രചന : സുനു വിജയൻ

ഹലോ… ഇത് മിസ്റ്റർ ഗോപു അല്ലേ അതേ ഗോപു ആണ് പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്‌. താങ്കളുടെ പേരിൽ ഒരു സമൻസ് ഉണ്ട് വന്നു കൈപ്പറ്റുക. സമൻസോ !!!എനിക്കോ? ഞാൻ ആകെ അമ്പരന്നു ചോദിച്ചു. അതേ ഒരു പെറ്റി കേസ് ആണ്.

കോടതിയിൽ പോയി ഫൈൻ അടച്ചാൽ മതി. കോറോണയും ആയി ബന്ധപ്പെട്ടതാണ്. ഇത്രയും പറഞ്ഞ് വിളിച്ച പോലീസുകാരൻ ഫോൺ കട്ട് ചെയ്തു. ഓഫീസിൽ ജോലി തിരക്കിനിടയിൽ ആയിരുന്നു ഞാൻ ഫോൺ വിളി വന്നപ്പോൾ ആകെ വല്ലാതായി. എന്റെ പേരിൽ ഒരു സമൻസ് വന്നു എന്നു കേട്ടപ്പോൾ ഒരസ്വസ്ഥത. എന്നാലും ഇതെങ്ങനെ വന്നു. എനിക്ക് എത്ര ആലോചിച്ചിട്ടും കാര്യം പിടികിട്ടിയില്ല. എന്തായാലും കയ്യോടെ സമൻസ് കൈപ്പറ്റുക തന്നെ. ഉച്ച കഴിഞ്ഞു ഓഫീസിൽ നിന്നും അല്പം നേരത്തെ പോലീസ് സ്റ്റേഷനിൽ എത്തി.

ജനമൈത്രി പോലീസ് സ്റ്റേഷനിൽ വാതുക്കൽ റോസ് റിബൺ കൊണ്ട് കെട്ടിയ കൊറോണയുടെ പ്രതിരോധ വലയത്തിന് അപ്പുറം ചന്ദനക്കുറി തൊട്ട പോലീസുകാരി എന്നോട് ഗൗരവത്തിൽ ചോദിച്ചു. എന്താ കാര്യം ?ഞാൻ ഗോപു.. എന്റെ പേരിൽ ഒരു സമൻസ് ഉണ്ടെന്ന് ഇവിടെനിന്നും വിളിച്ചു പറഞ്ഞു… മുഴുവൻ പേര് പറയൂ.. വാതുക്കൽ കിടന്ന തടിമേശയുടെ ഡ്രോ തുറന്നു സമൻസുകളുടെ ഒരു കെട്ടു പുറത്തെടുത്തു ചന്ദനകുറിതൊട്ട ജനമന്ത്രി പോലുസുകാരി എന്റെ പേര് കെട്ടിൽ പരതി. മേശയുടെ അടുത്തു നിന്ന എന്നെ ഒരു കുറ്റവാളിയെപോലെ കടുപ്പിച്ചു നോക്കി അവർ പറഞ്ഞു. പുറത്തേക്കു ഇറങ്ങി നിൽക്കൂ.

കുറേ നേരം സമൻസുകളിൽ കൂടി ഉഉളിയിട്ടു നോക്കിയിട്ട് അവർ വീണ്ടും ചോദിച്ചു പേര് എന്താണെന്ന പറഞ്ഞെ.. ഞാൻ മുഴുവൻ പേര് സ്പെല്ലിങ് അടക്കം പറഞ്ഞു… അവർ അക്ഷമയോടെ വീണ്ടും തപ്പാൻ തുടങ്ങി. അപ്പോഴാണ് സ്റ്റേഷനിലെ റൈറ്റർ അതുവഴി വന്നത്.. എന്താ കാര്യം അയാളുടെ ചോദ്യത്തിനും ഗൗരവം തീരെ കുറവല്ല.. ഞാൻ വീണ്ടും കാര്യം പറഞ്ഞു. പോലീസുകാരിയിൽ നിന്നും സമൻസ് കെട്ടു വാങ്ങി ഒരു മിനിട്ടിനുളിൽ അയാൾ എന്റെ സമൻസ് എടുത്തു തന്നിട്ട് പറഞ്ഞു. 29ആം തീയതി കോടതിയിൽ ഹാജരായി ഫൈൻ അടക്കണം.

കോവിഡ് മാനദണ്ഡം പാലിക്കാത്തതിന്റെ പേരിലുള്ള പെറ്റി കേസ് ആണ്. ഒപ്പിട്ടു ഞാൻ സമൻസ് കൈപറ്റി. ജീവിതത്തിൽ ആദ്യമായി ഒരു സമൻസ് കൈപറ്റിയപ്പോൾ ഞാൻ ഒരു കുറ്റവാളി ആയ കുറ്റബോധം മനസ്സിൽ കുടുങ്ങി. സമൻസിലേക്കു നോക്കിയ എനിക്കൊന്നും പിടികിട്ടിയില്ല. അതിൽ കുറേ നമ്പറുകൾ, ഹാജരാകേണ്ട കോടതിയുടെ പേരും, ഡേറ്റും കണ്ടു.. അതു നാളെയാണ്. നാളെ കോടതിയിൽ എത്തേണ്ട സമൻസ് ഇന്നാണോ തരുന്നത്.. ഞാൻ ചോദിക്കാൻ ജനമൈത്രി പോലീസുകാരിയെ നോക്കി.. അവർ ഫോണിൽ ഏതോ പ്രതിയോട് മറ്റൊരു സമൻസുകാര്യം പറയുന്നു. സ്റ്റേഷന് മുൻപിൽ സോപ്പും വെള്ളമില്ലാത്ത ഒരു ബക്കറ്റും ഇരിക്കുന്നു.

അതിനടുത്തു കറുത്ത ചുരിദാറിൽ ഒരു പതിനെട്ടു കാരിയും മുടി നീട്ടിവളർത്തി വലത്തേ കാതിൽ മുകളിൽ നിന്നും താഴോട്ട് ഒരഞ്ചാറു കമ്മൽ ഇട്ട ഒരു ഫ്രീക്കൻ ചെറുക്കനും. കഷ്ടിച്ച് അവനു ഇരുപത്തി ഒന്നു വയസ്സ് കാണും. അവനോടു ഒട്ടി നിൽക്കുന്ന കറുത്ത ചുരിദാറിട്ട മെലിഞ്ഞ സുന്ദരി പെൺകുട്ടിയെ നോക്കി അപ്പുറത്തെ ഉരുളൻ തൂണിനു താഴെ കരഞ്ഞുകൊണ്ട് ഒരമ്മയും, വിഷമിച്ചു ഒരച്ഛനും നിൽക്കുന്നു.. അതുങ്ങൾ ഒളിച്ചോടി കല്യാണം കഴിച്ചിട്ട് വന്നു നിൽക്കുവാ.. ആ ചെറുക്കന്റെ ഒരു പടുതി കണ്ടില്ലേ.. കൊറോണ ആയിട്ടും ഒളിച്ചോട്ടത്തിനു ഒരു കുറവും ഇല്ല.. അടുത്തുനിന്ന ആരോ ഒരാൾ എന്നോട് പറഞ്ഞു. ഞാൻ പക്ഷേ സമൻസ് കിട്ടിയ കുറ്റവാളിയുടെ മനസോടെ ഇതെന്തിന് എന്നിനിയും മനസിലാകാതെ വീട്ടിലേക്ക് തിരിച്ചു.. മ്ലാനവദനനായി വീട്ടിൽ കയറിചെന്ന എന്നോട് അമ്മ “എന്തു പറ്റിയെടാ… “ഒരു സമൻസുണ്ട് നാളെ കോടതിയിൽ ഹാജരാകണം.. “ഭഗവാനെ സമൻസോ.. നീ എന്നാ കുറ്റം ചെയ്തിട്ടാടാ.. അയ്യോ.. ഇതെന്താ ഈ കേക്കുന്നെ.. അമ്മക്കു അങ്കലാപ്പ്.. അതറിയില്ല കോറോണയും ആയി ബന്ധപ്പെട്ട എന്തോ ആണ്.. പെറ്റി കേസ് ആണ് ഫൈൻ അടച്ചാൽ മതി.

അതെങ്ങനെ നിനക്ക് വന്നു.. നീ ഒക്കെ നോക്കി ചെയ്യുന്ന ഒരു പരിസ്ഥിതി പ്രവർത്തകനല്ലേ.. ഇതെന്താ ഇതിപ്പം ഇങ്ങനെ വന്നേ.. അമ്മക്കു ആകെ സങ്കടം.. പെട്ടെന്ന് എനിക്കോർമ്മ വന്നു. ഞാൻ അമ്മയോട് പറഞ്ഞു. “കഴിഞ്ഞ മെയ് മാസം നമ്മൾ ആശുപത്രിയിൽ പോയിട്ട് വന്നപ്പോൾ വൈകുനേരം മഴ പെയ്തില്ലേ.. അപ്പോൾ ബസൊന്നും ഇല്ലായിരുന്നല്ലോ, ആ മഴയത്തു നനഞ്ഞു കടത്തിണ്ണയിൽ നിന്ന രണ്ടു ബംഗാളികളെ നമ്മൾ അമ്പലത്തിന്റെ അടുത്ത കവലയിൽ ഇറക്കി വിട്ടപ്പോൾ കാറിനടുത്തു നിർത്തിയ പോലീസ് ജീപ്പിൽ നിന്നും ഒരു പോലീസുകാരൻ നമ്മൾ എവിടെ പോയതാണെന്നും ഈ ബംഗാളികൾ ഏതാണെന്നും ഒക്കെ ചോദിച്ചില്ലാരുന്നോ.

അയാൾ നമ്മയുടെ വിലാസവും ചോദിച്ചിരുന്നു. അന്നാണെങ്കിൽ കാറിൽ പുറത്തുള്ള ആരെയും കയറ്റരുത് എന്ന നിയമവും നിലവിൽ ഉണ്ടായിരുന്നു. ഇത് അതിന്റെ ഫൈൻ ആണ് ഉറപ്പാ ഞാൻ അമ്മയോട് പറഞ്ഞു. “മോനെ അതിനു നമ്മൾ എല്ലാരും മാസ്ക് വെച്ചിട്ടുണ്ടായിരുന്നു. കാറിനു മുൻപിൽ ഇരുന്ന നമ്മൾ ഒരു വീട്ടിൽ ഉള്ളവർ. ബംഗാളികൾ പിന്നിൽ ഇരിക്കുവല്ലാരുന്നോ.. അന്നാണെങ്കിൽ ബസും ഇല്ലാരുന്നു, പോരാത്തതിന് മഴയും.. ആ പാവത്തുങ്ങളെ കാറിൽ കയറ്റിയതാണോ കുറ്റം. നമ്മൾ ഒരു നല്ലകാര്യം ചെയ്തതല്ലേ. അല്ലാതെ ആ കൊറോണ സമയത്ത് മഴനഞ്ഞു നടന്നു പനിവരാതെ നമ്മൾ അവരെ സംരക്ഷിച്ചില്ലേ.. അതു നീ കോടതിയിൽ പറഞ്ഞാൽ മതി.. ഹോ ഇപ്പൊ സമാധാനം ആയി. ഞാൻ കാര്യം അറിയാതെ പേടിച്ചു.. “അമ്മ ആശ്വസിച്ചു. എനിക്കും സമാധാനം ആയി.

നാളെ കോടതിയിൽ കാര്യം പറയാം. ആദ്യമായി സമൻസ് കിട്ടിയ വിഷമം തെല്ലോന്നൊതുങ്ങി.പിറ്റേന്ന് കോടതിയിൽ ഹാജരാകാൻ അറിയിച്ച സമയം പതിനൊന്നു മണി ആയിരുന്നെങ്കിലും കൃത്യം പത്തുമണിക്ക് കോടതിയിൽ എത്തി വലിയ കോടതി സമുച്ചയം. രോഗികൾ കൂടുമ്പോൾ ആശുപത്രികൾ വലുതാകുന്നതുപോലെ കേസുകൾ കൂടുമ്പോൾ കോടതിയും വലുതാകുന്നു !അവിടെ കണ്ട ഒരു വക്കീലിനോട് എന്റെ കേസ് നടക്കുന്ന സെക്ഷൻ ചോദിച്ചപ്പോൾ അതു പ്രത്ത്യേക കൊറോണ കോടതിയാണെന്നും, വലതു വശത്തു മൂലയിൽ ഉള്ള ഓടിട്ട പഴയ കെട്ടിടം ആണെന്നും പറഞ്ഞു തന്നു അവിടേക്ക് എത്തിയ ഞാൻ വരാന്തയിൽ അങ്ങിങ്ങു കൊറോണ പ്രതികൾ നിൽക്കുന്നത് കണ്ടു.

ഞാൻ വരാന്തക്ക് അപ്പുറം കോടതി മുറിയിലേക്ക് എത്തി നോക്കി. ഒരു ചെറിയ ഹാൾ. ജഡ്ജിയുടെ ചേമ്പറിനു മുന്നിൽ രണ്ടു സ്ത്രീകൾ കേസ് ഫയലുകൾ അടുക്കി വക്കുന്നു. ഇവരോട് കേസിനെ കുറിച്ച് ഒന്നു ചോദിക്കുക തന്നെ ഞാൻ ഉള്ളിൽ കടന്നു എന്റെ സമൻസ് അവരെ കാണിച്ചു. അതു കണ്ടതും അതിൽ അല്പം കറുത്ത് വണ്ണമുള്ള സ്ത്രീ പറഞ്ഞു. ഫൈൻ അടക്കാനല്ലേ. പതിനൊന്നു മണിക്ക് ജഡ്ജി വരും. രണ്ടായിരം രൂപ അടക്കണം. പുറകുവശത്തുള്ള ആ സ്ഥലത്ത് കയറി നിൽക്കണം. കുറ്റം സമ്മതിക്കുന്നുണ്ടോ എന്നു ചോദിക്കുമ്പോൾ ഉണ്ടെന്ന് പറയണം. എന്നിട്ടു പിന്നിൽ ക്ലർക് ഉണ്ട് അവിടെ ഫൈൻ അടച്ചു കഴിഞ്ഞാൽ പോകാം.

അവർ വിശദീകരിച്ചു തന്നു. ഞാൻ ഞെട്ടി പോയി ഫൈൻ രണ്ടായിരം രൂപയോ അതെന്താ അങ്ങനെ.. അപ്പോൾ അവിടെ ഉണ്ടായിരുന്ന വെളുത്ത സ്ത്രീ ചിരിച്ചുകൊണ്ട് എന്റെ കേസ് ഫയൽ എടുത്തിട്ട് പറഞ്ഞു. മാസ്ക് ധരിക്കാതെ പൊതു സ്ഥലത്ത് രോഗവ്യാപനം ഉണ്ടാകുന്ന രീതിയിൽ നടന്നു എന്നതാണ് എഫ് ഐ ആറിൽ ചാർജ് ചെയ്തിരിക്കുന്ന കുറ്റം. ഫൈൻ അടച്ചു പോക്കൊള്ളൂ അതാണ്‌ നല്ലത്. ഇത് നിരസിക്കാൻ നിന്നാൽ പിന്നെ വകീലിനെ വച്ചു കേസ് നടത്തി ഇതിന്റെ പത്തിരട്ടി പൈസ മുടക്കണം, കോടതി കയറി ഇറങ്ങണം.. ഇതിപ്പോൾ പൈസ അടച്ചു പോയാൽ ആ പൊല്ലാപ്പ് ഒന്നുമില്ല. അയ്യോ അതിനു ഞാൻ മാസ്ക് വയ്ക്കാതെ നടന്നില്ല.. ഞാൻ ഇങ്ങനെ ഒരു കുറ്റം ചെയ്തിട്ടും ഇല്ല.. പിന്നെന്തിനാ.. ഫൈൻ അടക്കുന്നെ..

എനിക്ക് കോടതിയോട് കാര്യം പറയരുതോ. “താങ്കളുടെ ധാർമിക രോഷം കോടതിയോട് പറയാം പക്ഷെ പോലീസ് താങ്കൾ മാസ്ക് വയ്ക്കാതെ നടന്നപ്പോൾ പിടികൂടി എന്നാണ് കേസ്. പോലീസുകാർ സാക്ഷികളും ഉണ്ട്. നിങ്ങൾ മാസ്ക് വച്ചിരുന്നു എന്നൊക്കെ തെളിയിക്കണം, സാക്ഷികളെ കൊണ്ടുവരണം അതൊക്കെ പറ്റുമോ ?.. സ്വർണ കുരിശുമാല ഇട്ട വെളുത്ത സ്ത്രീ ചോദിച്ചു. പിന്നെ കുറേ നിയമ വകുപ്പുകളും പറഞ്ഞു. ഞാൻ വിഷണ്ണനായി കോടതി വരാന്തയിലേക്ക് ഫൈൻ അടക്കാനുള്ള എന്റെ ഊഴം കാത്തു നിന്നു.. കോടതി വരാന്തയിൽ തിരക്ക് കൂടി.

ധാരാളം കൊറോണ പ്രതികൾ വന്നു.. എല്ലാവരുടെയും മുഖത്ത് ഫൈൻ അടക്കേണ്ട കാര്യം ഓർത്തു സങ്കടം. കാര്യം നല്ലതു തന്നെ പക്ഷേ ഉള്ളത് ഉള്ളത് പോലെ ആണെങ്കിൽ എന്റെ സങ്കടം അതായിരുന്നു. “പിന്നെ പോലീസ് അല്ലേ ചാർജ് ഷീറ്റ് എഴുതുന്നത്..” ആരോ ഒരാൾ രോഷം കൊണ്ട് കുശുകുശുക്കുന്നു. ജഡ്ജ് വന്നു. ഏവരും വാതിൽക്കൽ കൂട്ടം കൂടി. ഏവർക്കും മാസ്ക് ഉണ്ട് ഒരു സാമൂഹിക അകലവും ഇല്ല. അല്ലങ്കിൽ തന്നെ അകത്തുനിന്നും പേര് വിളിക്കുന്നത്‌ കേൾക്കണമെങ്കിൽ വാതിൽക്കൽ തന്നെ നിൽക്കണം. പിന്നെങ്ങനെ അകലം പാലിക്കും.. കൈകൾ കഴുകി അല്ലങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കോടതി മുറിയിൽ പ്രവേശിക്കുക എന്നു വലിയ അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്നു.. പക്ഷേ എഴുത്ത് മാത്രമേ ഉള്ളൂ.. സാമഗ്രികൾ ഇല്ല.

എന്റെ പേര് വിളിച്ചു. കയ്യിൽ കരുതിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ തുടച്ചു. ജഡ്ജിക്ക് മുൻപിൽ ശിരസ്സു നമിച്ചു പ്രതികൂട്ടിൽ കയറി നിന്നു. കുറ്റം വായിച്ചു കേട്ടു. കുറ്റം ചെയ്തിട്ടുണ്ടോ എന്നു ജഡ്ജി ചോദിച്ചു. കുറ്റം സമ്മതിച്ചു. രണ്ടായിരം രൂപ ഫൈൻ വിധിച്ചു. ഫൈൻ അടച്ചു ആത്മ രോഷത്തോടെ പുറത്തേക്കു നടക്കുമ്പോൾ കോടതി സമുച്ചയത്തിൽ സ്ഥാപിച്ചിരിക്കുന്ന വലിയ “ഫ്ളക്സ് ബോർഡ് “ശ്രദ്ധയിൽ പെട്ടു “ഒന്നിച്ചു തടുക്കാം ഈ മഹാമാരിയെ, കരുതൽ കൈവിടാതിരിക്കാം “ചിരിക്കുന്ന ആ വൈറസിന്റെ ചിത്രം എന്നെ നോക്കി മാത്രം ചിരിക്കുന്നതായി എനിക്ക് തോന്നി.

സുനു വിജയൻ

By ivayana