Aravindan Panikkassery
1717- മുതൽ 1732- വരെ ഢച്ചുകാരുടെ പള്ളി അധികാരിയായി പ്രവർത്തിച്ച ജേക്കബ്ബ് കാന്റർ വിഷർ എന്ന പാതിരി, മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്ന് തന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ‘വില്യം ഫോർട്ട് ‘ സ്ഥിതി ചെയ്ത മണ്ണിലാണ് നിൽക്കുന്നത്. കളിമ്പം മാറാത്ത കൗമാരത്തിൽ കൂട്ടുകാരൊന്നിച്ച് ‘ടിപ്പുവിന്റെ കോട്ട’കാണാൻ വന്നതോർമ്മയുണ്ട്.
സഹപാഠിയായ നിർമ്മലന്റെ വീട് കോട്ടയുടെ അയൽപക്കത്താണ്. കോട്ടയ്ക്കുള്ളിലെ അത്ഭുത രഹസ്യങ്ങൾ നിർമ്മലന്റെ കൊതിപ്പിക്കുന്ന വിവരണത്തിലൂടെയാണ് ഉൾക്കൊണ്ടത്. കുറുക്കന്മാരുടെ താവളമായിരുന്നു അന്ന് വില്യം ഫോർട്ട്. ഇടിഞ്ഞ് പൊളിഞ്ഞ് ജീർണ്ണ പ്രായമെങ്കിലും, വെട്ടുകല്ലിൽ പണിതീർത്ത കനത്ത മതിലുകൾ ചൂഴുന്ന മഹാചത്വരത്തിന്റെ അവശിഷ്ടങ്ങൾ അങ്ങിങ്ങ് ചിതറിക്കിടന്നു. അവഗണിക്കപ്പെട്ട ഈ ചരിത്ര സ്മാരകം ദീർഘകാലം മലിനജലം കെട്ടിക്കിടക്കുന്ന നീർച്ചാലിനാൽ ചുറ്റപ്പെട്ട് ഒരു മൺതുരുത്തായി അവശേഷിച്ചു. കോട്ടയിൽ മരാമത്ത് പണികൾ നടക്കുന്നുവെന്ന് കേട്ടാണ് അന്ന് ചെന്നത്.
ചുറ്റുമുള്ള കിടങ്ങിന്റെ തിണ്ടുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയത് കണ്ടു.കോട്ടയിലേക്കു് പ്രവേശിക്കുവാനുളള നടപ്പാതയുടെ നിർമ്മാണം നടക്കുന്നു. പുരാവസ്തു വകുപ്പും ആർക്കിയോളജി വിഭാഗവും ചേർന്നാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അറിയാൻ കഴിഞ്ഞു. 1503-ൽ കോഴിക്കോടും കൊച്ചിയും തമ്മിൽ ചേറ്റുവായിൽ വെച്ച് ഘോരമായ ഒരു യുദ്ധമുണ്ടായതായി രേഖകളിൽ കാണുന്നു.
കൊച്ചിരാജാവിന്റെ ഒരു മേനവന് കൈക്കൂലി കൊടുത്ത് വശീകരിച്ചിട്ടാണ് സാമൂതിരിയ്ക്ക് കടവ് കടക്കുവാൻ സാധിച്ചതത്രെ.സാമൂതിരിയുടെ സൈന്യങ്ങളെ ചേറ്റുവാക്കടവിൽ തടയുവാനായി കൊച്ചി രാജാവ് തന്റെ മരുമകനായ നാരായണൻ എന്ന വീരസേനാനിയുടെ കീഴിൽ വലിയൊരു സൈന്യത്തെ ചേറ്റുവായിലേയ്ക്കയച്ചു. ‘കേരളപ്പഴമ’യിൽ അതിങ്ങനെ വിവരിക്കുന്നു: 1503 ഏപ്രിൽ, കടവു് കടപ്പാനായിക്കൊണ്ട് പോർ തുടങ്ങി. പലരും മരിച്ചാറെ, ആവതില്ല എന്ന് കണ്ട് മറ്റെ ദിക്കിൽ നാശങ്ങൾ ചെയ്യിച്ച് നാരായണനെ ഇളക്കിയതുമില്ല.
അപ്പോൾ ഒരു ബ്രാഹ്മണൻ കൊച്ചിക്ക് വന്ന് പെരുമ്പടപ്പിന്റെ ചേകവർക്ക് ചെലവ് കൊടുക്കുന്ന ഒരു മേനവനെ കണ്ട് കൈക്കൂലി കൊടുത്തു. അവന് ദീനമുണ്ട് എന്ന വ്യാജം പറഞ്ഞ് നെല്ലും യാവനയും അയയ്ക്കായ്കകൊണ്ട് നായന്മാർ വിശപ്പ് സഹിയാഞ്ഞ് നാരായണനെ ചെന്ന് കണ്ട്, ഞങ്ങൾക്ക് തെക്ക് പോയി മേനവനോട് വൃത്തി ചോദിക്കുന്നതിന് ഒരു രാത്രി കൽപ്പന തരണേ എന്ന് യായിച്ച് പുറപ്പെട്ടു.മേനവൻ കൗശലം പറഞ്ഞ് അവരെ നട്ടുച്ചയോളം താമസിപ്പിക്കുകയും ചെയ്തു.അന്ന് സാമൂതിരി കരവഴിയായും കടൽ വഴിയായും എതിരിട്ട് കടവ് കടന്നു.നാരായണൻ അമ്പുമാരിയിൽ പെട്ടു പോവുകയും ചെയ്തു.”വൈദേശികാക്രമണങ്ങൾക്കും ആഭ്യന്തര കലഹങ്ങൾക്കും നാട്ടുരാജാക്കന്മാരുടെ കുടിപ്പകകൾക്കും സാക്ഷ്യം വഹിച്ച മണ്ണാണ്.
തകർത്തെറിയലുകളുടെ ഒരു പരമ്പര തന്നെ ഇവിടെ അരങ്ങേറിയിട്ടുണ്ട്.ചേറ്റുവ സാമൂതിരിയുടെ അധീനതയിലായിരിക്കുമ്പോഴാണ് 1625-ൽ പറങ്കികൾ കൊടുങ്ങല്ലൂരിൽ കോട്ട പണിയുന്നന്നത്.ചേറ്റുവാ മണപ്പുറത്തു കൂടി സാമൂതിരി കൊച്ചിയെ ആക്രമിക്കുന്നത് തടയുവാനെന്ന വ്യജേനയായിരുന്നു കോട്ടയുടെ സ്ഥാപനം. 1528-ൽ പോർട്ടുഗീസുകാരുടെ കപ്പൽവ്യൂഹം ചേറ്റുവാ തുറമുഖത്തുണ്ടായിരുന്ന സാമൂതിരിയുടെ നൗകകള ആക്രമിച്ചു.ഐതഹ്യത്തെ അവഗണിച്ച് ചരിത്ര രേഖകളെ ആശ്രയിക്കുമ്പോൾ, മുസിരിസ്സിനെപ്പോലെ പ്രസിദ്ധിയാർജ്ജിച്ച തുറമുഖ നഗരമായിരുന്നു ചേറ്റുവ എന്ന് കാണാം.
കൊടുങ്ങല്ലൂരിൽ നിന്ന് വടക്കോട്ട് 41 കിലോമീറ്റർ നീളത്തിൽ കടലിനും കായലിനും മദ്ധ്യേ നീണ്ട് കിടക്കുന്ന പ്രദേശം. സെന്റ് തോമസ് പ്രാർത്ഥന നടത്തിയതെന്ന് വിശ്വസിക്കുന്ന പാലയൂർ ക്രിസ്ത്യൻ പള്ളിയിലേക്ക് ചേറ്റുവാ കടവിൽ നിന്ന് ആറ് കിലോമീറ്റർ ദൂരമേയുള്ളൂ.കൊച്ചി രാജാവിന്റെ സഹായത്തോടെ ഢച്ചുകാർ 1714-ലാണ് ചേറ്റുവാ അഴിമുഖത്തിനടുത്ത് കോട്ടയുടെ പണി ആരംഭിക്കുന്നത്. കോട്ട കൈവശപ്പെടുത്താൻ സാമൂതിരിയുടെ ഭാഗത്ത് നിന്ന് ശ്രമം നടന്നു.കൊച്ചി രാജാവിന്റെ രാഷ്ട്രീയതന്ത്രങ്ങളുടെ കേന്ദ്രമായി കോട്ട മാറുമെന്ന് ഭയന്ന സാമൂതിരി ബ്രിട്ടീഷ് കമ്പനി മേധാവിയായ ആഢംസിനെ കണ്ട് സഹായമഭ്യർത്ഥിച്ചു.കോട്ടപിടിയ്ക്കുവാൻ സാമൂതിരി കൈക്കൊണ്ട ഗൂഢതന്ത്രത്തെ ഹാമിൽട്ടൻ ഇങ്ങനെ വിവരിക്കുന്നു:ചേറുവായ്ക്കടുത്ത് ഒരു അർദ്ധരാത്രിയിൽ ആയിരം പടയാളികളുമായി സാമൂതിരി കപ്പലിറങ്ങി.
ഏതാനും ചാവേർ പടയാളികളെ കൂലിക്കാരുടെ വേഷത്തിൽ കോട്ടയുടെ പണി നടക്കുന്നയിടത്തേക്ക് അയച്ചു.രണ്ട് കപ്പിത്താന്മാരുടെ നേതൃത്വത്തിൽ കോട്ടയുടെ പണി പൂർത്തിയായി വരികയായിരുന്നു. വേഷപ്രച്ഛന്നരായ പടയാളികൾ കോട്ടയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വ്യാപൃതരായി.കോട്ടയുടെ വാതിൽക്കൽ പൊരിഞ്ഞ യുദ്ധമാണ് പിന്നെ നടന്നത്. കോട്ട തകർത്ത് ബ്രിട്ടീഷ് പതാക നാട്ടി. എന്നാൽ ഡച്ചുകാർ കോട്ട തിരിച്ച് പിടിച്ചു. 1717 ഏപ്രിൽ 19-ാം തിയതിയാണ് ഡച്ച് കമ്പനി ചേറ്റുവായുടെ ഉടമാവകാശം ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് ഔപചാരികമായി ഏറ്റെടുത്ത് പുതുക്കിപ്പണിതത്. വില്യം ഫോർട്ട് എന്ന് നാമകരണവും ചെയ്തു. 1756-ൽ സാമൂതിരി വീണ്ടും ചേറ്റുവ ആക്രമിച്ച് കോട്ട കൈവശപ്പെടുക്കാൻ ശ്രമിച്ചുവെങ്കിലും വലിയൊരു സൈന്യത്തിന്റെ പിൻബലത്തിൽ തിരിച്ച് വന്ന ഢച്ചുകാരെ സഹായിക്കാൻ കൊച്ചിയും തിരുവിതാംകൂറും തിരുമാനിച്ചതോടെ, സാമൂതിരി പിൻവാങ്ങി.
യുദ്ധത്തിന് നേതൃത്വം വഹിച്ച കൊച്ചി ഇളയ തമ്പുരാനും പാലിയത്തച്ഛനും അറിയാതെ അതീവ രഹസ്യമായി സാമൂതിരിയുടെ ദൂതൻ ഡച്ച് ഗവർണ്ണറെ കണ്ട് ധാരണയിലെത്തി. 1757- ജനുവരി 22 ന് സൗഹാർദ്ദ കരാർ നിലവിൽ വന്നു. എന്നാൽ കൊടുങ്കാറ്റുപോലെ വീശിയടിച്ച ഹൈദറുടെയും ടിപ്പു സുൽത്താന്റെയും ആക്രമണവീര്യത്തെ അതിജീവിക്കാൻ സാമൂതിരിക്കോ ഢച്ച് സൈന്യത്തിനോ കഴിഞ്ഞില്ല. ചേറ്റുവാ മൈസൂരിന്റെ അധീനതയിലായി.1790-ൽ കേണൽ ഹാർട്ടിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം ചേറ്റവാമണപ്പുറം ടിപ്പു സുൽത്താനിൽ നിന്ന് പിടിച്ചെടുത്തു.മലബാർ പ്രദേശം പിന്നീട് മൈസൂർ സുൽത്താനിൽ നിന്ന് വിമോചനം നേടിയപ്പോൾ കൊച്ചി രാജാവും സാമൂതിരിയും ചേറുവാ മണപ്പുറത്തിനായി അവകാശവാദമുന്നയിച്ചു.
സാമൂതിരിയുടെ ആവശ്യം നിരസിച്ച് 1791-ൽ, വർഷം 40000 – ക പാട്ടത്തിന് പത്ത് കൊല്ലത്തേയ്ക്ക് ചേറ്റുവാപ്രദേശം കൊച്ചി രാജാവിന് കൈമാറാൻ ബ്രിട്ടീഷ് കമ്പനി തീരുമാനിച്ചു. ബ്രിട്ടീഷ് ആധിപത്യം അവസാനിക്കും വരെയുള്ള ചേറ്റുവയുടെ ചരിത്രം ഇങ്ങനെയാണ്.കാലം കുഴിച്ച്മൂടിയ ചരിത്ര സ്മാരകത്തിനരികെ നിൽക്കുമ്പോൾ കടമ്മനിട്ടയുടെ കണ്ണൂർ കോട്ട എന്ന കവിത കാതിൽ ഇരമ്പും .അദ്ധ്വാനത്തിന്റെ ചെങ്കല്ലുകൾ പടുത്തുയർത്തിയ ഇതിനുള്ളിൽ ചരിത്രങ്ങൾ തിരുത്തുകയും, ആവർത്തിക്കുകയുംആരചിക്കുകയുംചെയ്തിരിക്കണം.അടിമത്തത്തിന്റെയും അച്ചടക്കത്തിന്റെയുംകറുത്ത ചങ്ങലകൾ വലിഞ്ഞ് മുറുകിയിരിക്കണം.അടിച്ചമർത്തലിന്റെ ചാട്ടവാറുകൾചീറിപ്പുളഞ്ഞിരിക്കണം.
അസ്ഥിപഞ്ജരങ്ങൾ കൊത്തളങ്ങളിലെ ഒതുക്കു കല്ലുകൾക്കിടയിൽ അമർന്നിരിക്കണംകഠാരകളും, കരവാളങ്ങളുംപാവം മനുഷ്യരുടെ നല്ല ചോരആവോളം കുടിച്ച് മദിച്ചിരിക്കണംപടക്കുതിരകളുടെ കുളമ്പുകക്കിടയിൽ നിർദ്ദോഷികളുടെ നിലവിളികൾ ചതഞ്ഞരഞ്ഞിരിക്കണംവിഡ്ഢികൾ വിജയാഘോഷം കൊണ്ടാടിയിരിക്കണംമനുഷ്യൻ മനംനൊന്ത് ദു:ഖിച്ചിരിക്കണംനിസ്സംഗമായ മരണത്തിൽ എല്ലാം മറന്ന് പോയിരിക്കണം…മഹാശിലാകാലം മുതൽക്കേ മനുഷ്യ വാസത്തിന്റെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള ചേറ്റുവാ മണപ്പുറം, പൊതുവർഷാരംഭം മുതൽ വിദേശ സഞ്ചാരികളുടെ വിവരണങ്ങളിൽ പരാമർശിക്കപ്പെട്ടു പോന്നിട്ടുളള പ്രദേശമാണ്. അഞ്ചര ഏക്കർ വിസ്തീർണ്ണമുള്ള കോട്ടയുടെ ഓരം കരിങ്കൽ പാകി ബലപ്പെടുത്തിയിരിക്കുന്നു.
കിടങ്ങിനെ കരയോട് ബന്ധിപ്പിക്കുന്ന നടപ്പാതയുടെ പണി പൂർത്തിയായി.കിടങ്ങിന്റെ അറ്റകുറ്റപ്പണികളും കോട്ടയെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നറോഡിന്റെ ടാറിങ്ങും കഴിഞ്ഞു. ഇതിനെല്ലാം മേൽനോട്ടം വഹിച്ച സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഢന്റ് ജ്യോതിലാലിനൊപ്പമാണ് ഇന്ന് വീണ്ടും കോട്ട സന്ദർശിച്ചത്. കോട്ടയുടെ പുനരുദ്ധാന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയായതിന്റെ ആഹ്ലാദത്തിലായിരുന്നു സമീപവാസികൾ. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയ കോട്ട ബഹു. തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പിള്ളി രാമചന്ദ്രൻ ഇന്ന് പൈതൃക സംരക്ഷണ സമിതിക്ക് കൈമാറി.
ചളിയും മൺതിട്ടകളും നീക്കം ചെയ്ത് വൃത്തിയാക്കിയ കിടങ്ങിൽ ചെറുയാനങ്ങളിൽ സഞ്ചരിച്ച്, പ്രകൃതിഭംഗി ആസ്വദിദിക്കാനുളള അവസരം ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. ചരിത്രകുതുകികൾക്കൊപ്പം വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന വിധത്തിൽ നിയന്ത്രിത പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ. അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ക്ഷണിതാക്കളായിരുന്നു. പുരാവസ്തു വകുപ്പ് ഢയറക്ടർ ശ്രീ. ഇ.ദിനേശൻ സ്വാഗതപ്രസംഗത്തിൽ, ചേറ്റുവ കോട്ടയുടെ നാളിതു വരെയുളള പുനരുദ്ധാരണ പ്രവർത്തനങ്ങളെക്കുറിച്ച് സവിസ്തരം പരാമർശിച്ചു .സുർക്കി -കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലിൽ പണിത കിടങ്ങുകളുടെ ഏതാനും ഭാഗങ്ങൾ ഇന്നും കേടുകൂടാതെ കോട്ടയിൽ അവശേഷിക്കുന്നുണ്ട്.
കടലിലെ ഏറ്റിറക്കങ്ങൾ പ്രതിഫലിക്കുന്ന കിടങ്ങിനോട് ചേർന്ന്, ചതുരാകൃതിയിൽ കെട്ടിയുയർത്തിയ ‘മണിക്കിണ’റിൽ ഇപ്പോഴും ശുദ്ധജലം ലഭ്യമാണ്. ധാരാളം ഔഷധസസ്യങ്ങൾ ഉണ്ടായിരുന്ന സ്ഥലമാണ് കോട്ടയും പരിസരവും. വിവാഹങ്ങൾക്കും മറ്റും പന്തൽ അലങ്കരിക്കാൻ ഈന്തൽ ശേഖരിച്ചിരുന്നത് ഇവിടുന്നാണ്. മഴക്കാലത്ത് പാഴ്ച്ചെടികൾ വളർന്ന് കാട് മൂടുന്ന വളക്കൂറുളള മണ്ണിൽ ഔഷധ സസ്യങ്ങളുടെ ഒരുദ്ധ്യാനം വളർക്കിയെടുക്കണം. ദൂരദേശങ്ങളിൽ നിന്നെത്തുന്ന സന്ദർശകരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് വൃത്തിയുള്ള ശുചിമുറികളും ലഘു ഭക്ഷണശാലകളും ഏർപ്പെടുത്തണം.
കോട്ടയുടെ പോയ കാല പ്രതാപം വിളിച്ചറിയിക്കുന്ന ചരിത്ര മ്യൂസിയവും ഗ്രസ്ഥാലയും സ്ഥാപിക്കണം. ഒരു കാലത്ത്പേര് കേട്ട തുറമുഖമായിരുന്ന ചേറ്റുവ മുസിരീസ് പൈതൃക നഗരി മാതൃകയിൽ ലോക ശ്രദ്ധയാകർഷിക്കുവാൻ ഇടയാക്കണം.