യു.എസ്. നാരായണൻ
ഇന്ത്യൻ ദേശീയതയെ, കവികളും സാമൂഹ്യ രാഷ്ട്രീയ നേതൃത്വവും ഉയർത്തി പ്പിടിച്ചിരുന്ന ഒരു കാലത്തു നിന്ന്, ദേശീയതയെക്കുറിച്ചു പറയുന്നതുപോലും വിമർശനാത്മകമായി വീക്ഷിയ്ക്കപ്പെടുന്ന വർത്തമാന കാലത്തേയ്ക്കുള്ള വ്യതിയാനം തുടങ്ങുന്നതെന്ന്?
ഞാൻ വിചാരിയ്ക്കുന്നത്, ഉപരിപ്ലവദേശീയത കപടമായ വിദ്വേഷബിംബമായി ചിലരാൽ കൊണ്ടാടപ്പെട്ടതുമുതലാണ് അതെന്നാണ്.ദേശീയത രൂപപ്പെടേണ്ടത് ദേശത്തിന്റെ അഥവാ രാജ്യത്തിന്റെ ഓരോ അണുവും അവയുടെ വൈവിദ്ധ്യങ്ങളോടെത്തന്നെ പൊതുവായ ഒരു നൂലാൽ ബന്ധിയ്ക്കപ്പെടുമ്പോഴാണ്.
എന്റെ ഇന്ത്യ എന്റെ സഹജീവികളുടേ ഇന്ത്യകുടിയാണ് എന്ന ബോധം ഉണ്ടാവുക എന്നിടത്താണ് ദേശീയതയുടെ തുടക്കം. എന്റെ ഇന്ത്യ യിൽ എല്ലാവരും പട്ടിണിയില്ലാതെ ദുരിതങ്ങളില്ലാതെ,ഭയമില്ലാതെ ജീവിയ്ക്കുന്നുവെന്നുറപ്പുവരുത്തലാണെന്റെ ദേശീയത.ഭൂമിശാസ്ത്രപരമായ പരിധിയ്ക്കുള്ളിൽ ഇന്ത്യ ഒരൊറ്റ രാജ്യമാണെങ്കിലും ബഹുവിധമായവൈവിദ്ധ്യങ്ങളാൽ സമൃദ്ധവുമാണത്.
അവിടെ നമ്മെ ഒന്നാക്കുന്നത് നമ്മുടെ പതാകയോ,ദേശീയഗാനമോ മറ്റു ദേശീയ ചിഹ്നങ്ങളോ മാത്രമല്ല. ഒരു രാജ്യം എന്ന രീതിയിൽ നാം നേടുന്ന വളർച്ച, നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവിതസന്തോഷം, ഭരണകൂടത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം, പരസ്പരം നാം കാണിയ്ക്കേണ്ട സാഹോദര്യം എന്നിവയാലാണത്. നമ്മുടെ ഭൂതകാലത്തെ നമ്മൾ പാഠപുസ്തകമാക്കി തെറ്റുകളെ മനസ്സിലാക്കി പുതിയ ഇന്ത്യയെ അനുദിനം സൃഷ്ടിച്ചു കൊണ്ടിരിയ്ക്കണം.
വർത്തമാനഭാരതത്തിന്റെ കേടുകളെ മാറ്റുകയും വലിച്ചെറിഞ്ഞ ഭൂതകാലജീർണതകളെ തിരിച്ചു വരാനനുവദിയ്ക്കാതിരിയ്ക്കുകയും അതുവഴി സ്വച്ഛഭാരതം പരിരക്ഷിച്ചുകൊണ്ടിരിയ്ക്കുകയും വേണം.ചില മതവിഭാഗത്തിൽപ്പെട്ടവരോ ചില രാഷ്ട്രീയ കക്ഷികളോ ചില ആക്റ്റിവിസ്റ്റുകളോ ചിലരാൽ ദേശവിരുദ്ധരായി ചിത്രീകരിയ്ക്കപ്പെടുമ്പോൾ ഈ നിഗമനത്തിന്റെ കാരണമെന്ത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്..
അവർ പ്രദർശനാത്മകമായ ദേശീയതാചിഹ്നങ്ങളെ കൊണ്ടാടുന്നില്ല എന്നതുകൊണ്ടാണ് ഇത്തരം ഒരു സാമാന്യ വർഗീകരണത്തിൽപ്പെടുന്നത് എങ്കിൽദേശീയതയുടെ കപടമായ നിർവചനത്തിലേയ്ക്കാണത് വിരൽ ചൂണ്ടുന്നത്. വർത്തമാനഭരണവ്യവസ്ഥിതിയുടെ ജീർണതയ്ക്കെതിരെ പോരാടുന്നുവെന്നത് ദേശവിരുദ്ധതയല്ല ദേശസ്നേഹമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
മറിച്ച് ഇന്ത്യ എന്ന രാഷ്ട്രഘടനയെ അംഗീകരിയ്ക്കാതിരിയ്ക്കുകയോ അതിന്റെ ഗുണപരമായ വളർച്ചയ്ക്കെതിരേ പ്രവർത്തിയ്ക്കുകയോ ആഭ്യന്തര അസ്വസ്ഥതകളുണ്ടാക്കി രാജ്യത്തിനു കളങ്കമുണ്ടാക്കുകയോ ചെയ്യുന്നുവെന്ന് സംശയാതീതമായി തെളിയിയ്ക്കപ്പെടുന്ന ഏതൊരു സംഘടനയ്ക്കും ഏതൊരു വ്യക്തിയ്ക്കും ദേശവിരുദ്ധതയുടെ മേലങ്കി ചേരും.ഇക്കൂട്ടത്തിൽ പക്ഷേ ഇന്ന് മതാടിസ്ഥാനത്തിൽ ദേശീയതയെ നിർവചിച്ച് വിഭാഗീയത വളർത്തുകയുംരാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിയ്ക്കുന്നവരും പെടേണ്ടതാണ്. ദേശീയതയുടെ കാര്യത്തിൽ കപടമേത് ശരിയായതേത് എന്ന് നാം തിരിച്ചറിയേണ്ടിയിരിയ്ക്കുന്നു..
വലതുകൈ നീട്ടി പ്പിടിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തുകൊള്ളട്ടെ “ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്…..”ദേശീയത പക്ഷേ വിദ്യാലയത്തിൽ പോകാൻ കഴിയാത്തവർക്കുകൂടി,അന്തിയുറങ്ങാൻ കരയില്ലാത്തവർക്കുകൂടി,ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാത്തവർക്കുകൂടി,ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ കൊടും പീഡനം നേരിടുന്നവർക്കുകുടി…. ഇന്ത്യയെ പങ്കു വെയ്ക്കലാണ്!