രചന : കുറുങ്ങാട്ട് വിജയൻ

‘സനാതനത്വം’ ഭാരതസത്ത്വം, അതിന്റെ ഭവചിത്തം
‘നാനാത്വ’ത്തില്‍ക്കാണാ’മേകത്വ’ത്തിന്‍ മധുസിദ്ധം!
മതേതരത്വം ദേശസ്നേഹം, എന്നീ ചിന്തകളാല്‍
മതവും തേവരുമില്ലന്നാകില്‍ സുഖമീ ഭൂവാസം!
രക്തം സിരയില്‍ത്തിളച്ചുനില്പൂ ദേശസ്നേഹത്താല്‍
അഭിമാനവിജൃംഭിതമാകണമോരോ ഭാരതനെഞ്ചം!
മതവും ദൈവവുമെല്ലാം പലതായ് വാഴുവതെന്നാലും
മതേതരത്വം ഭാരതസത്ത്വം, അതാണു ചൈതന്യം!
വൃത്തം താളം ഭാവം ചേര്‍ന്നാല്‍ കവനം കാവ്യമയം
സത്യം ധര്‍മ്മം സാഹോദര്യം ഗാന്ധിജി ദൈവസമം!
വൈദികസംസ്കാരത്തിന്‍സത്താം വേദോപനിഷത്താല്‍
അവിദ്യയായ വിപത്തിനെ മാറ്റാം വിദ്യ ധനമാക്കാം!
ഭാരതസംസ്കാരത്തിന്‍സത്താം പുരാണയിതിഹാസേ‍
വിശ്വം മൊത്തം ഭാസുരമാക്കാം, സര്‍വ്വം ദീപമയം!
വീരജവാന്‍മാര്‍ ധീരം‍കാക്കും ഭാരതക്ഷേത്രത്തി-‍
ന്നതിര്‍ത്തികളൊക്കേ ഭദ്രമതെങ്കില്‍ വാസം സൗഖ്യമയം!
യാഗം ധ്യാനം എന്നീ യോഗം ബ്രഹ്മജ്ഞാനം താന്‍
യുഗങ്ങളാലേ ഋഷീജനത്താല്‍ മഥിച്ചെടുത്ത രസം!
സിന്ധൂ ഗംഗാ തീര്‍ത്ഥം ജീവനനാഡിഞരമ്പെതുപോല്‍
ബന്ധുരനദികള്‍ നാടിനു നന്മക്കുളിരായൊഴുകുന്നൂ!
ദ്രാവിഡമണ്ണില്‍ കുളിരേകാനായ് കൃഷ്ണാ കാവേരി
മാമലനാടിന്‍പുളിനം പുല്‍കും നിളയും പെരിയാറും!
വിന്ധ്യഹിമാചലസഹ്യന്‍ തീര്‍ക്കും കോട്ടകള്‍ ശൈലങ്ങള്‍
ആര്യ-ദ്രാവിഡസംസ്കാരത്തിനു‍ കാവല്‍മാടങ്ങള്‍!
വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഭാരത ശുഭനാമം
ഗാന്ധിജി ഗോഖലെ‍ നെഹുറൂ രവീന്ദ്ര നാഥും ശുഭതാരം!
സുഭാഷ്, ലാലാ, ലജപത് മാരും ഭാരതഭൂവിങ്കല്‍
സന്ധ്യാതാരംപോലെ വിളങ്ങിയ ഭാസുരജന്മങ്ങള്‍!
പ്രണവംപോലേ അമൃതം മധുരം ദേശീയഗാനസുധ
വന്ദിപ്പൂ നാം ദിനവും ദിനവും ദേശിയജയഗാഥാ!
വന്ദിപ്പൂ നാം ദിനവും ദിനവും ഭാരതമാതാവേ
വന്ദിപ്പൂ നാം ദിനവുംദിനവും ഗുരുവരരാദികളെ!
വന്ദിപ്പൂ നാം ദിനവും ദിനവും മാതാ-താതാനെ
വന്ദിപ്പൂ നാം ദിനവുംദിനവും വയോജനത്തേയും!
ഭാരതമണ്ണില്‍ ഗാന്ധിസൂക്തം ധര്‍മ്മം സത്യാദി
ഭാരതമണ്ണില്‍ ധര്‍മ്മമതെന്നാല്‍ സനാതനത്വം താന്‍!
ഭാരതമണ്ണില്‍ കര്‍മ്മമതെന്നാല്‍ പുണ്യവ്യവഹാരം
ഭാരതമണ്ണില്‍ മാനവഭജനം മാധവഭജനം താന്‍!
ഭാരതമണ്ണില്‍ മാനവജന്മം മാധവജന്മം താന്‍
ഭാരതമാതേ ഭാസുരമാതേ ജയജയ ജയസൂര്യേ!
ഭാരതവീര്യം സൈനികരെന്നാല്‍, ജവാനു ജയഗീതം
ഭാരതസ്വത്വം കര്‍ഷകരെന്നാല്‍, കിസാനു ജയഗീതം!
ഭാരതമാതേ വരദേ ജയഹേ ജയ ജയ ജയ സത്യം
ഭാരതമാതേ വരദേ ജയഹേ ജയ ജയ ജയ നിത്യം!
‘ഭാരതമാതാ കീ ജയ്’ യൊച്ചേച്ചൊല്ലുക നിത്യം നാം
ഭാരത മാതേ സുഖദേ ജയഹേ ജയ ജയ ജയ മാതേ!
ഭാരതമണ്ണീലുത്തമപൗരന്‍മാരായ്ത്തീര്‍ന്നീടാന്‍
ഉത്തമരാഷ്ട്രിയബോധ്യത്തോടേ വളരൂ നാമെന്നും!
സമത്വസാഹോദര്യമതേതരസൗന്ദര്യബോധത്താല്‍
സത്യം നിത്യം നമുക്കുതീര്‍ക്കാം ഭാരതസുരലോകം!

www.ivayana.com
കുറുങ്ങാടന്‍

By ivayana