രചന : സബിത ആവണി

ഹരി കുളി കഴിഞ്ഞു വന്ന് മുറിയിലെ കണ്ണാടിയിൽ നോക്കി തല തോർത്തികൊണ്ടിരുന്നു ..
മുൻനിരയിലെ മുടിയിഴകളിൽ ഒന്നുരണ്ടെണ്ണം വെളുത്തു തുടങ്ങിയിരുന്നു…
അവൻ ചീപ്പ് കൊണ്ട് മുടി ചീകി ഒതുക്കി..
അപ്പോഴാണ് അവന്റെ മൊബൈൽ ശബ്‌ദിച്ചത്.

“ഹൃദയത്തിൻ മധു പാത്രം…..നിറയുന്നു സഖി നീയെൻ ..”
ഗംഗയാണ്….
അവൻ പെട്ടന്ന് കാൾ എടുത്തു.
” എന്താടി..? “
തിരിച്ച് മറുപടിയ്ക്ക് പകരം അവൻ കേട്ടത് അവളുടെ ഏങ്ങലുകളായിരുന്നു.
“മോങ്ങാതെ കാര്യം പറയടി.. “
” ഹരിയേട്ടാ അയാൾ പിന്നെയും..
എന്നെ കൊണ്ട് പറ്റണില്ല…. ഇനിയും… “
“വേണ്ടെങ്കിൽ കളഞ്ഞിട്ട് പോകാൻ പറയടി…
നീ എങ്ങനെ എത്രനാളെന്നും പറഞ്ഞാ അവന്റെ….
ഒന്നുകിൽ അവന് ബോധം വേണം അല്ലേൽ ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും നിന്റെ വീട്ടുകാർക്കു മനസ്സിലാവണം..
ഇതിപ്പോ രണ്ടും ഇല്ല..

നീ ആണെങ്കിലോ ഇപ്പോഴും അയാളെ സ്നേഹിച്ച് നേരെ ആക്കാം എന്ന പ്രതീക്ഷയിലും…
ഇതിനിടയ്ക്ക് ഞാൻ വന്നു എന്തങ്കിലും പറയാൻ നീ ഒട്ട് സമ്മതിക്കെയും ഇല്ല..”
“ഹരിയേട്ടാ അതല്ല….
എനിക്ക് ഇതൊന്നും പറയാൻ വേറെ ആളില്ല….
കേൾക്കാൻ ഒരു മനസ്സ് കാട്ടുന്നത് ആകെ ഹരിയേട്ടൻ മാത്രാ….
അതുകൊണ്ടാ ഞാൻ….” അവൾ വാക്കുകൾ ചുരുക്കി .
“നിന്നെ അറിയാഞ്ഞിട്ടല്ല ടി…
എന്നാലും….

ഞാൻ താലി കെട്ടി പൊന്നുപോലെ നോക്കിയേനെ…..
ഒന്ന് നുള്ളി പോലും നോവിക്കില്ലായിരുന്നു….
ഇതിപ്പോ എന്റെ കണ്മുന്നിൽ നീ നരകിക്കുന്നത് കാണുമ്പോൾ…..
പറഞ്ഞു പോകുന്നതാ ….”
അവൾ മറുപടി ഒന്നും പറയാതെ ഫോൺ വെച്ചു.
“പാവം വിഷമം ആയിട്ടുണ്ടാവും അവൾക്ക്‌ …
ഒന്നും പറയണ്ടായിരുന്നു…
എന്നോടല്ലാതെ മറ്റാരോടാ അവൾ …”
അവൻ പിറുപിറുത്തു…

കസേരമേൽ നേരത്തെ തേച്ചിട്ട ഷർട്ട്‌ എടുത്തിട്ട് അവൻ മുറ്റത്തേക്കിറങ്ങി..
അടുക്കള വാതിലിൽ നിന്നമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.
“ഹരി… കാപ്പി മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട്.. കഴിക്കാതെ പോകല്ലേ നീയ്… “
“ആ”
എന്നൊന്ന് മൂളുക മാത്രം ചെയ്തു ഹരി. മുറ്റത്തെക്കിറങ്ങി…
മതിലിനു അപ്പുറം ഗംഗയുടെ വീടിന്റെ ഉമ്മറത്തേക്ക് നോക്കി..
തുമ്പി മുറ്റത്ത് കളിച്ച് നടക്കുന്നു….
ഹരി ബുള്ളറ്റും സ്റ്റാർട്ട്‌ ചെയ്ത് ഒറ്റ പോക്ക്…
അമ്മ അടുക്കളയിൽ നിന്നു എത്തി നോക്കാൻ ഒരുങ്ങിയപ്പോഴേക്കും ബുള്ളറ്റ് അവരുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞിരുന്നു.

ഒറ്റക്കുന്നിന്റെ നെറുകിൽ ബുള്ളറ്റ് ചെന്ന് നിന്നു.
ഹരി ഇറങ്ങി….
തനിച്ചിരിക്കാൻ തോന്നുമ്പോഴെല്ലാം ഇങ്ങോട്ട് വച്ച് പിടിക്കാറാണ് പതിവ്…
പുല്ല് വളർന്നു കിടക്കുന്ന വെറും നിലത്ത് തല ചായ്ച്ചു അവൻ കിടന്നു… ഭൂമിയുടെ മടിത്തട്ടിൽ….
ആകാശം നോക്കി….
ഒരിക്കലും തമ്മിൽ ചേരാൻ ഇടയില്ല…
അത് അറിഞ്ഞുകൊണ്ടാണ് ഗംഗയെ സ്നേഹിച്ചത്….
പക്ഷെ….
അന്നവളോട് അത് പറയാതെ പോയത്….
അതായിരുന്നു…

എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്….
അവൾക്ക് അങ്ങനെ ഒരു ഇഷ്ടം ഉണ്ടാവാൻ ഇടയില്ല….
ആ ഉറപ്പ് ഉണ്ടായിരുന്നു മനസ്സിൽ….
അവളുടെ വിവാഹതലേന്ന് എന്റെ നെഞ്ചിൽ കിടന്നവൾ പൊട്ടി കരയും വരെ….
അവൾക്കു അങ്ങനെ ഒരിഷ്ടം ഉണ്ടായിട്ടും അവളത് മറച്ച് വെച്ചത് എന്തിനാണെന്ന് ഇതുവരെ ചോദിച്ചിട്ടില്ല….
ചോദിക്കാൻ തോന്നിയിട്ടില്ല….
കതിർ മണ്ഡപത്തിൽ വലതു കാൽവെച്ചവൾ കയറുമ്പോൾ
ഇടിവെട്ടേറ്റ പോലെ നിന്നു പോയി ഞാൻ …
ആരോടും ഒന്നും പറയാൻ കഴിയാതെ … ഒന്ന് പൊട്ടിക്കരയാൻ പോലുമാവാതെ…

പിന്നീട് നടന്ന ചടങ്ങുകൾ ഞാൻ കണ്ടില്ല ….
ആ താലികെട്ടും കുരവയും ഒന്നും ….
ഒന്നുമാത്രം അറിയാം …
അവൾ ഇനി എന്റെ അല്ല ……
അതിലേറെ വേദനിപ്പിച്ചത് അവൾ മറ്റൊരാളുടെതാണ് എന്ന യാഥാര്‍ത്യം …
വേദനയോടെ അല്ലാതെ ഞാൻ ഇന്നേവരെ ആ ദിവസം ഓർത്തിട്ടില്ല…. ഒരു ചിങ്ങമാസത്തിലെ വേദനഏറുന്ന ഓർമ്മകളായി അവൾ അവശേഷിച്ചു….
വിവാഹം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം ആണ് പിന്നീട് അവളെ ഒന്ന് മുഖാമുഖം കാണുന്നത് തന്നെ.
അപ്രതീക്ഷിതമായി അന്നൊരു വൈകുന്നേരം
അവൾ വന്നു മുന്നിൽ നിന്നത് ഓർക്കുന്നു …
കൈയ്യിൽ ഒരു കുഞ്ഞു ഗംഗയുമയി……
അവൾ ഏറെ മാറിയിരുന്നു …..
രൂപത്തിലും ഭാവത്തിലും ….

അവളുടെ കുട്ടിത്തം നിറഞ്ഞ മുഖം നഷ്ടമായിരിക്കുന്നു …
മുൻപ് ദാവണിയിൽ മാത്രം കണ്ടിരുന്ന അവളെ ഫുൾ സാരീയിൽ കണ്ടത് വിവാഹത്തിനാണ് …
പക്ഷെ ഇപ്പോ സാരീയിൽ അവളേറെ പ്രായം ചെന്ന പോലെ ….
“എന്നെ അറിയില്ലേ ഹരിയേട്ടാ …”
ആ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട് …
“കുറേ ആയല്ലൊ കണ്ടിട്ട് കെട്ട്യോന്റെ കുടെ പോയപ്പോ നാടും വീട്ടുകാരെയും ഒക്കെ വേണ്ടാതായോ …?”
ഉള്ളിലെ വേദന മറച്ച് വെച്ചുകൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ ..
“അങ്ങനെ ഒന്നുല്ല ..ഹരിയേട്ടാ …..”
എന്നവൾ പറഞ്ഞു ചിരിച്ചു.

“ഹരിയേട്ടൻ …”
വർഷങ്ങൾക്ക്‌ ശേഷം ആ വിളികേൾക്കുമ്പോള്‍ ഞാൻ പഴയ ഓർമ്മകളിലേക്ക്‌ തിരിച്ചു പോയി ….
എന്ത് മാത്രം ഇഷ്ടായിരുന്നു എനിക്ക് അവളെ ….
എന്തിനായിരുന്നു വിട്ട് കളഞ്ഞത് ….?
പിന്നീട് അവൾ അവിടെ സ്ഥിരതാമസമായി …
അവളും മോളും ഭർത്താവും .
പിന്നീട് ഇടയ്ക്കൊക്കെ അവളെ കാണും.
ദൂരെ നിന്നും അടുത്ത് നിന്നും ഒക്കെ…..
കാണുമ്പോഴെല്ലാം ഓടി വന്നു സംസാരിക്കും….
കൂടുതലും പറയുന്നത് കുഞ്ഞിനെ പറ്റിയാവും….
മിടുക്കി മോളാണ്…
തുമ്പി….

പിന്നീട് എപ്പോഴോ അവൾ തന്നെ പറഞ്ഞു… അവളുടെ ജീവിതത്തിന്റെ കഥ.
അങ്ങനെ പറയാൻ ആണ് എനിക്കും തോന്നുന്നത്.
ഒരു കേട്ടുകഥ പോലെ ഒന്ന്.
ഭർത്താവിന്റെ കിടപ്പറയിലെ വെറും യന്ത്രമായി പോയ എന്റെ ഗംഗയുടെ കഥ.
” ഹരിയേട്ടാ അയാളെന്റെ മുഖം പോലും മര്യാദയ്ക്ക് കാണുന്നുണ്ടോന്ന് എനിക്കറിയില്ല…. ഒരുപാടു ഉപദ്രവിക്കും….”
ഉള്ളൊന്നു കിടുങ്ങി….
അവളെ അങ്ങനെ…..
ഒന്ന് ചിന്തിക്കാൻ കൂടി പറ്റുന്നില്ല……
“Maritial rape “
കേൾക്കുന്ന പലർക്കും അതൊരു വലിയ കാര്യമായി തോന്നിന്നു വരില്ല.

ചിലർ ഭർത്താവിന്റെ അവകാശം എന്ന് പറഞ്ഞു ന്യായീകരിച്ചെന്നും വരാം…
ആരും എങ്ങും ചർച്ച ചെയ്തു കേട്ടിട്ടില്ല…. എന്ത്കൊണ്ടാവും അത്…?
ഒരാൾക്ക് അത്രമേൽ അധപതിക്കാൻ എങ്ങനെ കഴിയും??
അവളെ ഒന്ന് കേൾക്കാൻ നിന്നു കൊടുത്തപ്പോൾ വർഷങ്ങളായി അവളുടെ “ഉള്ളിൽ അലയടിച്ചിരുന്ന വേദനകൾ ശാന്തമായ പോലെ…..” പറഞ്ഞത് അവളാണ്.
എന്നിട്ടും എന്റെ ഉള്ളിലെ നടുക്കം മാറിയില്ല…
അങ്ങനെയും മനുഷ്യരുണ്ടോ….?
അറിയാതെ എങ്കിലും ഞാനും കൂട്ട് നിന്നു അവളുടെ വിവാഹത്തിന്….
പറയണമായിരുന്നു അവളോട്‌…….
“വിധി…

അടുത്ത ജന്മം ആർക്കും വിട്ടുകൊടുക്കില്ല…. “
അവൻ പറഞ്ഞു നിർത്തി…
“മ്മ്…. വിധി,
പുനർജ്ജന്മം ഇതൊക്കെ സ്വയം ആശ്വസിക്കാൻ നമ്മൾ തന്നെ കണ്ടെത്തുന്ന ഉപാധികൾ അല്ലെ…. ?”
അവൾ കണ്ണീർ തുടച്ച് നടന്നകന്നു ….
എന്റെ മുന്നിൽ കിടന്ന് നരകിക്കുന്ന അവളെ കാണുമ്പോൾ…
എന്ത് പറഞ്ഞാണ് ഞാൻ അവളെ ആശ്വസിപ്പിക്കേണ്ടേ…?
ഒരിക്കൽ രാത്രികളുടെ വേദന പറഞ്ഞു പൊട്ടികാരയുന്ന കൂട്ടത്തിൽ അവൾ ചോദിച്ചു…..
“ഹരിയേട്ടന് വേണ്ടാഞ്ഞിട്ടല്ലേ എന്നെ…. ഇല്ലെങ്കിൽ ഇന്ന് ഞാൻ…”
അന്ന് രാത്രി ഒരു പോള കണ്ണടയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല…
കുറ്റബോധം കൊണ്ട് നീറി നീറി ഞാൻ ഇല്ലാതാവുന്നത് പോലെ….
അവളുടെ വാക്കുകൾക്ക് അത്രയേറെ മൂർച്ചയുണ്ടായിരുന്നു…..
ഉച്ചവെയിൽ കണ്ണില്ലടിച്ച്‌ തുടങ്ങിയപ്പോൾ ആണ് ഹരി ചിന്തകളിൽ നിന്നു ഉണർന്നത്…

എഴുന്നേറ്റ് ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്ത് പോകുമ്പോൾ….
വീണ്ടും ഫോൺ ശബ്ദിച്ചു..
“ഹൃദയത്തിൻ മധുപാത്രം…..നിറയുന്നു സഖീ നീയെൻ….”
“ഹരിയേട്ടാ എനിക്കൊന്നു കാണണം വേഗം….. കുറച്ച് സംസാരിക്കണം….
എനിക്ക് അത്ര ഭാരം ഉണ്ട് മനസ്സിൽ….”
“ഇപ്പോൾ വരാം….”
അതും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു.
അവൾക്കറിയില്ലല്ലോ അവൾ ഇറക്കി വെക്കുന്ന ഭാരം അവന്റെ നെഞ്ചുകീറി കേറുന്നതിന്റെ വേദന…..
അവൾക്ക് അവൻ ആശ്വാസമാകട്ടെ…..
അവൾക്കരികിലേക്ക് പോകുമ്പോൾ അവനും പ്രതീക്ഷിക്കുന്നു അവൾക്ക് താൻ ആശ്വാസമാകട്ടേയെന്ന് …

സബിത

By ivayana