രചന : ജിബിൽ @ കർണൻ കെ

പണ്ടൊക്കെ രാത്രിയിൽ
കറന്റ് പോയാൽ
പേടിച്ചരണ്ട ഞാൻ
ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിക്കും.

അച്ഛനുടനെ
ഒരു മണ്ണെണ്ണ വിളക്ക് തെളിയിക്കും.

ആ വെളിച്ചത്തിന്റെ
പ്രതിഫലനത്തിൽ
എന്റെ വീടാകെ പ്രകാശഭരിതമാകും
അപ്പോഴൊക്കെ
അച്ഛന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക്
ഞാൻ ആരാധനയോടെ
നോക്കി നിൽക്കും..

അന്നേരം
അടുക്കളയിൽ
തിരക്കിട്ട് പാചകം ചെയ്യുന്ന അമ്മ അടുത്തു വന്നിരുന്നു
അന്നത്തെ വിശേഷങ്ങൾ പങ്കുവെയ്ക്കും.

‘തല തെറിച്ച’യെന്റെ
പെങ്ങൾ കൂടി വന്നാൽ
തൃശൂർ പൂരം നടക്കുന്നത്
ഉത്സവക്കമ്മിറ്റിക്കാർ
എന്റെ വീട്ടിലേക്ക് മാറ്റും…

എന്റെ ചക്കര അമ്മൂമ്മയെക്കുറിച്ചു ഒന്നും പറഞ്ഞില്ലല്ലോ ഞാൻ !
ഓ ! പറയാം.ട്ടൊ.
അമ്മൂമ്മ അപ്പോഴേക്കും
തൊടിയിൽ നിന്ന്
കാലത്ത് പെറുക്കിയെടുത്ത
മൂവാണ്ടൻ മാമ്പഴത്തിന്റെ
വൻശേഖരവുമായി വരും.
തൊണ്ട് ചെത്തി ,
നീളത്തിൽ പൂളി,
ഞങ്ങളെ നിർബന്ധിച്ചു
തീറ്റിക്കാൻ തുടങ്ങും.

അന്നൊക്കെ
ഇച്ചിരി കൂടി വൈകി
കറന്റ് വന്നാൽ മതിയെന്ന്
ഞാൻ ദൈവത്തോട്
മുട്ടിപ്പായി പ്രാർത്ഥിക്കും.

കാരണം
അച്ഛന്റെ നെഞ്ചിൽ
കഥകളുടെ ഖനിയുണ്ട്.
ആ രാത്രിയിൽ
എനിക്കത് മോഷ്ടിക്കേണ്ടതാണ്.
പിന്നെയാർക്കുമറിയാത്ത
മറ്റൊരു രഹസ്യവുമുണ്ട്.

നെറ്റിയിൽ തലോടുന്ന
എന്റെ അമ്മയുടെ വിരൽസ്പർശത്തിനു
എനിക്കേറെ പ്രിയപ്പെട്ട
ജിലേബിയെക്കാൾ മധുരമാണ്.
ഒന്നു സൂക്ഷിച്ചു നോക്കിയാൽ
നിങ്ങൾക്ക് കാണാൻ കഴിയും .

ഒരു മണ്ണെണ്ണ വിളക്കിനു
അപ്പുറവുമിപ്പുറവുമിരുന്നു
ജീവിതം പച്ചയായി ചിരിക്കുന്നത് ?
ഒന്നൂടെ ശ്രദ്ധിച്ചാൽ
സ്വർഗ്ഗത്തിൽ നിന്ന് മാലാഖമാർ
അസൂയയോടെ
എന്റെ വീട്ടിലേക്ക്
ഉറ്റു നോക്കുന്ന കാഴ്‍ച കാണാം.

എന്നാലിന്നിപ്പോൾ
കറന്റ് പോയ നേരം
ഇൻവേർട്ടർ വാങ്ങാൻ ഗതിയില്ലാത്ത
അച്ഛന്റെ പിടിപ്പ് കേടിനെക്കുറിച്ചു മക്കളും
സീരിയൽ മുടങ്ങിയ വിഷമത്തിൽ
മുറുമുറുക്കുന്ന
എന്റെ പെണ്ണിനേയുമാണ് കണ്ടത്…

ഞാനാകട്ടെ,
അച്ഛൻ കൊളുത്തിയ
ആ പഴയ മണ്ണെണ്ണ വിളക്ക്
എവിടെ നിന്ന് വാങ്ങാൻ കിട്ടുമെന്ന
കടുത്ത ആലോചനയിലാണ്..

By ivayana