കുട്ടുറവൻ ഇലപ്പച്ച
ചിത്രശലഭമെന്ന് നടിക്കുന്ന കടുവ ട്രാക്ടർ,
നീയിപ്പോൾ ആ പഴയ വാഹനമേയല്ല
ആറുചക്രവും വാർദ്ധക്യവുമുള്ള,
കാണുന്നവരിൽ സഹതാപമുണർത്തുന്ന,
തലയും വാലുമായി എപ്പോഴും
വേർപെടാൻ തയ്യാറായിരിക്കുന്ന
ഏതു വയലും കുന്നും കയറുന്ന
മണ്ണും ചാണകവും വൈക്കോലും
ധാന്യച്ചാക്കുകളും ഏറ്റിപ്പോവുന്ന,
ചെളിയും പൊടിയും പിടിച്ച
ആ പാവത്താനേയല്ല
നിൻ്റെ കണ്ണുകളിൽ നിശ്ചയദാർഢ്യം
ഡൽഹിയുടെ തെരുവുകളിൽ
നീയിന്ന് കൃഷിക്കാരൻ്റെ വിയർപ്പിനു വേണ്ടി വാദിക്കും
രാജ്യമെങ്ങുമുള്ള വയലുകളുടെ വക്കാലത്ത്
നീയിന്ന് ഏറ്റെടുക്കും.
നീയിന്ന് ഒരു പുതിയ വിപ്ലവകാരിയാവും.
നിന്നെക്കണ്ട് അനീതിയുടെ സിംഹാസനം വിറയ്ക്കും.
വിലയും പകിട്ടുമുള്ള കാറുകളും വിമാനങ്ങളും
നിൻ്റെ പുതിയ സ്ഥാനലബ്ധിയിൽ
ലജ്ജിച്ചു തലതാഴ്ത്തും.
ട്രാക്ടർ,
ഇന്നലെ വരെ ഞാൻ കണ്ട,
ചുമച്ചു കഫം തുപ്പി ഗ്രാമ പാത താണ്ടിയ
ആ വാർദ്ധക്യമേയല്ല…
എന്തൊരു യുവത്വമാണ് നിനക്കിന്ന് !
നീയിന്ന് ആറു കാലുള്ള ചിത്രശലഭം …
അല്ലല്ല, ചിത്രശലഭമെന്ന് നടിക്കുന്ന ഒരു കടുവ.