രചന : ഹരിഹരൻ എൻ കെ
സ്വാമീ ശരണം ശരണമെന്റയ്യപ്പാ
സ്വാമിയാണെന്നഭയമായ് രക്ഷയായ് !
അയ്യപ്പകീർത്തനമലയടിച്ചുയരുമീ-
യമ്പലത്തിരുനട ആദ്യം തൊഴുന്നു ഞാൻ !
ആശ്രിയവത്സലാ നിന്നിലർപ്പിക്കുന്നു ഞാൻ
എന്റെയീ ഭാരങ്ങൾ പാപപുണ്യങ്ങളായ്
ഇണയും തുണയുമായെന്റെകൂടെകുടെന്നും നീ
നിഴലുപോൽ കാണുന്നതെൻ ഭാഗ്യസഞ്ചയം !
ഈ ഭക്തനിന്നു നീ മുക്തിക്കുതകുന്ന
മാർഗ്ഗങ്ങൾ കാണിക്കുമപ്പാ നമിപ്പു ഞാൻ !
ഋഗ്വേദമാദിയായ് നാലു വേദങ്ങളും
ഉപനിഷത്തുകളും പിന്നെ ശാസ്ത്രങ്ങളൊക്കെയും
എല്ലാ വഴികളും പടികളിൽ ദർശിച്ച്
മുന്നോട്ടു മാത്രം ഗമിച്ചിടാം നിശ്ചയം !
ഏറ്റവും സൗഭാഗ്യമായി ഞാൻ കാണുന്നു
‘തത്ത്വമസി’യെന്ന നിന്റെ പ്രഖ്യാപനം !
ഐക്യമായ് സ്വാമീ ശരണം വിളികളോ-
ടെത്തുന്ന ഭക്തരും നീയും സമാസമം !
ഒന്നിനൊന്നാരുമേ മേലെയോ താഴെയോ
കാണാതിരിക്കേണ്ടൂ ദർശനമുന്നതം !
ഓർത്തുനോക്കീടുകിൽ കാഠിന്യമെങ്കിലും
നിന്നടുത്തെത്തുവാൻ മാർഗ്ഗം ലഘൂത്തമം !
ഔച്ചേയകീർത്തനം, ഗാനങ്ങൾ, അർച്ചന,
മന്ത്രമുഖരിതം പുണ്യമാം സന്നിധി !
അമ്പലശ്രീകോവിൽ മന്ത്രധ്വനികളാൽ
ഭക്തിസാന്ദ്രം പവനപവിത്രവും !
അത്തരം നാനാതരക്കാരുമൊന്നായി
ത്തീരുന്ന നിൻ തിരുസന്നിധി കൈതൊഴാം !
ഓങ്കാരപ്പൊരുളായ ബ്രഹ്മമൂർത്തേ എന്റെ
സ്വാമി! നീ ഞങ്ങളെച്ചേർത്തുനിർത്തൂ !
സ്വാമീ ശരണം ശരണമെന്റയ്യപ്പാ
കലികാലപ്പൊരുളാകും ലോകനാഥാ !