ബീഗം കവിതകൾ
മാടി വിളിച്ച മണ്ണിനെ
മാറോടു ചേർത്തവൻ
മലപോൽ ദുരിതങ്ങൾ
മഴയായശ്രുക്കൾ
താണ്ഡവമാടി ധരിത്രി
തലോടലാക്കി തണുപ്പും
പ്രണയമാണു മണ്ണിനോടു
പ്രീതിയാണു ചേറിനോടും
മണ്ണറിഞ്ഞു മണമറിഞ്ഞു
മനമലിഞ്ഞ നാളുകൾ
സ്വേദ കണങ്ങളിറ്റിറ്റു വീഴ്ത്തി
സൂര്യകിരണങ്ങളുച്ഛിയിലും
തളർന്നില്ലയൊരു നാളും
തുടരുന്നു രാപകൽ
മണ്ണിനെ പൊന്നാക്കുന്നവൻ
മണ്ണിനായ് മണ്ണോടു ചേർന്നവൻ
പ്രശംസാ വചനങ്ങൾ കാറ്റിൽ പറത്തി
പൊന്നാടകൾ പരിഹസിച്ചു
നഗ്നപാദങ്ങൾ വിണ്ടുകീറി
നാഗരികത പല്ലിളിച്ചു
നാടിൻ്റെ നട്ടെല്ലെന്നു ജയ് വിളി
നീരണിയുന്നു നഗ്നനേത്രങ്ങൾ
ചൂഷണത്തിൻ കയ്പുനീർ
ചീന്തിയെറിഞ്ഞു കനവുകൾ
നെഞ്ചുറപ്പിൽ പോരാടി
നിന്ദ തൻ പോർവിളികൾ
ക്ഷിതിയിൽ വിതച്ച സ്വപ്നങ്ങൾ
ക്ഷണികമായ് തീർന്ന നാളുകൾ
വിഷവിത്തു വിതക്കാതെ
വിളയിച്ചു കായ്കൾ
മണ്ണിൻ മാലകറ്റി
മിന്നുന്ന ഹരിതാഭവും
പാരിലമർന്നു മെയ്താളങ്ങൾ
പകൽച്ചൂടിൽ നീറിയ നിനവുകൾ
കൂടപ്പിറപ്പുകളായുസ്സെത്താതെ
കൺമറഞ്ഞു പാടങ്ങളിൽ
മൃതി തൻ കരാളനൃത്തങ്ങൾ
മിഴികളിൽ നിറയുന്നു
കാലമേ നീയൊന്നു കനിയൂ
കൃപാകടാക്ഷമിനിയെങ്കിലും