രചന : ഷാജി മാറാത്തു

മകരക്കൊയ്ത്തു കഴിഞ്ഞ പാടവരമ്പിലൂടെ നടക്കുമ്പോൾ ഉതിർന്നു വീണ നെൽമണികൾ കൊത്താനിരിക്കുന്ന കിളികൾ അങ്ങോട്ടുമിങ്ങോട്ടും പറന്നു.

വീട്ടിലെ ജോലികൾ വേഗം തീർത്ത് അമ്മയുടെ അനുവാദം വാങ്ങി അനിലയേയും കൂട്ടി അവർ ഉത്സവപ്പറമ്പിലേക്ക് നടന്നു. അച്ഛൻ അമ്മക്ക് കൂട്ടിരുന്നോളാം എന്ന ഉറപ്പിലായിരുന്നു അങ്ങിനെ ചെയ്തത്.
“ഏച്ചിക്കെന്താ ത്ര ധ്യതി ? ആരേങ്കിലും കാണാനുണ്ടോ ?” അനില അപർണ്ണയെ കളിയാക്കി ചോദിച്ചു.

“ഉവ്വ്. ഉണ്ടെങ്കിലെന്താ? നിനക്ക് ചേതൊന്നുമില്ലല്ലോ? ” അപർണ്ണ അവളോട് ശുണ്ഠിയെടുത്തു.
“കിന്നാരം പറയാതെ നീ നടക്കണുണ്ടോ? വേലയിപ്പോൾ കാവ് കയറിയിട്ടുണ്ടാകും”.
അവൾ നടത്തത്തിന് വേഗത കൂട്ടി.
അയൽക്കാരെല്ലാം കുറച്ചു കൂടി നേരത്തെ പോയി. വീട്ടിലെ ജോലികൾ തീർന്നപ്പോൾ ത്തിരി വൈകിയതുകൊണ്ട് അവൾക്ക് അവരുടെകൂടെപ്പോകാൻ കഴിഞ്ഞില്ല.

ശശിയേട്ടന്റെ പടിക്കലെത്തുമ്പോൾ ഗീതേച്ചി കാത്ത് നില്ക്കുന്നുണ്ട്. നേരം വൈകിയതിന്റെ ക്ഷമക്കുവേണ്ടി ഗീതേച്ചിയുടെ കൈയ്യിൽപ്പിടിച്ച് അമർത്തി നേടി അപർണ്ണ.
“നിന്നെ കാത്ത് നിന്ന് കാല് വേദനിക്കാൻ തുടങ്ങിലോ അപർണ്ണേ …..” മുഖത്ത് വീണ്ടും ഒരല്പം പൗഡർ കൂടി ഇടുന്നതിനിടയിൽ ഗീതേച്ചി പറഞ്ഞു.

“ഞാൻ വന്നിട്ടും മേയ്ക്കപ്പ് തീർന്നില്ലല്ലോ ഇതുവരെ” അവൾ കളി പോലെ പറഞ്ഞു.
“ശശിയേട്ടന്റെ കൂട്ടുകാരും ന്റെ നാത്തൂനും കുടുംബവും വന്നിരുന്നു. അതാ ഇത്തിരി വൈകിയത്. അവർ പൂരപ്പറമ്പിലേക്ക് പോയി. ന്റെ കഴിഞ്ഞു. വേഗം ഇറങ്ങാം”.
തേച്ചു ചുളിവു തീർത്ത സാരി ചുറ്റുന്നതിനിടയിൽ ഗീതേച്ചി പറഞ്ഞു കൊണ്ടിരുന്നു.

“ബ്ലൗസൊക്കെ ഇറുക്കമായി.ഗീതേച്ചി നന്നായി തടിച്ചിട്ടുണ്ട്ട്ടാ..” അനില കളിയാക്കി.
“ഒന്നു പോ പെണ്ണേ മനുഷ്യന്റെ സമാധാനം കളയാനായിട്ട് ഓരോന്ന് പറഞ്ഞോണ്ട് വരും”.
അവളെ നോക്കി ഗീതേച്ചിയുടെ താക്കീത്.
ഗീതക്ക് സാരി ചുറ്റാൻ സഹായിച്ചു അപർണ്ണ .
“സാരിയുടുക്കാർന്നില്ലേ നിനക്കും ?” ഞൊറിവുകൾ ശരിയാക്കുന്നതിനിടയിൽ ഗീതേച്ചി അവളോട് ചോദിച്ചു.
“ഞാൻ പറഞ്ഞതാ ഗീതേച്ചി.. ചേച്ചി കേട്ടില്ല”. അനില ഗീതേച്ചിയുടെ അഭിപ്രായത്തിന് പിന്താങ്ങി.

“സാരിയുടുത്താ നിനക്ക് നല്ല ഭംഗീണ്ടാവും. പൂരപ്പറമ്പിലെ പൂവാലന്മാർക്ക് കണ്ണിന് കാഴ്ചയുമാകും”.
“പോ ഏച്ചി…. കളിയാക്കാതെ …” അവളുടെ മുഖത്തൊരു നാണം നിഴലിട്ടു.
സാരി ചുറ്റിക്കഴിഞ്ഞതും വാതിലും പടിയും പൂട്ടി അവർ ഉത്സവപ്പറമ്പിലേക്ക് യാത്രയായി.
ഉത്സവം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു അപ്പോൾ. ദേശ വേലകൾ എല്ലാം അണിനിരന്നിട്ടുണ്ടായിരുന്നു. ആലിൻചുവട്ടിൽ തെക്കുമുറി ദേശവും സ്ക്കൂളിന് മുന്നിൽ വടക്കുമുറി ദേശവും ചാത്തന്റെ തറയുടെ അടുത്ത് പുതുരുത്തി ദേശവും അണിനിരന്നിരുന്നു. ഉത്സവാന്തരീക്ഷം ശബ്ദമുഖരിതമായിട്ടുണ്ട്. മേളക്കാരും ആനകളും എല്ലാം പ്രമാണികൾ തന്നെയാണ് എല്ലാ ദേശക്കാരുടേയും.

തിരക്കിനിടയിലൂടെ നടന്നു അവർ. വളക്കച്ചവടക്കാരും ഐസ് വില്പനക്കാരും തിങ്ങിനിറങ്ങിട്ടുണ്ടായിരുന്നു. ആൽത്തറക്കു കീഴിലെ തണലിലേക്ക് ഒതുങ്ങി നിന്നു അവർ.
“ശശിയേട്ടനിതെവിടെയാണാവോ? തിരക്കിലെവിടെപ്പോയി തിരയും ഞാൻ?” ഗീതേച്ചി ശശിയേട്ടനെ തിരക്കിനിടയിൽ തിരഞ്ഞു കൊണ്ടിരുന്നു.
അപർണ്ണ ഗീതേച്ചിയുടെ പുറകിലായി നിന്നു. ഗീതേച്ചി കാണാതെ പുറകിലെ വഴിക്കപ്പുറമുള്ള വീട്ടിലേക്ക് നോക്കി. “തനിക്കിഷ്ടമുള്ള കണ്ണുകൾ തന്നെ തിരയുന്നുണ്ടാവുമോ? താൻ വന്നതറിഞ്ഞു കാണുമോ?” ഉള്ളിൽ ചിന്തകളുടെ മയിൽപ്പീലി നിവർന്നു.
” കാണാൻ തോന്നുന്നുണ്ട് , ശരിക്കും”. നിയന്ത്രിക്കാനാവാത്ത ഒരിഷ്ടം അവനോട് തോന്നി.

ഉത്സവപ്പറമ്പിൽ അവന്റെ കൈയ്യിൽ തൂങ്ങി നടക്കുന്നതും, കുപ്പിവളയും കൺമഷിയും വാങ്ങുന്നതുമൊക്കെ അവൾ കിനാവു കണ്ടു..
“ദേ ശശിയേട്ടനും കൂട്ടുകാരും വരുന്നു”. ആൾത്തിരക്കിനിടയിലും അവരെ കണ്ട സന്തോഷത്തിൽ ഗീതേച്ചി പറഞ്ഞു.
തിരക്കിനിടയിലൂടെ അനില പോയി ശശിയേട്ടനെ കൂട്ടിക്കൊണ്ടുവന്നു.

“നിങ്ങളിതിവിടെ നിന്നതെന്തിനാ? അമ്പലത്തിനുള്ളിലേക്ക് കടന്നു നിന്നോളു. അതാ നല്ലത്”. ശശിയേട്ടൻ അവരെ ചുറ്റമ്പലത്തിനുള്ളിലേക്ക് കടത്തി വിട്ടു.
“പോകാറാവുമ്പോൾ ഇങ്ങോട്ടു വരണം ട്ടാ ശശിയേട്ടാ ….. കൂട്ടം തെറ്റി പോകല്ലേ” ഗീതേച്ചി ഓർമ്മിപ്പിച്ചു.
“പിന്നേ ഞാൻ ഇള്ളക്കുട്ടിയല്ലേ ….”ശശിയേട്ടൻ ചിരിച്ചു കൂടെ അവരും.
ഉത്സവപ്പറമ്പിലെ ആൾത്തിരക്ക് കൂടി വന്നു.
സായംസന്ധ്യയിലെ ഭഗവതിപ്പൂരത്തിന് എല്ലാ ദേശങ്ങളുടേയും വേലകൾ ഒന്നിച്ച് ഭഗവതിക്ക് അകമ്പടിയാവും
ഉത്സവപ്പറമ്പ് ഒരറ്റം മുതൽ മറ്റേയറ്റം വരെ ആനകൾ അണിനിരന്നു. മേളം കൊഴുക്കുകയാണ്.
ഗീതേച്ചിയും ശശിയേട്ടനുമൊക്കെ ഉത്സവത്തിന്റെ ആസ്വാദനത്തിലാണ്.

“കാണുന്നുണ്ടെങ്കിലും തനിക്ക് ശ്രദ്ധിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ?” അവളുടെ ഉള്ളിലൊരു കാത്തിരിപ്പിന്റെ വിരഹം കൊടുമ്പിരി കൊള്ളുകയാണ്. മേളം ചെമ്പടവട്ടം കൊട്ടിക്കയറുമ്പോൾ കാണികൾ ആർത്തിരമ്പുകയാണ്. എല്ലാ കണ്ണുകളും ഉത്സവത്തിമിർപ്പിലേക്കായപ്പോഴും തന്റെ കണ്ണുകൾ ആരേയോ തിരയുന്നുണ്ടായിരുന്നു. തനിക്ക് തന്നെത്തന്നെ നിയന്ത്രിക്കാൻ പെടാപാടുപെടുന്നുണ്ട്. ഒന്നു കണ്ടാൽ മാത്രം മതിയെന്ന് മനസ്സ് മന്ത്രിക്കുന്നു. എന്നിട്ടും കാണാത്തതെന്തേ?
ഓരോന്നോർത്ത് നില്ക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി , “അപ്പൂ….”
അവൾ തിരിഞ്ഞു നോക്കിയതും അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ശ്രാവണ നിലാവ് പോലെ പുഞ്ചിരിച്ച് തന്റെ മുന്നിൽ അവൻ..

കലാശക്കൊട്ടിലേക്ക് താളം മുറുകിയപ്പോൾ ആനപ്പുറങ്ങളിലെ വെഞ്ചാമരങ്ങളും ആലവട്ടങ്ങളും ഉയർന്നുപൊങ്ങി. വർണ്ണക്കുടകയിലെ അലുക്കുകൾ മിന്നിത്തിളങ്ങി.തനിക്കു വേണ്ടിയാണ് ആലവട്ടവും വെഞ്ചാമരവും വീശുന്നതെന്ന് അവൾക്ക് തോന്നി.ചുറ്റുമുള്ള ആരവങ്ങളൊന്നും അവൾ കേട്ടില്ല.
“കുറേ നേരമായോ വന്നിട്ട്?” അവന്റെ ചോദ്യം അവളെ സ്ഥലകാലത്തിലേക്കെത്തിച്ചു.

“ഉവ്വ്”.
“കാണണമെന്ന് തോന്നിയോ?”
“ഉവ്വ്”.
ഉള്ളിൽ വിടർന്ന നാണം കണ്ണുകളിൽ തിളങ്ങി.
“എന്ത് വേണം? “
“ഒന്നും വേണ്ട, കണ്ടല്ലോ അതുമതി.”
അവളുടെ കണ്ണുകളിലേക്ക് സാകൂതം നോക്കി അവൻ. ഉള്ളിൽ തെളിയുന്ന സ്നേഹത്തിന് കണ്ണിൽ നീർ പൊടിഞ്ഞു.
“ന്താ ത്?”
“ഒന്നൂല്യ….. ഇഷ്ടം കൊണ്ട്.
നല്ല ഭംഗീണ്ട് ഇപ്പോൾ നിന്നെ കാണാൻ….”.
“ആണോ ?”

അവളുടെ മുഖം ചന്ദ്രിക പോലെ വിടർന്നു
“നിന്നേം അതെ “. അവൾ തിരിച്ചും പറഞ്ഞു.
വെള്ളയിൽ നീല വരകളുള്ള ഷർട്ടാണ് അവൻ ഇട്ടിരുന്നത്.
“നിനക്കീ ഷർട്ട് നന്നായി ചേരുന്നുണ്ട്”.
അവളുടെ പ്രശംസയിൽ അവൻ ചിരിച്ചു.
ഇടക്കൊന്ന് ഗീതേച്ചി തിരിഞ്ഞു നോക്കി. അവന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
അവനൊരു ലജ്ജ തോന്നി. അവൾക്കും.

ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് ശൂന്യമായിക്കിടന്നു. വാണിഭക്കാർ മാത്രം സാധനങ്ങൾ കെട്ടിപ്പെറുക്കി വെക്കുന്നുണ്ട്. അടുത്ത ഉത്സവപ്പറമ്പിലേക്കാണ് അവരുടെ യാത്ര. ഉത്സവപ്പറമ്പുകളിലാണ് ജീവിതമത്രയും എന്നിട്ടും ജീവിതത്തിൽ ഒരിക്കൽപ്പോലും ആഘോഷങ്ങളില്ലാതെ ജീവിച്ചു തീർക്കുന്ന നിസ്സാഹായരാണവർ.
കലശം കഴിഞ്ഞ് കാർത്തിക നാൾ ആരും പുറത്തിറങ്ങാറില്ല. രക്ഷസ്സുകൾ ഇറങ്ങുമെന്ന് പഴമക്കാർ പറഞ്ഞ അറിവ് അവനോർത്തു. ഓരോന്നിനും ഓരോരോ മിത്തുകളുണ്ടെന്ന് പറഞ്ഞു പറഞ്ഞു സത്യമായതാവും എന്നാണ് അവന് തോന്നിയത്. ഉറക്കച്ചടവിന്റെ ക്ഷീണം അവനുമുണ്ടായിരുന്നു.
“നേരം ഉച്ചയായി. നീ വന്ന് വല്ലതും കഴിച്ച് കിടക്ക് അപ്പേ …” അമ്മമ്മ വന്ന് അവനെ ഉണർത്തി.

“വേണ്ടമ്മമ്മേ… വിശപ്പില്ല”. അവൻ തിരിഞ്ഞു കിടന്നു.
“അങ്ങനെ പറഞ്ഞാൽ പറ്റില്യ. വയറ് കാഞ്ഞ് കിടക്കണ്ട. എഴുന്നേറ്റ് വരു…”
മാരസ്യാർ അവനെ നിർബ്ബന്ധിച്ചു.
അവനെഴുന്നേറ്റ് മുഖവും വായും കഴുകി വന്ന് ഭക്ഷണം കഴിക്കാനിരുന്നു.
“കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം അസ്സലായി. ശരിക്കും പറഞ്ഞാൽ പെരുവനത്തെക്കാൾ കേമനാ അനിയൻ മാരാർ. കേളത്തിന്റെ പഞ്ചവാദ്യോം മോശായില്യ”.
മുത്തച്ഛൻ ഉത്സവ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
പാതിമയക്കത്തിലാണെങ്കിലും അവൻ മറുപടിയായി മൂളി “ങും ….”
ഊണ് കഴിച്ച് കൈക്കഴുകി മാരാര് ഉമ്മറത്തേക്ക് വരുമ്പോൾ കോമരം ഓടിക്കിതച്ചു വരുന്നത് കണ്ടു.

“എന്താ കോമരം ഇത്ര ധ്യതി പ്പെട്ട്?” മാരാര് ചോദിച്ചു
“വൈകീട്ട് ചാത്തന് കലശം നടത്താൻ രാവുണ്ണിക്ക് പറ്റില്ല്യാന്ന് ….ഇനീപ്പോ ആരെക്കിട്ടും ഈ നേരത്ത്?”
“എല്ലാക്കൊല്ലവും അയാളാണല്ലോ ചെയ്യാറ് പിന്നെന്തേ ഇക്കൊല്ലം ?”
“അപ്പോ വിശേഷമൊന്നും അറിഞ്ഞില്ലേ?”
“ഇല്ല!!! ന്താണ്ടായേ?” മാരാർക്ക് ഉൽക്കണ്ഠയായി.
” ഇയ്യാനിക്കാടന്റെ പറമ്പിലെ തോട്ടു വരമ്പിനോട് ചേർന്ന് നില്ക്കുന്ന പ്ലാവില് മണ്ണാത്തി കുറുമ്പ തൂങ്ങിത്രേ …. തീർന്നു ന്നാ കേട്ടത് “
യ്യോ!
(ചിത്രം :കടപ്പാട് മോഹൻ മണിമല)

ഷാജി മാറാത്തു

By ivayana