രചന : മാധവ് കെ വാസുദേവ്
പാലരിവട്ടത്തു വന്നുപെട്ട ഇലവുംതിട്ടക്കാരന്‍ പേപ്പട്ടി കടിച്ചു മരിച്ച നാരായണന്‍ കുട്ടിയുടെ പേരകുട്ടി ചട്ടൻ കുട്ടപ്പൻ തട്ടുകട നടത്താനാണ് കുട്ടനാട്ടില്‍ നിന്നും കെട്ടുവള്ളത്തില്‍ വേമ്പനാട്ടുകായല്‍ വഴി കൊച്ചി ബോട്ടുജെട്ടിയില്‍ ചെന്നെത്തപ്പെട്ടത്.
ആദ്യം വിട്ട ബോട്ടിൽ ബോര്‍ഡ് നോക്കാതെ ചാടികയറിയ എട്ടാം ക്ലാസ്സില്‍ എട്ടുവട്ടം തോറ്റു തൊപ്പിയിട്ട കുട്ടപ്പന്‍ വഴിതെറ്റി ചെന്നെത്തിയത് മട്ടാംചേരിയില്‍. മട്ടാംചേരിയിൽ വട്ടം കറങ്ങിയ കുട്ടപ്പന്‍ ഇട്ടാവട്ടത്തില്‍ നിന്നു പൊട്ടന്‍കളിച്ചു കിട്ടിയ ചില്ലറ തൊട്ടുകള്‍ കൊണ്ട് കപ്പലണ്ടി കച്ചവടം നടത്തി കുട്ടപ്പന്‍ തന്റെ പട്ടിണി മാറ്റി തട്ടിയും മുട്ടിയും മുന്നോട്ട്.
ബോട്ടുജെട്ടിയിലെ വട്ടി പലിശക്കരുടെ മടിക്കുത്തില്‍ നിന്നും പണം വട്ട പലിശക്കെടുത്തു തട്ടുകട നടത്താന്‍ ഉള്ള ഒരു പൊട്ട ബുദ്ധി കുട്ടപ്പന്റെ മൊട്ടത്തലയില്‍ പൊട്ടിവിരിഞ്ഞപ്പോള്‍ തടിപ്പണിക്കാരൻ ചന്തൂട്ടിയെ കണ്ടു. ഒരു തട്ടുവണ്ടി ഉണ്ടാക്കി അതില്‍ കുട്ടകവും പുട്ടുകുടവും പിന്നെ പണപ്പെട്ടിയും വെച്ചു എട്ടാം മാസത്തിലെ എട്ടാം തിയ്യതി എട്ടു മണിക്കുള്ള ശുഭ നേരത്തു ആദ്യ ചായ പച്ചകറി കടക്കാരി തട്ടാമല ശാരദക്കു കൊടുത്തു കൊണ്ടു ചട്ടൻ കച്ചവടം സമാരംഭിച്ചു.
നാള്‍തോറും വളര്‍ന്നു വളര്‍ന്നു തട്ടുകട ബാലാരിഷ്ടതകള്‍ മാറി ഒരു കൊച്ചു ഹോട്ടലിന്റെ വളര്‍ച്ചയില്‍, പതിനെട്ടിന്റെ നിറവില്‍ കുളിച്ചുനില്‍ക്കെ, കുട്ടപ്പന് ഒരു ആശ മൂത്തു ഒരു പെണ്‍കൂട്ട് കൂടിയാലോ എന്ന്. പിന്നെ മറച്ചു വെച്ചില്ല തട്ടമാലയോട് പറഞ്ഞു. അതു കേട്ട പാതി തട്ടാമല നാണത്തില്‍ പൊതിഞ്ഞു ഒരു നവ വധുവിനെ പോലെ താഴോട്ടു നോക്കി നിന്നു പെരുവിരല്‍ കൊണ്ടൊരു എട്ടുകളം വരച്ചു.
പിന്നെ പറഞ്ഞു “ഞാനിതു കുട്ടപ്പന്‍ ചേട്ടനോടു പറയാന്‍ തുടങ്ങുകയായിരുന്നു.”. ചേട്ടന്‍ പറഞ്ഞ സ്ഥിതിയ്ക്ക് എനിക്ക് സമ്മതമാ നൂറു വട്ടം.”-. അവളുടെ മൊഴിയില്‍ അന്തംവിട്ട കുട്ടപ്പനൊന്നു പരുങ്ങി. അവന്റെ മനസ്സില്‍ ഒരു രൂപം ഓടിയെത്തി തന്റെ കളികൂട്ടുകാരിയുടെ മുഖം. ഉരുണ്ട മൂക്കും പരന്ന ചെവിയും ചെറിയ കണ്ണുകളും ഉള്ള ”മത്തങ്ങ” എന്നു താന്‍ പണ്ട്, ഇരട്ട പേരിട്ട കല്യാണി കുട്ടി.
ആരോടും പറയാതെ ഇന്നുവരെ തന്റെ മനസ്സില്‍ പൂട്ടി സൂക്ഷിച്ചു വെച്ച തന്റെ സ്നേഹം അതീ തട്ടാമലക്കു അല്ല, തന്റെ പ്രിയപ്പെടവള്‍ക്ക് വേണ്ടി കരുതിവെച്ച സ്നേഹം. ഒന്നും പറയാതെ അവന്‍ തട്ടമലയെ നോക്കി അതില്‍ ഒരു പുതിയ സ്നേഹത്തിന്റെ വെട്ടം കണ്ടു അവള്‍. പിന്നെ അവള്‍ ചോദിച്ചു ” എന്നാ എന്റെ നാത്തൂന്‍ എത്തുക”.
പടിഞ്ഞാറെ ആകാശ ചരുവില്‍ നിന്നും ഒരു കൂട്ടം ദേശാടന കിളികള്‍ പറന്നു വരുന്നു തന്‍റെ സ്വപ്നങ്ങള്‍ പോലെ. ഒരു ചിരിയോടെ കുട്ടപ്പന്‍ ഒരു കപ്പ് ചായ തട്ടമലയ്ക്കു വെച്ച് നീട്ടി.