രചന : തോമസ് കാവാലം

തരുക,തരുക, രാജ്യമേ!
സദതം തരുക മോചനം !
എന്മനസ്സിൻ മതിലുകൾ
തകർത്തിടൂ നീ അഞ്ജസാ
സ്വരാജ്യമെന്ന വിചാരത്താൽ
വിരചിതമാംമെൻമനം
ഐക്യമോടെ നീങ്ങിടാൻ,
ഒരു ജനതയാകുവാൻ.
കപട സ്നേഹ പ്രകടനം
വികട വാക്കിൻ നൊമ്പരം
വികൃതമാക്കും മാനുഷ്യർ,
തകരുമോ ബന്ധങ്ങൾ?
സത്യം നീതി ധ്വംസനം
നിത്യം ശീലമാക്കിയോർ
ദേശഭക്തരാകുമോ!
തരുക, തരുക, മോചനം !
ദേശസ്നേഹവികാരത്തെ
ദേശീയതയിൽ പൊതിയുവോർ
ഭാഷ മത ചിന്തയെ
അധികാരായുധംമാക്കുവോർ
വാശിതീർക്കാനെന്നപോൽ
വംശഹത്യചെയ്യുവോർ
അന്നമെന്ന മന്നയും
വിഷംപുരട്ടാതെയേകുമോ?
ബുദ്ധനും ജിനനും പണ്ട്
ജനിച്ച മണ്ണു പാവനം
വിശ്വാസിയും അവിശ്വാസിയും
വസിക്കും തറവാടിതാ !
ജാതിമതചിന്തകൾക്ക-
തീതമായ് പൊരുതിയോർ
ഒരുമയുടെ ജീവിതം
ത്യജിക്കുമോ പതിതരും?
പട്ടാട ചുറ്റി പ്രത്യഹം
പട്ടാഭിഷേകംനടത്തുവോർ
കട്ടെടുത്ത മുതലുകൾ
പങ്കിടുന്നു പറങ്കിപോൽ
യാചകരുടെ ചിതികയും
നാലുകാശാക്കുവോർ
നാട്ടിലുള്ള നന്മയെ
ഒരുമയെ തകർക്കുമോ?
പൊരിയും പകലന്തിയോളം
എല്ലുമുറിയെ പണിയുവോർ
പശിയകറ്റാൻ പണിയുമോ ,
കൊടിയേന്താൻപോകുമോ?
വിശപ്പിൻ വിളികേൾക്കവേ
ജയ്‌ ഹിന്ദ് വിളിയ്ക്കിലും
ഉള്ളിൽ തട്ടിയാകുമോ
അതുന്തിത്തള്ളിയാകുമോ?

തോമസ് കാവാലം

By ivayana