ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അന്നമില്ലാത്തവന് ഉന്നം പിഴക്കും. അത്താഴ പഷ്ണിക്കാരില്ല എന്നുറപ്പിച്ചു മാത്രം വാതിലുകളടച്ചിരുന്ന പഴമയുടെ നഷ്ടമായ സംസ്കാരം. നുണ പറയുന്നവനെന്ത് നീതി ശാസ്ത്രം. അക്ഷരവൈരികൾ അവാർഡ് നിശ്ചയിക്കുമ്പോൾ സൃഷ്ടികളുടെ നിലവാരത്തിനെവിടെ പ്രസക്തി. നിർധനനെ ധനതത്വ ശാസ്ത്രം പഠിപ്പിക്കുന്ന വ്യവസ്ഥിതി. സൈക്കിളുള്ളവനോട് ബെൻസിന്റെ എൻജിൻ മാഹാത്മ്യം വിളമ്പുന്ന വീമ്പുകാർ.

ചന്ദ്രൻ അസ്തമിക്കാത്തവളുടെ വിയർപ്പിന് വില പറയുന്നവർക്ക് ജാതിയില്ല , മതമില്ലാ.. എന്തിന്, നിറ വ്യത്യാസം പോലുമില്ല. ചുട്ടുപൊള്ളുന്ന തീക്കനലിന് മുകളിലൂടെന്നപോൽ ജീവിതം തള്ളിനീക്കുന്നവളുടെ നീതിബോധം –അവളുടെ പേര് രണ്ടക്ഷരത്തിൽ ഒതുക്കാൻ ആർ ക്കാണ് യോഗ്യത–

ആശ്ലേഷിച്ചു, മുത്തം കൊടുത്ത് സ്നേഹപ്രകടനം നടത്തിയവരൊക്കെ അദൃശ്യമായ അതിർ വരമ്പുകളാൽ അകന്ന് നിൽക്കുന്നു. വാളിനും വാക്കത്തിക്കും മുന്നിൽ നെഞ്ചു വിരിച്ച ‘പാവങ്ങൾ’, വെറും 0.85 ആട്ടോഗ്രാം മാത്രം ഭാരമുള്ള ബാക്ടീരിയക്ക് മുന്നിൽ അടിപതറിയില്ലേ… !

പണ്ട് അമ്പലമുറ്റത്തും, പള്ളിമുറ്റത്തും കാഷ്ടിച്ച അതേ കാക്ക ഇന്നും പതിവ് മുടക്കാതെ സംഗതി അവിടെതന്നെ സാധിച്ചിട്ടും മത വികാരം വ്രണിതമായെന്ന ആശങ്കകളില്ല. അയൽ വാസിയുടെ അതിർത്തി ചുരണ്ടാൻ ഇന്ന് മിനക്കെടാത്ത പാവം മനുഷ്യരായോ നമ്മൾ.. !

പെൺകുട്ടികൾക്ക് കൊറോണയുടെ പേര് പറഞ്ഞു ഇരപിടിയൻ കഴുകന്മാരെ ഭയപെടുത്താം.

എന്നാൽ സ്വയം ജനസേവകരായി അവരോധിച്ചവരോ.. പരസ്പരം അധിക്ഷേപിക്കലിലും, ആക്രോശങ്ങളിലും വ്യാപൃതരാണ്. കൊറോണയല്ല അവരുടെ പ്രശ്നം. അത് കഴിഞ്ഞും തൊഴിൽ നിലനിർത്തണമല്ലോ. ‘നാടിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പാവങ്ങളോ അവർ..?’

“ദൈവത്തിനു കഴിയാതെ വന്നപ്പോൾ വൈറസിനെ അയച്ചതുപോലായി കാര്യങ്ങൾ”

(ബിനു സുരേന്ദ്രൻ )

By ivayana