും കാര്യങ്ങളുടെയും കണക്കെടുപ്പുകാരനായി എനിക്കധപ്പതിക്കണ്ട. എത്രയൊക്കെ മോശം ചെയ്തികളുടെ പ്രയോക്താവാണെങ്കിലും ഇവരെനിക്ക് മാതൃതുല്യയാണെന്നാണ് ഈ യാത്രയ്ക്ക് പ്രേരണയായ സ്വപ്നത്തിൽ അമ്മ പേർത്തും പേർത്തും ഓർമ്മപ്പെടുത്തിയത്.
വയ്യ, എന്നിൽ ഒരു പ്രതികാരവും ശേഷിക്കുന്നില്ല. ഞാൻ പതിയെ ആ മുറി വിട്ടിറങ്ങി. ഒരു നല്ല ഹോം നഴ്‌സിനെ ഉടനെ കണ്ടെത്തണം. മരണം എത്രയേറെ ശാന്തമായവരെ പുല്കാമോ അത്രയും ശാന്തവും സൗമ്യവുമായിരിക്കണം.

ടൗണിൽ ഏറെനേരത്തെ അന്വേഷണത്തിനൊടുവിൽ ഒരു എജൻസിയെ കണ്ടെത്തി. നല്ല സർവ്വീസ് ഉറപ്പുനല്കുന്നവരോട് പ്രതിഫലം പിശകേണ്ടതില്ലെന്നു തീർച്ചപ്പെടുത്തി.
രാവിലെയെത്തിയ പ്രസാദപൂർണമായ ചിരിയുള്ള പെൺകുട്ടി ചെറിയമ്മയുടെ പരിചരണം ഏറ്റെടുത്തു. നോക്കിനിൽക്കുന്ന നേരംകൊണ്ടവൾ ആ മുറിയും ചെറിയമ്മയെയും ശുദ്ധീകരിച്ചു. പുതിയ ബെഡ്ഷീറ്റും സുഗന്ധപൂരിതമായ അന്തരീക്ഷവും നാളിതുവരെ തനിക്കു ദർശിക്കാനാവാത്ത നന്ദിനിറഞ്ഞമന്ദസ്മിതത്തെ ചെറിയമ്മയുടെ അധരങ്ങൾ വരവേറ്റതുകണ്ട് മനസ്സ്‌ അമ്മയോട് ചോദിച്ചു,

“അമ്മേ, സന്തോഷമായില്ലേ”….?
നാളെത്തന്നെ ടൗണിലെ ഏറ്റവും നല്ല കൺസ്ട്രക്ഷൻ കമ്പനിയെ കാണണം. ഈ അവശേഷിക്കുന്ന പൈതൃകസ്മാരകത്തിന്, താൻ പിച്ചവച്ച ജന്മഗേഹത്തിന് ഒരു കായകല്പചികിത്സ. പഴയ യൗവ്വനവും പ്രസരിപ്പും വീണ്ടെടുത്ത് അതങ്ങനെ ഈ ഗ്രാമത്തിന്റെ ആകാശത്തിലേക്ക് തലയുയർത്തി നില്ക്കട്ടെ.
ജന്മനിയോഗം നിശ്ചയിക്കുന്ന പലായനവീഥികളിൽ ബാക്കിയായ ഇരവുപകലുകളെ ഞാനിതാ വിനീത വിധേയനായി കാതോർക്കുന്നു. എന്റെ ശരിതെറ്റുകളിൽ നിങ്ങളെന്നെ വിചാരണചെയ്താലും….!

ഉണ്ണി കെ ടി

By ivayana