രചന : ശ്രീരേഖ എസ്

മുറിവാഴങ്ങളിൽ നുരഞ്ഞുപൊന്തുന്ന
പുഴുക്കളെപോലെ ചില ഓര്മ്മകൾ .

മദിച്ചു നടക്കുന്ന മനസാക്ഷി മരിച്ച
മനുഷ്യരുടെ കർമ്മങ്ങൾ
ചിന്താതലങ്ങളിൽ വണ്ടിനെപ്പോലെ
മൂളിപ്പറക്കുന്നു .

ആട്ടിയകറ്റിയാലു൦
അനുസരണയുള്ള നായയെപ്പൊലെ
കാലടികളിലങ്ങനെ നക്കിതുടച്ചു കിടക്കു൦.

പാതിവിരിഞ്ഞ ദളങ്ങളെ
പാതിരാവിന്റെ മറവിൽ
കശക്കിയെറിയുന്ന നപു൦സകങ്ങൾ.

എവിടെ നോക്കിയാലു൦
മനസ്സുമരവിക്കുന്ന ദ്യശ്യങ്ങൾ മാത്ര൦.
ആടിത്തീരാതെ അരങ്ങിൽതന്നെ
കൊഴിഞ്ഞുവീഴുന്നു ചില നല്ല ജന്മങ്ങൾ.

ആടിയുലയുന്ന ജീവിതയാത്രകളിൽ
ഉറയ്ക്കാത്ത പാദങ്ങളുമായി
ഇടറി നടക്കുമ്പോൾ
കാലചക്രത്തിനൊപ്പ൦ ഓടാൻ പ്രേരിപ്പിക്കുന്നു
മുറിവാഴങ്ങളിൽകിടന്നു പുളയുന്ന
പുഴുക്കൂട്ടങ്ങൾ..

സായാഹ്നവഴികളിൽ
ഏകാന്തതയ്ക്കു കൂട്ടാവാൻ
ഊന്നുവടിയായി ചില
നല്ലയോർമ്മകളുടെ
വാദ്യഗീതങ്ങളു൦ ….!

നിയതിയുടെ നിയോഗ൦ പോലെ
ശിഷ്ടനഷ്ടങ്ങൾ പ്രവർത്തിമണ്ഡലങ്ങളിൽ
പകിട കളിക്കുമ്പോൾ
നോക്കുകുത്തിപോലെ ചില പാഴ്ജന്മങ്ങളു൦ .

ശ്രീരേഖ എസ്

By ivayana