Roy K Gopal

ഔപചാരിക വിദ്യാഭ്യാസം ഇല്ലാതെ തന്നെ 15 ലധികം ഭാഷകള്‍ കൈകാര്യം ചെയ്യുകയും സമുദ്ര ഗവേഷകന്‍,ഗോളശാസ്ത്രജ്ഞന്‍,കപ്പല്‍ നിര്‍മ്മാതാവ്,ബഹുഭാഷാ വിദഗ്ദ്ധന്‍,മുസ്ലിം പണ്ഡിതന്‍ എന്നീ നിലകളിലുമെല്ലാം പ്രസിദ്ധനാണ് ഇത്തവണ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച അലി മണിക്ഫാന്‍.

ലക്ഷദ്വീപിലെ മിനിക്കോയിയാണ് ജന്മദേശം.1938 മാര്‍ച്ച്‌ 16നാണ് ജനനം.ലക്ഷദ്വീപില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായതിനാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന് വേണ്ടി പിതാവ് അലിമണിക്ഫാനെ കണ്ണൂരിലേക്ക് അയക്കുകയായിരുന്നു.എന്നാല്‍ സാബ്രദായിക സ്‌കൂള്‍ വിദ്യാഭ്യാസത്തോട് കലഹിച്ച്‌ അലിമണിക്ഫാന്‍ നാട്ടിലേക്ക് തന്നെ തിരികെ പോയി.വിദ്യാഭ്യാസം സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസം ഇല്ലാതെ തന്നെ സ്വപ്രയത്നം കൊണ്ട് അറിവും നേട്ടങ്ങളും സ്വന്തമാക്കാം എന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അലിമണിക്ഫാന്‍.തന്റെ മാതൃഭാഷയായ ദിവേഹിക്കു പുറമെ ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറബിക്,ലാറ്റിന്‍,ഫ്രഞ്ച്,പേര്‍ഷ്യന്‍,സംസ്‌കൃതം തുടങ്ങി 15ഓളം ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അലിമണിക്ഫാന്‍ പഠിച്ചത് സ്‌കൂളില്‍ നിന്നല്ല.

സമുദ്രജീവിശാസ്ത്രം,ജ്യോതിശാസ്ത്രം,ഭൂമിശാസ്ത്രം,സാമൂഹ്യശാസ്ത്രം,ദ്വീപിന്റെ തനതു സബത്തായ കപ്പല്‍ നിര്‍മ്മാണം, ഫിഷറീസ്,കൃഷി,ഉദ്യാന നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പ്രാവീണ്യം നേടിയത് ഔപചാരിക വിദ്യാസത്തിന്റെ കൈത്താങ്ങില്ലാതെയാണ്.അദ്ധ്യാപകനായും ഗവേഷകനായും കര്‍ഷകനായും ഖുര്‍ആന്‍ പണ്ഡിതനായും അദ്ദേഹം അറിയപ്പെടുന്നു.നിലവില്‍ തമിഴ്‌നാട്ടിലാണ് താമസം.കേരളത്തിലെത്തിയാല്‍ കോഴിക്കോടും പരപ്പനങ്ങാടിയിലുമെത്തും.

മലബാറിലെവിടെ എത്തിയാലും പരപ്പനങ്ങാടിയിലെ ദീദി മഹല്ലും ശബാന മന്‍സിലും സന്ദര്‍ശിക്കുക പതിവാണ്.പരപ്പനങ്ങാടിയിലെ നാഹിദ് ദീദി, അബ്ദുറസാഖ് ദീദി എന്നിവരുടെയും ശബാന മന്‍സിലിലെ മാക്സിമ ശബീര്‍ അഹമദ്, മാക്സിമ ശക്കീര്‍ അഹമ്മദ് എന്നിവരുടെയും ഒപ്പമാണ് മണിക്ഫാന്‍ സമയം ചെലവഴിക്കാറ്.സ്വന്തമായി വൈദ്യുതിയും യന്ത്രങ്ങളും നിര്‍മ്മിച്ച്‌ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് അലി മണിക്ഫാന്‍.ജീവിക്കുന്ന ഇടം പരീക്ഷണ കേന്ദ്രങ്ങളാക്കുന്ന വ്യക്തിയാണ് അദ്ദേഹം.തുറസ്സായ സ്ഥലങ്ങളില്‍ കുടില്‍ കെട്ടിയാണ് താമസിക്കാറുള്ളത്.

വൈദ്യുതിക്ക് അപേക്ഷിച്ച്‌ ഏറെകാലം കഴിഞ്ഞിട്ടും വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തമായി വൈദ്യുതി നിര്‍മ്മിച്ചതും അലിമണിക്ഫാന്റെ പ്രത്യേകതയാണ്.സ്വന്തമായി നിര്‍മ്മിച്ച മോട്ടോര്‍ ഘടിപ്പിച്ച സൈക്കിളില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കാണാന്‍ അദ്ദേഹം കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയതും ചരിത്രത്തിന്റെ ഭാഗമാണ്.40 ദിവസത്തെ യാത്രയായിരുന്നു അത്.മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം സൈക്കിളുകള്‍ അദ്ദേഹം പിന്നീട് പലര്‍ക്കും വേണ്ടി നിര്‍മ്മിച്ചു നല്‍കി.

ഇത്തരം സൈക്കിളുകളുടെ പേറ്റന്റും അദ്ദേഹത്തിന്റെ പേരിലാണ്.പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ് അദ്ദേഹം സൈക്കിളുകള്‍ നിര്‍മ്മിച്ചത്.സൈക്കിളില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നിര്‍മ്മാണങ്ങള്‍.നൂറ്റാണ്ടുകള്‍ക്ക് മുബ് സിന്‍ബാദ് ഉലകം ചുറ്റിയ ‘സിന്‍ബാദ് ദ് സെയിലര്‍’ എന്ന കഥയില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് കപ്പലില്‍ ഉലകം ചുറ്റാന്‍ ഒരു സഘം മുന്നോട്ടുവന്നു. ടീം സെവെറിന്‍ എന്നായിരുന്ന ആ സംഘത്തിന്റെ പേര്.

കപ്പല്‍ നിര്‍മ്മിക്കാനുള്ള ആളെ തേടിയുള്ള ഈ സംഘത്തിന്റെ അന്വേഷണം ഒടുവില്‍ എത്തിയത് അലിമണിക്ഫാനിലാണ്.മണിക്ഫാനും സംഘവും ഒരു വര്‍ഷമെടുത്ത് ടീം സെവെറിന് കപ്പല്‍ നിര്‍മ്മിച്ചു നല്‍കി.ടീം സെവെറിന്‍ 22 യാത്രികരുമായി ഒമാനില്‍ നിന്ന് ചൈന വരെ ആ കപ്പലില്‍ യാത്ര നടത്തി.കപ്പല്‍ നിര്‍മ്മിച്ച മണിക്ഫാനോടുള്ള ആദരസൂചകമായി ആ കപ്പല്‍ ഇപ്പോള്‍ മസ്‌ക്കറ്റില്‍ ഒരു ചരിത്രസ്മാരകമായി സംരക്ഷിക്കുകയും ചെയ്യുന്നു.സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് അത് മറ്റുള്ളവര്‍ക്ക് കാണിച്ചു നല്‍കുന്നു.ഏറ്റവും ലളിതമായ വസ്ത്രവും ജീവിത രീതികളുമാണ് അദ്ദേഹത്തിന്റേത്.രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതം.

കൃഷിയിലും ഗവേഷണത്തിലുമെല്ലാം അദ്ദേഹം തന്റേതായ കണ്ടെത്തലുകള്‍ നടത്തി.അദ്ധ്യാപകനായും ഇന്ത്യാ ഗവണ്‍മെന്റിന്റെ ചീഫ് സിവില്‍ ഒഫീഷ്യലിന്റെ ഓഫീസിലും അദ്ദേഹം ജോലി ചെയ്തു.സമുദ്ര ഗവേഷണത്തോടുള്ള താല്‍പര്യം മൂലം ഫിഷറീസ് വകുപ്പില്‍ ഗവേഷകനായും അദ്ദേഹം ജോലി ചെയ്തു.ഇക്കാലത്ത് അദ്ദേഹം കണ്ടെത്തിയ മീനിന് ‘അബുഡഫ്ഡഫ് മണിക്ഫാനി’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ‘ഡഫ്ഡഫ്’ മല്‍സ്യവര്‍ഗത്തിലെ അനേകം സ്പിഷീസുകളിലൊന്നാണിത്.

ഖുര്‍ആനിലും ഇസ്ലാമിക വിഷയങ്ങളിലും അഗാഥ പാണ്ഡിത്യമുള്ള മണിക്ഫാന്‍ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ജോലി സംബന്ധമായാണ് തമിഴ്‌നാട്ടിലേക്ക് താമസം മാറിയത്.ലോകത്ത് എല്ലായിടത്തുമുള്ളവര്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ചന്ദ്രമാസ കലണ്ടര്‍ അദ്ദേഹം വര്‍ഷങ്ങളുടെ ഗവേഷണത്തിലൂടെ പുറത്തിറക്കി.ഇപ്പോള്‍ ഈ കലണ്ടറിന്റെ പ്രചരണാര്‍ത്ഥം ലോകമാകെ സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.നാല് മക്കളാണ് അദ്ദേഹത്തിനുള്ളത്. ഇവര്‍ ആരും ഔപചാരിക വിദ്യാഭ്യാസ രീതികള്‍ പിന്തുടര്‍ന്നിട്ടില്ല.എങ്കിലും മകന്‍ മര്‍ച്ചന്റ്് നേവിയിലും മൂന്ന് പെണ്‍മക്കള്‍ അദ്ധ്യാപകരായും ജോലി ചെയ്യുന്നു.

സൗദി, ഒമാന്‍, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയ്ക്കകത്ത് ജെ.എന്‍.യു പോലുള്ള നിരവധി കലാലയങ്ങളിലും അദ്ദേഹത്തിന്റെ പഠനങ്ങള്‍ പാഠ്യപദ്ധതിയിൽ ഉപയോഗിക്കുന്നുണ്ട്.ലക്ഷദ്വീപ് എന്‍വയോണ്‍മെന്റ് ട്രസ്റ്റ്, യൂണിയന്‍ ടെറിറ്ററി ബില്‍ഡിങ് ഡെവലപ്മെന്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍, മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഫെല്ലോ, ഹിജ്റ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലും അലി മണിക്ഫാന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

By ivayana