Madhavan Divakaran

ഇന്ന് വൈകുന്നേരം വഴിയിലേക്കിറങ്ങിയപ്പോൾ വഴിമുക്കിൽ നിന്നു കുര്യൻ ഉപദേശിയുടെ പ്രഭാഷണം പൊടിപൂരമായി നടക്കുകയാണ്. കൂടെ രണ്ടു മൂന്നു കുഞ്ഞാടുകളും ഉണ്ട്.

കുര്യൻ ഉപദേശിയുടെ പ്രസംഗം കേൾക്കാൻ ഞങ്ങടെ വാർഡിലുള്ള ക്രിസ്തുവിന്റെ കുഞ്ഞാടുകളും കൂടാതെ ഹിന്ദുക്കളായ ചിലരും ഒക്കെ കാതോട് കാതോരം ശ്രവിച്ചു നിൽക്കുന്നുണ്ടവിടെ, അവരുടെ കൂടെ കാതുംകൂർപ്പിച്ചു ഞാനും നിലകൊണ്ടു!കുര്യന്റെ പ്രസംഗം ഇപ്പോൾ വേദങ്ങളെ എടുത്തു അമ്മാനമാടിയാണ് പോകുന്നത്.

എനിക്കാണെങ്കിൽ ആദ്ധ്യാത്മിക പ്രസംഗം എവിടെ കേട്ടാലും ഞാൻ അത് ശ്രദ്ധിച്ചു നിന്നു കേൾക്കും… കുര്യൻ ഉപദേശിയുടെ പ്രസംഗം കേട്ടോളൂ..സ്നേഹമുള്ള കുഞ്ഞാടുകളേ….സത്യമായിട്ടും ഞാൻ നിങ്ങളോട് പറയുന്നു.അതായത് വേദങ്ങൾ രചിച്ചത്‌ വരാനിരിക്കുന്ന ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും ഉദ്ദേശിച്ചായിരുന്നു.

അതിനു പല തെളിവുകളും വേദങ്ങളിൽ തന്നെ പറയുന്നുണ്ട്. അതിൽ ഒന്നാണ് ഗായത്രി മന്ത്രം!ആ മന്ത്രം എല്ലാ ഹിന്ദു സഹോദരീ സഹോദരന്മാർക്കും അച്ഛനമ്മമാർക്കും അറിയാവുന്നതാണല്ലോ!പക്ഷേ നിങ്ങൾ ഒന്നോർക്കണംഅതിൽ പറയുന്ന ‘ഭർഗ്ഗോ ദേവസ്യ ദീമഹീ’ എന്നതിലെ ദേവസ്യ ആരാണ്?പറയൂ.ദേവസ്യ ഹിന്ദുവാണോ.. അല്ല! പിന്നെ ആരാണ്?

ഏതു കഴുതകൾക്കും അറിയാംദേവസ്യ ക്രിസ്ത്യാനിയാണ് എന്ന്!ഇനി അടുത്ത കഥ പറയാം..തമസോമാ …………..

ബാക്കി പറയും മുമ്പേ ഞാൻ ചെന്നു കുര്യനുപദേശിയെ വിളിച്ചു ശിരസ്സിന്മേൽ രണ്ട് ഞൊട്ട് ഞൊട്ടിയിട്ട് പറഞ്ഞു : ഇനി മതി. മുന്നോട്ടു ഇതുപോലെ കഥയറിയാതെ തുടർന്നാൽ …….. കേട്ടല്ലോ. കാര്യം പിടികിട്ടിയ കുര്യൻ ഉപദേശിയും കുഞ്ഞാടുകളും കളി മതിയാക്കി സ്ഥലം വിട്ടു!

എം. എം. ഡി,

By ivayana