പ്രിയപ്പെട്ടവരെ,
കൊറോണക്കാലവും അനന്തരഫലങ്ങളുമുണ്ടാക്കുന്ന ഭീകരമായ സാമ്പത്തീക മാന്ദ്യവും ഭാവിയിൽ വരാനിരിക്കുന്ന കൊടിയ ദാരിദ്ര്യവും പട്ടിണിയും, സാമ്പത്തീക മുൻകരുതലുകളെടുക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെയാണല്ലോ സർവ്വമാന മാധ്യമങ്ങളിലും ഇപ്പോഴത്തെ ചർച്ചാവിഷയം. പറയപ്പെടുന്നവയൊക്കെ സംഭവിക്കാം സംഭവിക്കാതിരിക്കാം. പഞ്ഞക്കാലത്തേക്കു സംഭരിച്ചു വെക്കുന്നതൊക്കെ നല്ല കാര്യം തന്നെ, പക്ഷേ അതൊരിക്കലും നമ്മൾ ദാനം ചെയ്യാനുദ്ധേശിച്ചതിൽ നിന്നാവരുത്. ദാനം ധനവാന്റെ ധർമ്മം മാത്രമല്ലല്ലോ, ഒരു ദിവസം വയർ നിറച്ചുണ്ണുവാൻ വകയില്ലാത്തവന്റെ പ്രതീക്ഷയും ഒരു വേള, അവകാശവുമാണത്. അയൽവാസിയോ നമ്മുടെ കൂട്ടു, കുടുംബ, സൗഹൃദവലയങ്ങളിലാരെങ്കിലും കഷ്ടപ്പെടുന്നവരുണ്ടെങ്കിൽ അവരുടെ ദൈന്യം കണ്ടില്ലെന്നു നടിച്ച് ഇന്നത്തെ സമൃദ്ധിയിൽ സംതൃപ്തനായി ബാക്കി വരുന്നതത്രയും നാളേക്കു മാറ്റി വെച്ച് സുരക്ഷിതബോധത്തോടെയിരിക്കാമെന്ന ധാരണ തീർത്തും മനുഷ്യത്വരഹിതമാണെന്നു പറയാതെ വയ്യ. മാത്രല്ല, കരുതി വെക്കുന്നതത്രയും അനുഭവിച്ചിനിയും സമൃദ്ധിയോടെ, സന്തോഷത്തോടെ മുന്നോട്ടു പോകാമെന്നാണെങ്കിൽ അതു വെറും വിഡ്ഡികളുടെ വ്യാമോഹം മാത്രമായിരിക്കും, വർത്തമാനകാലസാഹചര്യങ്ങൾ പോലും അതു നമ്മെപ്പഠിപ്പിച്ചിട്ടില്ലെങ്കിൽ. മഹാമാരിയും പ്രളയദുരന്തങ്ങളും താണ്ടി നാം സുരക്ഷിതരാണെന്നാണോ ധരിച്ചു വച്ചിരിക്കുന്നത്? എങ്കിൽ നമുക്കിനിയും പിഴക്കും കൂട്ടരേ…
*നിനക്കുള്ളതിൽ നിന്നും നീ ദാനം ചെയ്യുക*. ദാനധർമ്മങ്ങളിൽ നീയും നിന്റെ സൃഷ്ടാവും മാത്രമറിയാവുന്ന പാതകളിൽ പാഥേയങ്ങളൊരുക്കി അതർഹിക്കുന്നവരെ കാത്തിരിക്കുക. നിശ്ചയം സ്വർഗം നിനക്കു മുന്നിൽ വാതിൽ തുറക്കും.
റഫീഖ്. ചെറവല്ലൂർ