രചന : ജയൻ മണ്ണൂർകോട്

ഒരു നീളൻ മൂകത
വിചാരങ്ങളിൽ ചുളിവുകൾ
കാഴ്ചകളിൽ മങ്ങലിൻ മാറാല
ബോധം സ്വയം ശത്രുവാകുന്നു
ഉൾനാക്കിൽ മത്തുനീരൊട്ടുന്നു
ഞാനൊരു മറവിക്കവിതയിലവരെ വെളിപ്പെടുത്തുന്നു..

ഭാഷയിൽ ജീവൻ നട്ടൊരു പ്രപഞ്ചകൻ
അതിൽ ശബ്ദം ലയിപ്പിച്ചൊരു പ്രേരിത
അപ്പുറമിപ്പുറം അവരിരുന്നപ്പോൾ
ഒരു പ്രാണകിരണം പതിയെപ്പരന്നു..

നിരന്തരം ദൃഷ്ടിയിലൊരു മഹത്വാകാംക്ഷി
നിരന്തരം പ്രജ്ഞയിലൊരു ഗഹനാനുമാനി
അപ്പുറമിപ്പുറം അവരിരുന്നപ്പോൾ
ഒരു കാവ്യകിരണം പതിയെപ്പെരുത്തു
“നമുക്കൊത്തിനി ആകാശം പങ്കിടാം”
ഉയിർഭാരം പകുത്തതായ് വാക്കുകൾ..

മരക്കാറ്റുകൾ പറ്റി കൈപിടിച്ചോണ്ടവർ
മണ്ണിൽ നടന്നു
സഞ്ചാരത്തിന്റെ ആകാശങ്ങളിൽ
നിലാവേറ്റു
ജയം,തോൽവികൾ ഒരുപോൽ സ്വീകരിച്ചു
മുറിവുകൾ പരസ്പരം കൂടിച്ചു
വർത്തമാനങ്ങളെ ഒന്നൊന്നായ് കോർത്തുവച്ചു..

ഒരു പെരുംസങ്കടത്തിന്റെ നോവുനേരങ്ങളിൽ
അവരെ ലോകം കേട്ടുകൊണ്ടിരുന്നു
“തോറ്റു വീണെങ്കിലും
നിരന്തരമല്ലത്

ക്ഷീണിച്ചുവെങ്കിലും
നിരന്തരമല്ലത്
ബാധ്യതപ്പെടലിന്റെ സായന്തനങ്ങളിൽ
ഭാവിയിലെ ഇരുളിലൂടെ
തെറ്റും ശരിയുമില്ലാത്തൊരു ലോകത്തിലേക്ക്
നിങ്ങളെ കാണാതാവണം”..!

ജയൻ.

By ivayana