Kpac Wilson
ഇന്ന്,
ഈ തെരുവുകൾ
ഉഴുത് മറിയ്ക്കപ്പെടട്ടെ…!!
നൂറ്റാണ്ടിലേയ്ക്ക്
ഇഴഞ്ഞുനീങ്ങുന്ന സ്വാതന്ത്യത്തിൻ്റെ
കുനിഞ്ഞ
മുതുകിൽ നിന്നും
അടിമത്തത്തിൻ്റെ
നിയമനുകങ്ങൾ
എടുത്ത് മാറ്റപ്പെടട്ടെ…
വിണ്ടുകീറിയ
നഗ്നപാദങ്ങളിലെ ചേറിൽ നിന്നും
ആത്മാഭിമാനത്തിൻ്റെ
പുതിയ വിപ്ലവവിത്തുകൾ
മുളപൊട്ടട്ടെ…
കുനിഞ്ഞ ശിരസ്സുകൾ
ഉയർത്തിപ്പിടിക്കട്ടെ..
തളർന്ന് വീണ
മുഷ്ടികളിൽ കരുത്തിൻ്റെ
രക്തമോടട്ടെ…
മടങ്ങി
വിറങ്ങലിച്ച ചൂണ്ടുവിരൽ
അനീതിക്കെതിരേ
നിവർത്തപ്പെടട്ടേ…
അടഞ്ഞ കണ്oങ്ങൾ
ഉണർന്ന് പാടട്ടെ…
കുഴിഞ്ഞ കണ്ണുകളിൽ
അഗ്നി പൂക്കട്ടെ …
വരണ്ട ഹൃദയത്തിൽ നിന്നും
വിപ്ലവത്തിൻ്റെ
ചുവന്ന നദി പിറക്കട്ടെ …
അപ്പോൾ
അവർ തിരിച്ചറിയും
പച്ചമണ്ണിൽ ചവിട്ടി നില്ക്കുന്നവൻ്റെ കരുത്ത് …!!
അപ്പോൾ
അവർ പൂണ്ടു പോകും
ഉഴുത വയലിലെ ചേറിലേയ്ക്ക്…
അപ്പോൾ …
പുതിയ വസന്തം വരും..
പുതിയ കിളികളും ..
പൂക്കളും ..