സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി സേനാനികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലായ യർവാദാ സെൻട്രൽ ജയിൽ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ജയില്‍ ടൂറിസത്തിന്‍റെ പേരിലാണ്. സഞ്ചാരികള്‍ക്കായി ജയിലിന്റെ വാതിലുകള്‍ തുറന്നു നല്കുന്ന ജയില്‍ ടൂറിസം തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്.
മഹാരാഷ്ട്രയില്‍ പൂനയ്ക്ക് സമീപമാണ് യെർവാഡ ജയിൽ സ്ഥിതി ചെയ്യുന്നത്. ഭാരതീയ ചരിത്രത്തിലെ പല സുപ്രധാന സംഭവങ്ങള്‍ക്കും സാക്ഷിയായ ഈ ജയില്‍ 1871 ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മ്മിക്കുന്നത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ യെർവാഡ ജയിൽ 512 ഏക്കര്‍ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ഏകദേശം അയ്യായിരത്തോളം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന യേര്‍വാഡാ ജയില്‍ കനത്ത സുരക്ഷയ്ക്കും പ്രസിദ്ധമാണ്.
150 വര്‍ഷം പഴക്കമുള്ള യേര്‍വാഡ ജയിലിന്റെ ചരിത്രത്തില്‍ സംഭവബഹുലമായ പല അധ്യായങ്ങളും കാണാം. അവയില്‍ മിക്കവയും ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ചേര്‍ന്നു നില്‍ക്കുന്നവ കൂടിയാണ്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, നേതാജി സുഭാഷ് ബോസ്, ജോചിം അൽവ, ബാല ഗംഗാധർ തിലക്, ഭുരാലാൽ രഞ്ചോദാസ് ഷെത്ത് എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ ഈ ജയിലിൽ പാർപ്പിച്ചിരുന്നു.1924 ൽ വിനായക് ദാമോദർ സവർക്കറിനെയും ഈ ജയിലിൽ അടച്ചിരുന്നു സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി വർഷങ്ങളോളം യെർവാഡ ജയിലിൽ ചെലവഴിച്ചു, പ്രത്യേകിച്ച് 1932 ലും പിന്നീട് 1942 ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലും മറ്റ് നിരവധി സ്വാതന്ത്ര്യസമര സേനാനികളോടൊപ്പവും ഗാന്ധിജി ഇവിടെയുണ്ടായിരുന്നു. 1932 സെപ്റ്റംബർ 24 നു പൂനെ കരാറിൽ ഈ ജയിലിലെ വച്ചാണ് മഹാത്മാ ഗാന്ധി ഒപ്പുവച്ചത്. 1975-77 ലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ എതിരാളികളെയും ഇവിടെ തടവില്‍ പാര്‍പ്പിച്ചിരുന്നു. മുന്‍ ആര്‍എസ്എസ് മേധാവി ബാലസാഹേബ് ദിയോറസിയെയും ഇവിടെ തടവിലാക്കിയിട്ടുണ്ട്.
യർവാദാ സെൻട്രൽ ജയിലിന്റെ തന്നെ ഭാഗമാണ് യേര്‍വാഡ ഓപ്പണ്‍ ജയില്‍. സെന്‍ട്രല്‍ ജയിലിനു ഉള്ളില്‍ തന്നനയാണ് ഈ ഓപ്പണ്‍ ജയിലുള്ളത്. സെന്‍ട്രല്‍ ജയിലില്‍ അഞ്ച് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് ഓപ്പണ്‍ ജയിലില്‍ പാർപ്പിക്കുന്നത്. സാധാരണ തരത്തിലുള്ള സുരക്ഷയിലാണ് ഇവരെ താമസിപ്പിക്കുന്നത്. ജയില്‍ സെല്ലിലല്ല താമസമെന്ന പ്രത്യേകതയുമുണ്ട്. ഏകദേശം 150 തടവുകാരാണ് ഇവിടെയുള്ളത്.
2021 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സര്‍ക്കാര്‍ ഇവിടുത്തെ ജയില്‍ ടൂറിസം ഉദ്ഘാടനം ചെയ്തത്. ആദ്യം, പൂനെയിലെ യെർവാഡ ജയിൽ വിനോദസഞ്ചാരത്തിനായി പൊതുജനങ്ങൾക്കായി തുറക്കും. രണ്ടാം ഘട്ടത്തിൽ നാഗ്പൂർ, താനെ, രത്‌നഗിരി എന്നിവിടങ്ങളിൽ ജയിലുകൾ തുറക്കും. വിദ്യാർത്ഥികൾക്കും പൗരന്മാർക്കും ചരിത്ര പണ്ഡിതന്മാർക്കും ഒരു പുതിയ അനുഭവമായിരിക്കും ഈ ജയില്‍ ടൂറിസം നല്കുക.
ചരിത്രത്തിന്റെ ഭാഗമായി മാറിയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇടമായതിനാല്‍ അതിന്റെ പ്രത്യേകത ഈ ഇടത്തിനുണ്ട്. ജയിൽ ടൂറിസത്തിന്റെ ഭാഗമായി സന്ദർശകർക്ക് ഗാന്ധി, തിലക് എന്നിവരുടെ പേരിലുള്ള യെരവാഡ ജയിലിലെ ചരിത്രപരമായ രണ്ട് വരാന്തകളും ഗ്രൂപ്പ് സെല്ലുകളും കാണാം. ഇവിടെ തടവുകാരെ പാര്‍പ്പിച്ചിട്ടില്ല. വധശിക്ഷ നടപ്പാക്കുന്ന ഫസി മുറ്റവും സഞ്ചാരികൾക്ക് കാണാൻ കഴിയും. 26/11 ആക്രമണത്തിന് ശിക്ഷിക്കപ്പെട്ട അജ്മൽ കസബിനെ തൂക്കിലേറ്റിയ സ്ഥലമാണിത്. അദ്ദേഹത്തെ ജയിൽ വളപ്പിനുള്ളിൽ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്.
സ്കൂൾ, കോളേജ് അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഓർഗനൈസേഷൻ ഗ്രൂപ്പുകൾക്ക് ഒരാഴ്ച മുമ്പേ യെരവാഡ ജയിൽ സൂപ്രണ്ടിന് ഒരു അപേക്ഷ അയച്ചുകൊണ്ട് ഈ ജയിൽ സന്ദർശിക്കാം.ജയിൽ സന്ദർശനത്തിനായി മഹാരാഷ്ട്ര സർക്കാർ ഒരു ചെറിയ നിരക്ക് ഈടാക്കും. സ്കൂൾ വിദ്യാർത്ഥികൾ 5 രൂപ, കോളേജ് വിദ്യാർത്ഥിക്ക്10 രൂപ , പൊതു വിനോദ സഞ്ചാരികൾക്ക് 50 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി കാരണം പ്രതിദിനം 50 സഞ്ചാരികൾക്ക് മാത്രമേ ഈ ജയിൽ സന്ദർശിക്കാൻ കഴിയൂ.ടൂറിസ്റ്റ് ഗൈഡ് സർക്കാർ നൽകും. സന്ദര്‍ശകര്‍ ആധാർ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഐഡി കാർഡുകൾ കൈവശം വയ്ക്കണം. ബാഗ് , ഭക്ഷണപദാർത്ഥങ്ങൾ, വാട്ടർ ബോട്ടിലുകൾ, മൊബൈൽ, ക്യാമറകൾ എന്നിവ ജയിലിനുള്ളിൽ അനുവദിക്കില്ല. അഭികാമ്യമല്ലാത്ത വ്യക്തികളുടെ സന്ദര്‍ശനം നിരസിക്കാൻ ജയിൽ വകുപ്പിന് അധികാരമുണ്ട്.