രചന : ശിവൻ മണ്ണയം

പത്താം ക്ലാസില് പഠിക്കണ സമയം…
മുട്ടത്ത് വർക്കിചേട്ടനും, ആഴ്ചപ്പതിപ്പിലെ ജോയ്സി ചേട്ടനും ഒക്കെ എഴുതിവിട്ട പ്രേമകഥകൾ വായിച്ച് ഹൃദയത്തിൽ കരിമ്പിൻ കാട് വളരുകയും ,അതിനടുത്ത് ആരോഒരു ഷുഗർ ഫാക്ടറി തുടങ്ങി അവിടെ ഇരുപത്തിനാല് മണിക്കൂറും പഞ്ചസാര ഉദ്പാദിപ്പിച്ചു കൊണ്ടിരിക്കുകയും, ദൗർഭാഗ്യവശാൽ ആ പഞ്ചസാര വാങ്ങാനാളില്ലാതെ അവിടെ കെട്ടിക്കിടന്ന് ഉറുമ്പും പാറ്റയും ഈച്ചയുമൊക്കെ നിറഞ്ഞ് വൈഷമ്യമുണ്ടാക്കുകയും ചെയ്തിരുന്ന എരണംകെട്ട കാലഘട്ടം..!

എന്റെ കൂടെ പഠിച്ചിരുന്ന എല്ലാ പയ്യൻമാർക്കും കാമുകിമാരുണ്ടായിരുന്നു. ചിലർക്ക് രണ്ടെണ്ണം വരെ…! എനിക്കാണെങ്കിൽ ഒന്നു പോയിട്ട് അരകാമുകി പോലുമില്ലായിരുന്നു… രക്തത്തിൽ പ്രണയത്തിന്റെ അംശം ഒട്ടുമില്ലാത്തതിനാൽ എനിക്ക് സൈനസൈറ്റിസും മൈഗ്രേനും വിളർച്ചയും ഉണ്ടായി. ഒരു പെണ്ണും എന്നെ നോക്കുന്നില്ല.എന്താണോയെന്തോ.. ഞാൻ ഖിന്നനും വിഷാദവിമൂകനും ഒക്കെ ആയിതീർന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.

ഞാനന്ന് ഒണങ്ങിമെലിഞ്ഞ് നീർക്കോലി പോലിരുന്ന പയ്യനായിരുന്നു.കാറ്റടിച്ചാൽ ദൈവത്തിനെ കൈയെടുത്ത് തൊഴുന്ന സ്വഭാവക്കാരൻ. കാരണം ശക്തമായി കാറ്റടിച്ചാൽ ഞാൻ മറിഞ്ഞുവീഴും. എന്റെ നിരന്തരമായ പ്രാർത്ഥന മൂലം ഞങ്ങളുടെ നാട്ടിൽ കാറ്റ് തീരെ കുറഞ്ഞു എന്ന് തന്നെ പറയാം.
ഒണങ്ങിമെലിഞ്ഞ ആ കൗമാരക്കാരൻ കിട്ടാത്ത പ്രണയത്തെ ഓർത്ത് സ്കൂളിന് പുറകിലെ കുന്നിൻ പുറത്ത് വളർന്ന് നില്ക്കുന്ന പ്ളാവിന്റെ ചുവട്ടിൽ ഒറ്റക്ക് ചെന്നിരുന്ന് കീയോ കീയോ എന്ന് കരഞ്ഞ് ബഹളം വച്ച്തളരുമായിരുന്നു..

എനിക്കും വേണം ഒരു കാമുകി. ഇല്ലേൽ വല്യ കുറച്ചിലാണ്‌. പക്ഷേ കടേന്ന് വില കൊടുത്ത് വാങ്ങാൻ കിട്ടുന്ന ഒന്നല്ലല്ലോ അത്‌. ഓരോരുത്തൻമാർ ലൗ ലറ്റർ എഴുതുന്നത് കാണുമ്പോൾ, തൂണിന്റെ മറവിൽ നിന്ന് ചിലർ തങ്ങളുടെ കാമുകിമാരുമായി സൊള്ളുന്നത് കാണുമ്പോൾ എന്റെ ഹൃദയം എന്റെ നെഞ്ചിൽ തലയിട്ടടിച്ച് കരയുമായിരുന്നു.

ദേവീ മഹാമായേ,നിങ്ങളെന്നോടെന്തിങ്ങനെ…? അമ്പലത്തിൽ പോയി സ്ഥിരം രാവിലേം വൈകുന്നേരോം ഞാൻ പരാതി പറയും. ആ വർഷം അമ്പലക്കമ്മറ്റിക്കാർ ജ്യോതിഷ പ്രശ്നം വച്ചപ്പോൾ ദേവി അമ്പലം വിട്ട് പോയി എന്ന ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത്. എന്റെ ശല്യം കാരണം ആയിരിക്കാം ദേവി നാടുവിട്ടത്. പിന്നെ ദേവിയെ തിരികെ കൊണ്ടുവരാൻ ഒരുപാട് പൂജകളും കർമ്മങ്ങളും ഒക്കെ ചെയ്യേണ്ടി വന്നു പോലും. ദേവീ… മാപ്പ്!
ആ സമയത്താണ് ഒരു പെൺകുട്ടി ഞങ്ങളുടെ സ്കൂളിലേക്ക് പുതുതായി വന്നത്. അതുവരെ അവൾ ഏത് നരകത്തിലായിരുന്നോ എന്തോ. പേര് വിജി.വിജി ഒരു സാങ്കല്പിക നാമമാണ് സാങ്കല്പിക നാമം … കേട്ടോ.

അവള് സുന്ദരിയായിരുന്നു. അതീവ സുന്ദരി. രണ്ട് കണ്ണ് ഒരു മൂക്ക് ഒരു വായ.. എല്ലാം ഉണ്ട്. അവളുടെ കണ്ണിൽ നീലോത്പലം, അവളുടെ ചുണ്ടിൽ പൊന്നശോകം, അവളുടെ കവിളിൽ കനകാംബരം ,എന്റെ മനസിലോ കെട്ടിക്കിടക്കുന്ന ഉറുമ്പ് കയറിയ പഞ്ചസാര .പഞ്ചസാര തരാം നിന്റെ പൂക്കളെനിക്ക് തരുമോ സുന്ദരി പെൺമണീ… എന്ന് കണ്ണുകൊണ്ട് ഞാനവളോട് മൊഴിഞ്ഞു.
അവൾ മെലിഞ്ഞിട്ടാണ്, ഞാനും ഒരു മെലിയൻ .. ഞങ്ങൾക്ക് രണ്ടു പേർക്കും മെലിഞ്ചൈറ്റിസ്…

ഒരു വലിയ കാറ്റടിച്ചാൽ ഞങ്ങൾ രണ്ടു പേരും ആകാശത്തൂടെ അപ്പൂപ്പൻ താടികണക്കെ പറക്കും. അവൾ മെലിഞ്ഞതായതിനാൽ എന്റെ നീർക്കോലിബോഡിയും മസിൽ ശുഷ്കനെഞ്ചും പ്രണയത്തിന് ഒരു തടസമാകില്ല എന്ന് ഞാൻ ദൃഢമായി വിശ്വസിച്ചു. മാത്രമല്ല 10 A ,10 B, 10 cഎന്നി ക്ലാസുകളിലുള്ള എല്ലാ പയ്യൻമാർക്കും ലൈനുണ്ട്. ലൈനില്ലാത്തത് എനിക്കും വിജിക്കും മാത്രം! അവൾ എന്നെ പ്രേമിച്ചേ മതിയാകൂ, അതിനവൾ നിർബന്ധിക്കപ്പെടും എന്ന് ഞാൻ ഉറപ്പിച്ചു.

അന്നത്തെ Hm ഞങ്ങളോട് ഒരു ചതി അസലായി നടപ്പാക്കിയിരുന്നു. മിക്സഡ് ക്ലാസ് എന്ന സംവിധാനം എടുത്തു കളഞ്ഞു.പിള്ളാർക്ക് പഠിത്തത്തിലുള്ള ശ്രദ്ധ പോകുമത്രേ. A, B Cഡിവിഷനുകളാണ് ആമ്പിള്ളാർക്ക് .D,E,F പെമ്പിള്ളാർക്ക് .എനിക്കാണെങ്കിൽ ഈ ആമ്പിള്ളാരെ നിരന്തരം കണ്ടു കൊണ്ടിരുന്നാൽ തലവേദനയെടുക്കും. അതു കൊണ്ട് ഇന്റർവെൽ സമയത്ത് ഞാൻ ഇടനാഴിയിലിറങ്ങി നിന്ന് വിജിയുടെ ക്ലാസിലേക്ക് എത്തി ഉളിഞ്ഞ് നോക്കും. അങ്ങനെ എത്തി ഉളിഞ്ഞ് നോക്കി നോക്കി എന്റെ കഴുത്ത് ജിറാഫിന്റെതു പോലെ നീണ്ടുപോയി എന്നു പറഞ്ഞാ മതിയല്ലോ. ഭയങ്കരം എന്നേ പറയേണ്ടൂ, വിജി എന്നെ എത്തി ഉളിഞ്ഞു നോക്കിയില്ല.

കടക്കണ്ണ് കൊണ്ട് വേദനിപ്പിക്കാതെ ഒരു ഏറ് … ങേ ഹേ.. അതുമുണ്ടായില്ല. എന്തൊരു പെൺകുട്ടിയാണ്. ഇവൾക്ക് മൃദുലവികാരങ്ങൾ ഇല്ലേ? അൽപ്പം എത്തി ഉളിഞ്ഞു നോക്കിയാലെന്ത്. ആ കാശം ഇടിഞ്ഞു വീഴുമോ? അധവാ ഇടിഞ്ഞ് വീണാൽ രക്ഷിക്കാൻ ഞാനില്ലേ? പേടിക്കണതെന്തെരിന്..?
ഞാനവളുടെ പിറകെ നടക്കാനാരംഭിച്ചു, അതിലേക്കായി അച്ഛനോട് കെഞ്ചി രണ്ട് ഈവാ ഹവായ് ചപ്പൽ വാങ്ങി.ഇന്റർവെൽ സമയത്ത് ഞാൻ വിജിയെ ഫോളോ ചെയ്ത് തുടങ്ങി.

അവളുടെ പിന്നാലെ ചുമച്ചും ഹവായ് ചപ്പൽ ശക്തമായി തറയിൽ ചവിട്ടി ശബ്ദമുണ്ടാക്കിയും നടന്നിട്ടും അവളൊന്ന് തിരിഞ്ഞ് നോക്കിയില്ല. അവൾക്ക് കാതിന് എന്തെങ്കിലും പ്രോബ്ലം ..?!
ഉച്ചക്ക് പാത്രം കഴുകാൻ അവൾ വരുന്നതും കാത്ത് പൈപ്പിന്റെ മൂട്ടിൽ കാത്ത് നിന്ന് രണ്ട്കാലിനും നീര് വന്നു. പക്ഷേ ഒരു നോട്ടം ഒരു പുഞ്ചിരി… ഒന്നുമാ കഠിനഹൃദയ തന്നില്ല.മിഠായിയും കാരക്കയും വില്ക്കുന്ന ചേച്ചിയുടെ അടുത്തേക്ക് അവൾ ഓടുമ്പോൾ ഞാനും പിന്നാലെ ഓടി. പക്ഷേ ഞാൻ അവളെ ഓടിത്തോല്പിച്ച് മുന്നിൽ കയറിയില്ല. അവൾ തോല്ക്കുന്നത് എനിക്ക് ഇഷ്ടമില്ലായിരുന്നുവല്ലോ.

അവൾ പഠിക്കുന്ന ട്യൂഷൻ സെന്റെറിലേക്ക് ഞാനും മാറി. ഭാഗ്യം, അവിടെ മിക്സഡ് ക്ലാസായിരുന്നു. ഞാൻ ക്ലാസിൽ ശ്രദ്ധിക്കാതെ അവളെ തന്നെ നോക്കിയിരിക്കും. അവളോ, അധ്യാപകനെ നോക്കിയിരിക്കുന്നതല്ലാതെ യാദൃശ്ചികമായി പോലും എന്നെയൊന്ന് നോക്കിയില്ല. ഇവളെന്തൊരു പിശാശാണ്..! പെൺകുട്ടികളുടെ ഭാഗത്തേക്ക് നിരന്തരം നോക്കിയിരുന്ന് എന്റെ തല ഒരു വശത്തേക്ക് ഏങ്കോണിച്ചു പോയി.

നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞു. മാസം തോറും ചെരുപ്പ് വാങ്ങേണ്ടി വന്നു. ചെരുപ്പു മുതലാളിമാരായിരിക്കും പൈസ കൊടുത്ത് പ്രണയനോവലുകളൊക്കെ എഴുതിക്കുന്നത്. ആൾക്കാർ പ്രണയിച്ചാലല്ലേ ഇങ്ങനെ ചെരുപ്പുകള് ചിലവാകൂ.
കാത്ത് നിന്ന് കാത്ത് നിന്ന് കാല് കഴച്ചു. നോക്കി നിന്ന് നോക്കി നിന്ന് കണ്ണ് തുറിച്ചു. എന്നിട്ടും പുരോഗതി വികസനം ഇതൊന്നും ഉണ്ടായില്ല.ഞാൻ ചിന്തിച്ചു, അവളെന്താണ് എന്റെ മുഖത്തേക്ക് നോക്കാത്തത്? ഞാൻ ഇനി വല്ല അദൃശ്യനോ മറ്റോ ആണോ? മുഖത്ത് നോക്കാൻ താത്പര്യമില്ലെങ്കിൽ വേറെയെവിടെയെങ്കിലും നോക്കിക്കൂടേ? ഇഷ്ടം പോലെ ഭാഗങ്ങൾ വേറെ കിടക്കുകയല്ലേ…?

പിന്നെ മനസിലായി അവൾ മന:പൂർവം നോക്കാത്തതാണ്. എന്റെ പഞ്ചസാര പ്രണയവും അതിലെ ഉറുമ്പുകളും അവൾക്ക് വേണ്ട.
ഇനി രണ്ടും കല്പിച്ചുള്ള ഒരു യുദ്ധം, ചാകുന്നെങ്കിൽ ചാകട്ടെ. ചത്താൽ ശവം വിജയിച്ചാൽ വിജയൻ… ഞാൻ ഉറപ്പിച്ചു. എനിക്ക് പെൺകുട്ടികളുമായി സംസാരിക്കാൻ ഭയങ്കര പേടിയായിരുന്നു, അക്കാലത്ത് ( ഇക്കാലത്തു മതേ ) കടുവയെ പോലും എനിക്കിത്ര പേടിയില്ല. എന്തുകൊണ്ടാണാവോവാവോ… പെമ്പിള്ളാരോട് മിണ്ടാൻ ശ്രമിച്ചാൽ ഞാൻ വിറച്ച് തുള്ളി വെളിച്ചപ്പാടിനെപ്പോലെ ചാടി ഓടി പോകും.

പക്ഷേ വിജിയോട് മിണ്ടിയേ പറ്റൂ.. എനിക്ക് മിണ്ടണം. എനിക്ക് പറയണം പ്രണയം.
ഒരു ദിവസം രാവിലെ ഞാനവൾക്കു വേണ്ടി ഇടനാഴിയിൽ കാത്തു നിന്നു.
കുറേനേരം കഴിഞ്ഞു .
ഇടനാഴിയിൽ അവളുടെ കാലൊച്ച കേട്ടു .കൊലുസ് ചിരിച്ചു .വളകൾ കിലുങ്ങി.ഞാനോ തളർന്നു. വിയർപ്പ് പെയ്തു.മുകൾ വായിലെ പല്ല് അടി വായിലെ പല്ലിൽ ക്ടും ക്ടും എന്ന് ശക്തിയായി വന്നിടിച്ച് രണ്ട് പല്ലുകൾ ഒടിഞ്ഞു. കൈ വിറച്ച് കഥകളി മുദ്രകൾ കാട്ടി. കാലുകൾ ബ്രേക്ക് ഡാൻസ് ആടി. ഹൃദയം ബോംബ് പൊട്ടുന്ന ശബ്ദത്തിൽ ഇടിച്ചു.ഹൃദയം ഇടിച്ച് തെറിച്ച് വായിൽ കൂടെ പുറത്തേക്ക് ചാടുമോ എന്ന് ഞാൻ ഭയന്നു.തലയിൽ കൂടുകൂട്ടിയിരുന്ന കടന്നലോ തേനീച്ചയോ എന്തു കുന്തമാണോ എന്തോ ഇളകി അങ്ങ് പറക്കാൻ തുടങ്ങി. കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു.

നാക്ക് തൊണ്ടക്കുഴിയിലേക്കിറങ്ങി ഒളിച്ചിരുന്നു… ആകെക്കൂടി ഒരു ഭയാനകവും അതി ഭീകരവുമായ അവസ്ഥ.
അവൾ അടുത്ത് വന്നതും സീരിയലിലെ നായിക കരയുന്നതു പോലെ ഞാനൊന്ന് ശബ്ദിച്ചു ‘ജീവീ..’
അവളെന്നെ ഒന്ന് നോക്കി.
സോറി.. വിജീ .. വെപ്രാളം വന്നപ്പോൾ പേരുമാറി … വിറയൽ രാഗത്തിൽ ഞാൻ വീണ്ടും പാടി.
അവൾ മിണ്ടുന്നില്ല. മിണ്ടിയാൽ മുത്തോ മത്തങ്ങയോ മറ്റോ പൊഴിയുമായിരിക്കാം…

വിജീ ഐ ബൗബൗ… അല്ലാ.. ഐ ലവ് യൂ .. ഇത്രേം പറഞ്ഞതും എന്റെ ഹൃദയം ഇടിക്കാതെയായി. ഹൃദയം നിലച്ചോ …? ഞാൻ ചത്തോ …?!
അവൾ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി ചിറി കോട്ടി. എന്നിട്ട് ഒന്ന് തുമിച്ചിട്ട് ധൃതിയിൽ നടന്നു പോയി.അവൾ സ്പീഡിൽ നടന്ന് പോയപ്പോൾ ഉണ്ടായകാറ്റടിച്ച് ഞാൻ പുറകിലേക്ക് മറിഞ്ഞു വീണു. ഒരു കാമുകന്റെ പതനം ..!

നാണക്കേടുകൊണ്ട് പിന്നെ ഞാനവളെ കാണുമ്പോൾ ഒഴിഞ്ഞ് മാറി നടന്നു. മനസ് തകർന്ന ആ ഒണക്കകാമദേവൻ ആരുമില്ലാത്തിടത്ത് പോയി ശോകഗാനങ്ങൾപാടി സ്വയം പീഢിപ്പിച്ചു. പത്താം ക്ലാസ് കഴിഞ്ഞ് അവൾ വടക്കോട്ട് പോയി ഞാൻ തെക്കോട്ടും പോയി.
കാളവണ്ടിചക്രം പോലെ കാലം ഉരുണ്ടുരുണ്ട് പോയി. വർഷങ്ങൾ പോയി കലണ്ടറുകൾ മാറി. മനസിലെ പഞ്ചസാര മുഴുവൻ ഉറുമ്പ് തിന്ന് തീർത്തു. ഒരു വലിയ വരൾച്ചയിൽ ഹൃദയത്തിലെ കരിമ്പിൻ കാടുകൾ പട്ടു പോയി. ഷുഗർ ഫാക്ടറി അടച്ച്പൂട്ടി.
അങ്ങനെയിരിക്കെ ഒരു ദിവസം അമ്പലത്തിൽ വച്ച് വളരെ വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും വിജിയെ കണ്ടു.

അവൾ നന്നായി തടിച്ചിട്ടുണ്ട്. അല്പം കുടവയറുമുണ്ട്. കൈയിൽ ഒരു കുട്ടിയുമുണ്ട്. കല്യാണം കഴിച്ചു അല്ലേടീ ജാഡപന്നികുമാരീ..!
അവൾ എന്നെ കണ്ടതും ഓടി അടുത്ത് വന്നു.
ഹായ്… രമേശൻ …
ഞാൻ മസില് പിടിച്ചു നിന്നു.
രമേശനെ കണ്ടിട്ട് എത്ര നാളായി.. രമേശൻ ഇപ്പോൾ എന്ത് ചെയ്യുന്നു… കണ്ടതിൽ വല്യ സന്തോഷമുണ്ട് കേട്ടോ… ഇതെന്റെ മോളാ..പേരു മിന്നു… അല്ലാ.. എന്താ രമേശൻ ഒന്നും മിണ്ടാത്തേ…?
ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി പുച്ഛത്തോടെ ചിറി കോട്ടി. എന്നിട്ട് ഒന്ന് തുമിച്ച് ധൃതിയിൽ തിരിഞ്ഞ് നടന്നു.
ആണുങ്ങൾക്ക് മുണ്ടടീ ജാഡ …! നീയൊക്കെ മിണ്ടാൻ വരുമ്പോൾ ഞങ്ങൾക്കും പുച്ഛിച്ച് ചിറി കോട്ടാനറിയാം.

അന്ന് നിനക്കെന്നോട് പുച്ഛം.. ഇന്ന് എനിക്ക് നിന്നോട് പുച്ഛം..
ഇതാണ് ഞാൻ നിനക്ക് വർഷങ്ങളായി കാത്ത് വച്ചിരുന്ന സമ്മാനം.എൻ്റെ നെഞ്ചിലെ കല്ലിറങ്ങി. എനിക്കിനി സന്തോഷത്തോടെ ചാകാം. മനസിലൊരായിരം മന്ദഹാസങ്ങളുമായി രമേശൻ നടന്നു നീങ്ങി.

ശിവൻ മണ്ണയം

By ivayana