ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

എന്താ ചെയ്യാ…., സമയാവന്നെ വേണ്ടേ, ഇതൊന്നും മനുഷ്യന്റെ കൈയിലിരിക്കണ കാര്യങ്ങളല്ലല്ലോ…?

ഇന്നേക്ക് മൂന്നൂസായി വലി തൊടങ്ങീട്ട്…! ഊർധ്വനും ചിന്നനും മാറിമാറി വലിക്ക്യന്നേണ്. ട്ടോ കുട്ടാ…, ഒരു പശുദ്ദാനം കൊടുക്കാൻ ഏർപ്പാടാക്ക്വ…, തലയ്ക്കലിരുന്ന് നാരായണനാമം ജപിക്കാൻ പറയൂ മക്കളോടും മരുമക്കളോടും. ത്തിരി വെള്ളം തൊളസിക്കതിരോണ്ട് എടക്കെടെ തൊട്ടുകൊടുക്കണം. ഭൂമീലെ കെട്ടുപാടുകൾ തീരന്നെവേണ്ടേ….!

മരണാസന്നരായവരുടെ വീടുകളിൽ ആരും വിളിക്കാതെയും പറയാതെയും എത്തുന്ന ദേശത്തെ മുതിർന്ന, ‘കാലൻ കോഴി’ എന്നു വിളിപ്പേരുള്ള ഗോപിനായർ വേണ്ട നിർദ്ദേശങ്ങൾ മക്കൾക്കും മരുമക്കൾക്കും പറഞ്ഞുകൊടുത്ത് ചുമലിൽക്കിടക്കുന്ന ഈരിഴത്തോർത്തുകൊണ്ടു വീശി ഉഷ്ണമാറ്റി ഉമ്മറത്തെ ചാരുപടിയിൽ ഇരുന്നു. കുഭം ശ്ശി കഠിനന്നേ…, എന്താ ചൂട്…

അപ്പ്‌ളേയ് കുട്ടാ ഇനിപ്പോ ആരും വരാനൊന്നും ണ്ടാവില്ലാലോ ദൂരേന്ന്…?

ഇല്ല ഗോപ്യാരേ, ആരൂല്ല്യാ, കഴിഞ്ഞാ അടുത്തുവട്ടങ്ങളിലൊക്കെ വിളിച്ചുപറയാൻ പാണൻവേലായുധനെ നേർത്തേന്നെ ചട്ടംകെട്ടീട്ട്ണ്ട്. പിന്നെ അകലെള്ള ബന്ധുക്കൾടോടയ്ക്ക് നരേണേഴ്ശ്ശൻ പോവും. അയാൾക്ക് ബന്ധുവീടുകളൊക്കെ നല്ല തിട്ടമാണ്.

എന്തിനും ഏതിനും ഈ ശ്വാസം ഒന്നങ്ട് പോയിക്കിട്ടണ്ടേ ന്റെ ഭഗവതി. മരിക്കാനന്നേയാണ് ഭാഗ്യം ചെയ്യേണ്ടത്.
മോഹം അടങ്ങീട്ട്ണ്ടാവില്യ…, അല്ല മോഹംല്യാണ്ടിരിക്ക്ക്വോ, അമ്മേം മകനും തമ്മില് അത്രക്കും ആത്മ ബന്ധമായിരുന്നൂലോ…? ഗോപിനായർ ഒരു ദീർഘനിശ്വാസം വിട്ടു. വരും അവൻ, വരണം ന്നാലെ ഈ ജീവനങ്ട് വിട്ടുപോവൂ…!

ആരും ഒന്നും പറഞ്ഞില്ല. നിശ്ശബ്ദത വല്ലാതെ അലോസരപ്പെടുത്തിയപ്പോൾ അയാൾ വീണ്ടും പഴമ്പുരണത്തിന്റെ കെട്ടുകളഴിച്ചു. ട്ടോ, മ്മടെ താഴത്തേലേ കുട്ടീഷ്ണനായരുടെ കാര്യം എല്ലാർക്കും ഓർമ്മേണ്ടല്ലോ ല്ലേ, ജീവൻ വിട്ടുപോവാൻ ശ്ശി ബുദ്ധിമുട്ടി. ഏട്ടനുമായി പിണങ്ങി തൊട്ടപ്റത്ത് താമസിക്കണ അനിയശ്ശാരേം കാത്ത് അഞ്ചൂസം വലിച്ചു കെടന്നു. ഒടുക്കം ഞാനവനേക്കേറിക്കണ്ട്‌ നാല് നല്ല പുളിച്ചതങ്ട് പറഞ്ഞപ്പോ അവൻ വന്നു കണ്ടു, ത്തിരി വെള്ളം തൊട്ടുകൊടുത്തു. ശുഭം. ആ ആത്മാവാങ്ട് വേർപെട്ടുപോയി. ഹോ, മനുഷ്യമ്മാർക്ക് ഈ ജാതി അഹമ്മതിയാണ്. ചാവാൻ കിടക്കുമ്പോഴും വാശിവിടാൻ വയ്യ. അതന്നെ കാര്യം. തെക്കേ തൊടീല്ക്ക് എടുക്കാനുംകൂടി നിക്കാണ്ടേ നാരായണൻകുട്ടി എറങ്ങിപ്പോന്നു. വല്ലാത്ത മനക്കട്ട്യേന്നെ ന്റെ ഭഗവത്യേയ്.

ഗോപിനായർ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ഒന്നിലും ശ്രദ്ധ പതിയുന്നില്ല. മനസ്സുരുകാൻതുടങ്ങീട്ട് കുറച്ചു ദിവസമായി. അമ്മയ്ക്ക് എണ്പത്തിരണ്ടുവയസ്സായെങ്കിലും ആരോഗ്യത്തിന് പറയത്തക്ക കുഴപ്പം ഒന്നുമുണ്ടായിരുന്നില്ല. തനിക്കുവേണ്ടതുകൂടി അമ്മയാണ് ഒരുക്കിത്തന്നിരുന്നത്. എന്തു വിഷമമുണ്ടെങ്കിലും മനസ്സിൽ ഒതുക്കുന്ന പ്രകൃതമായിരുന്നു അമ്മയ്ക്ക്. മനസ്സിന്റെ ധൈര്യംകൊണ്ട് ഓടി നടക്കുന്നതാണെന്ന വാസ്തവം തനിക്കുമാത്രം അറിയാം. ആ ധൈര്യം ചോർന്നുപോകാതിരിക്കണേ എന്നതുമാത്രമായിരുന്നു പ്രാർത്ഥന.

കഴിഞ്ഞാഴ്ചയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു യാത്രയ്ക്കൊരുങ്ങുമ്പോൾ നിനക്ക് പോയേ പറ്റൂ ല്ലേ എന്നൊരു പതിവില്ലാത്ത ചോദ്യം അമ്മയിൽനിന്നുണ്ടായി.

ഊം…? ഞാൻ ചോദ്യഭാവത്തിൽ അമ്മയെ നോക്കി.

ഒന്നൂല്യ, നീ പോയാ മൂന്നാലൂസാവും ല്ലേ…?

ഉം…, ചിലപ്പോ ഒരാഴ്ചയാകും. കുറെ നേരത്തിന് അമ്മയൊന്നും പറഞ്ഞില്ല.
ബാഗിൽ ഇസ്തിരിയിട്ട വസ്ത്രങ്ങൾ അടുക്കുകയായിരുന്നു ഞാൻ.

കഴിയണതും വേഗം വാ…

ഇതെന്താ പതിവില്ലാതെ. ഞാനിങ്ങനെ പോവാറുള്ളതല്ലേ, കാശ് കുറെ കിട്ടാനുണ്ട്. കറണ്ട് ബില്ലടക്കാനുംകൂടി ചെലപ്പോ നട്ടം തിരിയണു, ഈ കൈക്കൊട്ടും മടാളും ഒക്കെ ഒന്നു വാങ്ങിയാൽ വീടുകളിൽ പിന്നെ കുറേക്കാലത്തിനു വാങ്ങേണ്ടി വരില്ല. തോട്ടോം തൊടീം ഒക്കെ ഇപ്പൊ മെഷീനുകൾ കൊണ്ടാ പണി. അമ്മയ്ക്കറിയാല്ലോ, ഈ പണിക്കാരെ മുഴുക്കെ തീറ്റിപ്പോറ്റുക എന്നല്ലാണ്ടേ ഇതേന്ന് എന്ത് നിധിയാ കിട്ടണത്…? എല്ലാരും അവനോന്റെ കാര്യം നോക്കിപ്പോയി. ഇപ്പൊ അനിയനെ കാണുമ്പോ എല്ലാർക്കും പുച്ഛം. എന്റെമാത്രം കൈയ്യും കാലും കെട്ടിയപോലെ, എങ്ങടും അനങ്ങാനോ പോവാനോ പറ്റില്ല. എന്റെ തലേവര…!

രാവിലെ ഏട്ടനുമായി സംസാരിച്ചതിന്റെ സങ്കടവും നിരാശയുമെല്ലാംകൂടി അറിയാതെ പൊട്ടിപ്പോയതാണ്. ‘അമ്മ കുറേനേരം ഒന്നും മിണ്ടാതെ ഇരുന്നു. പിന്നെ എഴുന്നേറ്റുപോയി. ഞാൻ പോകാൻ തയ്യാറായി ബാഗെല്ലാം എടുത്ത് ഉമ്മറത്തെ ചാരുപടിയിൽ വച്ചു. വാതിലടച്ചോളൂ, ഞാനെറങ്ണു.

അമ്മ ഉമ്മറത്തേക്ക് വന്നു. നിനക്ക് ഒന്നും കഴിക്കണ്ടേ…, പിന്നെ ഞാനെന്തിനാടാ രാവിലെ കഷ്ടപ്പെട്ടത്…?

ആരെങ്കിലും നിങ്ങളോട് കഷ്ടപ്പെടാൻ പറഞ്ഞോ, എനിക്കൊന്നും വേണ്ട, നിങ്ങടെ മൂത്തമോൻ വയറ് നിറച്ചും തന്നു, രാവിലെന്നെ. അത് മതി. ങ്ഹാ…, പിന്നെ ആ എച്മ്മൂനോട് രാത്രി വന്ന് കൂട്ടു കിടക്കാൻ പറയണം. ഫോണ് നേരെ വയ്ക്കണം. വിളിച്ചാ കിട്ടീല്ല്യാച്ചാൽ പിന്നെ കൈയും കാലും ഓടില്ല, പണി പാതിക്കിട്ട് ഞാനിങ്ങട് ഓടിവരുംന്നറിയാല്ലോ…?

രണ്ടു ദോശ കഴിച്ചോടാ, ‘അമ്മ ണ്ടാക്കീതല്ലേ…?
എന്തുകൊണ്ടോ മനസ്സയഞ്ഞില്ല. സാധാരണ എന്തുപറഞ്ഞു പിണങ്ങിയാലും അമ്മ വിളിച്ചാൽ ഭക്‌ഷണം കഴിക്കാതെ ഇരിക്കാറില്ല. വിളമ്പിത്തന്ന് തലയിൽ തൊട്ടു തലോടുമ്പോൾ കണ്ണു നിറയും.

എനിക്ക് നിങ്ങടെ ദോശേംവേണ്ട ഒന്നും വേണ്ട. ഇനി നിന്നാൽ ട്രെയിൻ അതിന്റെ വഴിക്ക് പോകും. ‘അമ്മ വാതിലടച്ചോളൂ. ആരെങ്കിലും വിളിച്ചാൽ ജനലിക്കൂടെ നോക്കിയേ വാതിൽ തുറക്കാവൂ…, പഴയ കാലൊന്നും അല്ല. മനുഷ്യനെ കൊല്ലാൻ മടില്ല്യാത്തോരടെ നാടായിരിക്കണു. ഞാൻ ബാഗും തൂക്കി ഇറങ്ങി. ഗേറ്റ് അടച്ച് തിരിഞ്ഞുനോക്കുമ്പോൾ അമ്മ എന്നെത്തന്നെ നോക്കി നില്ക്കുന്നു. പുറംകൈകൊണ്ട് കണ്ണു തുടച്ചു. പിന്നെ അകത്തേയ്ക്ക് കയറിപ്പോയി. മനസ്സ് വല്ലാതായി.

എല്ലാരെയുംപോലെ സ്വാർത്ഥനാകാൻ കഴിഞ്ഞില്ല. നല്ല ജോലിയുണ്ടായിരുന്നത് ഉപേക്ഷിച്ച് ഈ ഓണംകേറാമൂലയിൽ ലോകത്തിനു വരുന്ന മാറ്റങ്ങളൊന്നും അറിയാതെ തനിക്കെന്നൊരു സ്വാർത്ഥവുമില്ലാതെ ജീവിതം ഈ ‘ഠ’ വട്ടത്തിൽ ഭ്രമണംതുടങ്ങിയിട്ട് ഇരുപത്തിമൂന്ന് കൊല്ലമാകുന്നു. ലീവിൽ വരുമ്പോഴും അകലെയിരുന്നും കുത്തുവാക്കുകളും ശകാരങ്ങളും പരാതിയും പരിഭവങ്ങളുമായി താഴെയും മേലെയുള്ളവർ എന്നും അവഗണിച്ചപ്പോഴും പുച്ഛിച്ചപ്പോഴും എല്ലാം കണ്ടില്ലെന്നു നടിച്ചു. അമ്മയുടെ മനസ്സ് വേദനിക്കരുത്. വയസ്സുകാലത്ത് ഒറ്റപ്പെട്ടുപോയി എന്നൊരു സങ്കടം അതിനുണ്ടാകരുത്. അതായിരുന്നു എല്ലാ സങ്കടങ്ങളെയും ജയിക്കാനുള്ള വിശിഷ്ട മന്ത്രം. താൻ ചിരിച്ചുകൊണ്ട് കരയുകയാണെന്ന് അമ്മയ്ക്കും അറിയാമായിരുന്നു.

ഒരിക്കൽ ഒരുമിച്ചിരുന്ന് അത്താഴംകഴിക്കുമ്പോൾ ‘അമ്മ ചോദിച്ചു, കുട്ടിക്ക് അമ്മയോട് ദേഷ്യണ്ടോടാ…? മുറിച്ചെടുത്ത് വായിലേക്ക് വയ്ക്കാനോങ്ങിയ ചപ്പാത്തിക്കഷ്ണം പ്ളേറ്റിലേക്കിട്ട് ഞാനമ്മയെ നോക്കി…, എന്തിന്..? എന്തിനാ എനിക്ക് അമ്മയോട് ദേഷ്യം…?

അമ്മ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി. ശ്യാമയുടെ കാര്യമാണ്. തരക്കേടില്ലാത്തൊരു ജോലിയുമായി ഉത്തരേന്ത്യയിലെ ഒരു നഗരത്തിൽ കഴിയുമ്പോഴാണ് നാട്ടിലേക്ക് ‘അമ്മ ആവശ്യപ്പെട്ട പ്രകാരം വന്നത്. പിന്നീട് തിരിച്ചുപോകാൻ കഴിഞ്ഞില്ല. അങ്ങനെ നില്ക്കുമ്പോഴാണ് എന്തെങ്കിലും പഠിക്കാം എന്നൊരു തോന്നാലുണ്ടായത്. ഇടയ്ക്കുവച്ച് നിർത്തിയ ഡിഗ്രി പഠന ത്തിന് പട്ടണത്തിലെ ഒരു പാരലൽ കോളേജിൽചേർന്നു. കൂടെ പഠിച്ചവരൊക്കെ പഠനം പൂർത്തിയാക്കി ഓരോ തൊഴിലിൽ വ്യാപൃതരായിരുന്നു.

അവിടെവച്ചാണ് ശ്യാമയെ പരിചയപെടുന്നത്. അസാദ്ധ്യ തന്റേടക്കാരിയായ അവൾ പൂവാലന്മാരുടെ പേടിസ്വപ്നമായിരുന്നു. സ്ഥലമോ സന്ദർഭമോ നോക്കാതെ അവളുടെ നാവിന്റെ മൂർച്ചയിൽ മുറിവേൽക്കാവുന്ന അഭിമാനത്തേക്കുറിച്ച് അവളെ അറിയാവുന്നവർക്കെല്ലാം ബോദ്ധ്യമുണ്ടായിരുന്നു!

പൊതുവേ അന്തർമുഖനായ ഞാൻ എന്നേ തീരേണ്ടതായ കോഴ്‌സ് ഈ വൈകിയ വേളയിൽ പൂർത്തിയാക്കാനെത്തിയതിന്റെ ചമ്മലും കൂടിയായപ്പോൾ ആരുമായും കൂട്ടിനൊന്നും പോകാതെ ക്ലാസിലെ ഏറ്റവും മുതിർന്ന വിദ്യാർത്ഥിയുടെ ഗൗരവത്തോടെ പെരുമാറി. ഒരരസികൻ എന്ന നിലക്ക് എല്ലാരും ഒരകലം പുലർത്താൻ അത് സഹായകമായി.

ക്ലാസ് തുടങ്ങാറാവുമ്പോഴേക്ക് എത്തുകയും ക്ലാസ് കഴിഞ്ഞാൽ ആരെയും ശ്രദ്ധിക്കാതെ മടങ്ങുകയും ചെയ്യുന്ന എന്റെ ദിനചര്യകളെ ആകെ മാറ്റിമറിച്ചത് അവളായിരുന്നു. ”ശ്യാമ”…!

ഏതോ ഒരു കുസൃതി അവളെ എരിവുകേറ്റിവിട്ടതായിരുന്നു തുടക്കം. പിള്ളേരെല്ലാരുംകൂടി തനിക്കിട്ട പേരായിരുന്നു വല്യേട്ടൻ. ആരോടും കൂട്ടില്ലെങ്കിലും ആ സ്ഥാപനത്തിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമെല്ലാം ഞാൻ സുപരിചിതനായിരുന്നു.

ഏതോ തലതെറിച്ചവൻ തന്റെ പേരിൽ ട്യൂഷൻ സെന്ററിന്റെ അഡ്ഡ്രസ്സിൽ അവൾക്ക് കത്തെഴുതിയതും തൂക്കിപ്പിടിച്ച്
ഒരുച്ചനേരത്ത് അവൾ മുന്നിൽ പൊട്ടിവീണു. കവർ തന്റെ നേരെ നീട്ടിപ്പിടിച്ച് ഇതെന്താ, പ്രായത്തിന്റെ ഒരു പക്വതയെങ്കിലും ഉണ്ടാവും എന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. കഷ്ടം, പോത്തുപോലെ വളർന്നൂന്നല്ലാതെ ഒരു കാര്യോം ഇല്ലാലോ, വല്യേട്ടനാത്രേ, ഒരു വല്യേട്ടൻ…!

ഞാനാകെ വിയർത്തുപോയി. സംഭവം ആദ്യം പിടികിട്ടിയില്ല. സംയമനംവിടാതെ ചോദിച്ചു, എന്താ കുട്ടീടെ പ്രശ്നം…? എനിക്കൊന്നും മനസ്സിലായില്ലാലോ…,

ഓഹോ, ഇപ്പൊ നല്ലപിള്ള ചമയണത് നോക്കിയേ…, മിണ്ടാപ്പൂച്ച…! തർക്കത്തിനുനില്ക്കാൻ ധൈര്യമില്ലായിരുന്നു. മറ്റുള്ളവർ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ എങ്ങനെയെങ്കിലും എനിക്കവിടെനിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. എന്റെ ഭാവം കണ്ടിട്ടായിരിക്കണം, ഊം, ഇപ്പൊ പൊയ്ക്കോ, ഞാനേയ് ഇതിന് നാളെ ഉച്ചക്ക് മറുപടി തരാം ട്ടോ എന്നും പറഞ്ഞു എന്നെക്കടന്നോടിപ്പോയി….!

ഇതെന്തൊരു സാധനം ഈശ്വരാ, ഇനിപ്പോ നാളെ ഉച്ചയ്ക്ക് നാലാൾടെ മുന്നിലിട്ട് പെണ്ണ് അവമാനിച്ചാലോ…? ഉള്ളിലെ ഭയം കാരണം രണ്ടുദിവസം ക്ളാസിനുപോയില്ല. രണ്ടാം ദിവസം വൈകുന്നേരം വായനശാലയിലേക്ക് ഇറങ്ങിയതായിരുന്നു. വഴിയിൽവച്ച് തന്റെ നേരെ നടന്നു വരുന്ന അവളെക്കണ്ടപ്പോൾ ഉള്ളൊന്നാളി. റോഡിന്റെ മറുസൈഡിലേക്ക് ധൃതിയിൽ മുറിച്ചുകടന്നപ്പോൾ കൂടെ അവളും റോഡ് മുറിച്ചൊപ്പംവന്നു. അടുത്തെത്തിയപ്പോൾ ശബ്ദംതാഴ്‌ത്തി അവളോട് പറഞ്ഞു. ഈ നാട്ടുകാരുടെ മുന്നിൽ നാറ്റിക്കരുത്. എനിക്ക് മനസറിവുള്ള കാര്യമല്ല.

എങ്കിൽ നാളേത്തൊട്ടു ക്ലാസിന് വരൂ, എന്നാൽ പരിഗണിക്കാം. ശരി ഞാൻ വന്നുകൊള്ളാം എന്നുള്ള ഉറപ്പുംവാങ്ങി അവളെന്നെക്കടന്നു കൂസലില്ലാതെ നടന്നുപോയി. പോകുമ്പോൾ പറഞ്ഞു, ഞാനതിനു മറുപടി എഴുതീട്ടുണ്ട്. നാളെ നോട്ടീസ്‌ബോർഡിൽ ഇടാം ട്ടോ…

ഹോ, ദൈവമേ…, ഇതെന്തൊരു സൃഷ്ടി….?!!

പിറ്റേന്ന് ഉച്ചയ്‌ക്ക് ക്ലാസ് കഴിഞ്ഞു മടങ്ങാൻനേരം അവളെന്നെ വളഞ്ഞുപിടിച്ചു. മറുപടി കൈയിൽ വാങ്ങിക്കുന്നോ, അതോ നോട്ടീസ് ബോർഡിൽ വേണോ…? എന്റെ അവസ്ഥകണ്ടു ചിരിച്ചുകൊണ്ട് നാലായി മടക്കിയ ഒരു പേപ്പർ അവളെന്റെ ഷർട്ടിൻറെ പോക്കറ്റിൽത്തിരുകി ഒന്നും സംഭവിക്കാത്ത മട്ടിൽ നടന്നുപോയി.

പിന്നെ എന്നും എന്തെങ്കിലും കാരണമുണ്ടാക്കി അവളോരോ കുസൃതികൾ ഒപ്പിച്ചുകൊണ്ടിരുന്നു. പതിയെപ്പതിയെ ഞാനും അവളെ ഇഷ്ടപ്പെട്ടുതുടങ്ങിരുന്നു…!

ദേശത്തെ പുരാതനമായ ബ്രാഹ്മണകുടുംബത്തിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഈ കാന്താരി എന്ന് പരിചയപ്പെട്ടു ഒട്ടേറെക്കഴിഞ്ഞാണ് ഞാനറിഞ്ഞത്. അപ്പോഴേക്കും പരസ്പരം അടർത്തിമാറ്റാൻവയ്യാത്തവിധം ഞങ്ങൾ അടുത്തിരുന്നു.

അവളുടെ വീട്ടിൽ കാര്യങ്ങളറിഞ്ഞപ്പോൾ ഏട്ടന്മാർ ക്ഷോഭിച്ചു. പക്ഷെ ശ്യാമയുടെ അച്ഛൻ തന്നെ നേരിൽക്കാണണമെന്നാഗ്രഹം പ്രകടിപിപ്പിച്ചു…!

ആ പഴയ എട്ടുകെട്ടിന്റെ പടിപ്പുരകടന്ന് മുറ്റം മുറിച്ചുകടന്നു പൂമുഖത്തെത്തുമ്പോൾ ഒരാൾ ചാരുകസേരയിൽ തന്റെ വരവും നോക്കിയെന്നവണ്ണം കിടക്കുന്നു. ആരാ, രാമനാഥനല്ലേ, വര്വാ, ഇരിക്കൂ. കസേരയിൽ നിവർന്നിരുന്നുകൊണ്ടു അദ്ദേഹം ശാന്തമായസ്വരത്തിൽ ക്ഷണിച്ചു. ശബ്ദംകേട്ട് അവളുടെ അങ്ങളമാരും പൂമുഖത്തെത്തി. ഞാൻ ഒന്ന് മടിച്ചു നിന്നെങ്കിലും അദ്ദേഹം വിളിച്ചപ്പോൾ കയറി ഇരുന്നു.

കൂടുതൽ ഒന്നും തന്നോട് പറയില്ല. നിങ്ങൾക്ക് രണ്ടുപേർക്കും അങ്ങനെ ഒരിഷ്ടം ണ്ട്‌ച്ചാൽ അതിനൊരു തടസ്സൊന്നും ഞാൻ പറയില്ല.

അച്ഛനിതെന്താ പറേണത്…?ഞങ്ങൾക്ക് തലനീർത്തി ഈ നാട്ടിക്കൂടെ നടക്കേണ്ട…? മക്കൾ ഇടയിൽക്കയറിയപ്പോൾ അദ്ദേഹം വിലക്കി. ഞാൻ സംസാരിക്കുമ്പോൾ ഇടക്ക് കയറരുത്. നിങ്ങളകത്തു പോ…
ആ വാക്കുകളിലെ ആജ്ഞാശക്തിക്കുമുന്നിൽ തലതാഴ്ത്തി അവർ അകത്തേക്കുപോയി.

ങ്ഹാ…അപ്പൊ എന്താ പറഞ്ഞു വന്നത്…, അതേ, ഞാനായിട്ട് എതിര് നിക്കില്ല. പക്ഷേ ആരൊക്കെ എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും ഇപ്പോഴും ഒന്നും മാറീട്ടില്യ…, എനിക്കിപ്പോ വയസ്സ് എഴുപത്തിരണ്ടായി, ഈ പ്രായംവരെ സമുദായത്തിൽനിന്നൊരു മാറ്റിനിർത്തൽ ണ്ടായിട്ടില്ല്യ. ഇനിപ്പോ അതൊന്നും നോക്കണ്ട, എനിക്ക് വയസ്സുകാലത്ത് ണ്ടായ സന്തതിയാ, അതിന്റെ മനസ്സുമുറിഞ്ഞിട്ട് എനിക്കൊരു സ്ഥാനോം മാനോം വേണ്ട. തന്റെ കൂടെ അവൾ സന്തോഷായിരിക്കും.
രണ്ടാളുംകൂടി ഒളിച്ചോട്വന്നും ചെയ്യരുത്. മനസ്സിലായല്ലോ. എന്റെ കൺവെട്ടത്ത് ന്റെ കുട്ടി എപ്പളും വേണം…! ആ ശബ്ദം ഇടറി.

താൻ അമ്മയോട് സംസാരിക്കൂ…., അവരുടെ സമ്മതോം അനുഗ്രഹോം എല്ലാം വേണം. ഞാനൊന്നും പറഞ്ഞില്ല. പോരാൻ നേരം ആ കാൽക്കൽ തൊട്ടുതൊഴുതു. എന്റെ കണ്ണുകൾ നിറഞ്ഞുവന്നത് തുടച്ച് ഞാനിറങ്ങി നടന്നു.

ഒരു ജോലി വേണം, ആരെയും ആശ്രയിക്കാതെ ഞങ്ങൾക്ക് ജീവിക്കണം. അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം ഒന്നും മിണ്ടിയില്ല. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബോംബെയിലുള്ള സുഹൃത്തിനോട് പറഞ്ഞു ഒരു ജോലി തരപ്പെടുത്തിയ വിവരം അമ്മയോട് പറഞ്ഞു. നാട്ടിൽ അവളെ നിർത്തിയാലല്ലേ നാട്ടുകാരുടെ ആവശ്യമില്ലാത്ത വർത്തമാനം കേൾക്കേണ്ടൂ.

ശരിയാണ്. നാടുവിട്ട് നിങ്ങൾ രണ്ടുപേരും പോയാൽ പിന്നൊന്നും കേൾക്കേണ്ട. കുറെ ദിവസം ചർച്ചചെയ്യാൻ നാട്ടുകാർക്കൊരു കഥ. അത് നിങ്ങളിവിടെയാണെങ്കിലും അത്രയൊക്കെയേ ഉണ്ടാകൂ. അതിനാണോ നീ നാടും വീടും വിടാൻ ശ്രമിക്കുന്നത്. എന്തായാലും എന്റെ മോന് ഇഷ്ടമായ കുട്ടിയല്ലേ, അതിനെ എനിക്കൊന്നു കാണണം. നീ ഇങ്ങോട്ടൊന്ന് കൂട്ടിക്കൊണ്ടുവാ ആ കുട്ടിയെ.

അമ്മ പറഞ്ഞതുപോലെ ഇതിനെന്തിന് നാടുവിടണം…? നാട്ടുകാരെ ആവശ്യമില്ലാത്ത കാര്യത്തിന് താനെന്തിന് ഭയക്കണം…?

ഞാൻ പിറ്റേന്നുതന്നെ ശ്യാമയെ വിളിച്ചുകൊണ്ട് വന്നു. എനിക്ക് ഈ കുട്ടിയോട് ഇത്തിരി സംസാരിക്കണം. നീ പുറത്തേക്ക് പോ മുന്പൊന്നുമില്ലാത്ത ഒരാജ്ഞാഭാവത്തോടെ അമ്മ എന്നെ അവർക്കിടയിൽനിന്നൊഴിവാക്കി…. !

കുറേക്കഴിഞ്ഞപ്പോൾ അവർ രണ്ടുപേരുംകൂടി ഉമ്മറത്ത് ഞാനിരിക്കുന്നിടത്തെത്തി. ശ്യാമയുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ടോ…? അവൾ പറഞ്ഞതുപോലെ എനിക്ക് തോന്നി. ഞാനാ മുഖത്തുനിന്ന് കണ്ണെടുക്കാതെ ചോദിച്ചു, എന്തു പറ്റി, നീ കരഞ്ഞുവോ?

ഹേയ്…, ഇല്ല. അവൾ ചിരിക്കാൻ ശ്രമിച്ചു. നീ ഈ കുട്ടിയെ വീട്ടിലാക്കിയിട്ടു വാ.

കുട്ടാ, നീയെന്നാ ബോംബെയ്ക്ക് പോണത്. അവളെ കൊണ്ടുപോയി വിട്ടുവന്നപ്പോൾ അമ്മ ചോദിച്ചു.

എന്തേ, ഞാൻ പോണില്ല എന്നാ വിചാരിക്കണത്.
എന്തേ, നീയല്ലേ നല്ല ജോലിയാണ് എന്നുപറഞ്ഞത്, പിന്നെന്തേ…? കുട്ടാ, ‘അമ്മയേക്കരുതിയാണോ, അത് കാര്യാക്കണ്ട. നല്ല ജോലിയാണെങ്കിൽ കുട്ടി പൊയ്ക്കോ. എന്തായാലും കുറച്ചു ദിവസം നോക്ക്, ഇഷ്ടായില്ലെങ്കിൽ ഇങ്ങോട്ടപോരെ. ഒരു കുടുംബത്തെ പ്പറ്റിയൊക്കെ ചിന്തിക്കണമെങ്കിൽ സ്വന്തമായി കൈയിൽ എന്തെങ്കിലും കരുതലൊക്കെ വേണം.

ഞാനാകെ ആശയക്കുഴപ്പത്തിലായി. ജോലിക്ക് പോകാൻ അമ്മ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ശ്യാമയേക്കണ്ട് യാത്രയെക്കുറിച്ചു പറഞ്ഞപ്പോൾ വൈമനസ്യമുണ്ടെങ്കിലും അവളും അനുകൂലിച്ചു.

അനിവാര്യതകൾ സംഭവിച്ചുതന്നെയാകണം. ആ യാത്രയാണ് ജീവിതം മാറ്റിമറിച്ചത്. പെറ്റു പോറ്റിയവരുടെ കണ്ണീരിനുമുന്നിൽ അമ്മയ്ക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു. തന്റെ അഭാവത്തിൽ ഒന്നെതിർക്കാൻകൂടി അവസരംകൊടുക്കാതെ അവളുടെ ഇഷ്ടാനിഷ്ടങ്ങൾക്കു വിപരീതമായി അവൾ മറ്റൊരാളുടേതായി. കുടുംബക്കാർക്ക് ചീത്തപ്പേരൊഴിവായി.

പക്ഷേ അവൾ മനസുകൊണ്ട് സ്നേഹിച്ചതും വരിച്ചതും തന്നെയായിരുന്നു. വിവാഹരാത്രിയിൽ വിഷം കഴിച്ച് അവൾ എല്ലാവരെയും തോൽപ്പിച്ചു. ഒന്നും ഞാനറിഞ്ഞില്ല, അയയ്ക്കുന്ന കത്തുകൾക്കൊന്നും മറുപടിയില്ലാതെ വന്നപ്പോൾ താനവളെ തെറ്റിദ്ധരിച്ചു. അമ്മയോട് എഴുതിച്ചോദിക്കുമ്പോൾ എങ്ങും തൊടാതെയുള്ള മറുപടികളിൽനിന്ന് ഞാനൊന്നുറപ്പിച്ചു. എല്ലാ പെണ്ണുങ്ങളെയുംപോലെ ശ്യാമയും സന്ദർഭത്തിനൊത്ത് നിറം മാറിയിരിക്കുന്നു. എനിക്ക് ജീവിതത്തോടുതന്നെ വിരക്തി തോന്നി.

എന്തിന് ആവശ്യമില്ലാതെ നീ എന്റെ ജീവിതത്തിലേക്കിടിച്ചുകയറി സ്വസ്ഥത നശിപ്പിച്ചു…? ചിന്തകൾ കാടുകയറി, ഊണും ഉറക്കവും നഷ്ടമായി. ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതായി. ഒന്നിലും ഒരർത്ഥവും കണ്ടെത്താൻ കഴിയാതെ കടുത്ത വിഷാദം എന്നെ കീഴടക്കിയപ്പോൾ ജോലി ഉപേക്ഷിച്ചു. ബോംബെയിൽനിന്ന് ലക്ഷ്യബോധമില്ലാതെ തുടർന്ന യാത്ര എത്തിനിന്നത് ബനാറസ്സിലായിരുന്നു. നിരന്തരം ശവങ്ങളെരിയുന്ന മണികർണ്ണികയിൽ, ഗംഗയുടെ പടവുകളിൽ, അഘോരികളുടെ അഖാഡകളിൽ…., നീണ്ട ഏഴുവർഷം…!
പക്ഷേ എവിടെയും സ്വസ്ഥത കിട്ടാക്കനിയായി.

അർത്ഥശൂന്യമായ ഈ ജീവിതംകൊണ്ട് ആർക്കെന്തു പ്രയോജനം. രാവും പകലും പിന്നീട് ചിന്തിച്ചത് മരണത്തെ കുറിച്ചുമാത്രമായിരുന്നു. ജീവിതം അവസാനിപ്പിക്കാൻ, ഗംഗയുടെ ആഴക്കയങ്ങളിലെങ്ങോ ആണ്ടുകിടക്കുന്ന സ്വസ്തിയുടെ കേദാരത്തിലേക്കൂളിയിടാൻ തീരുമാനിച്ചായിരുന്നു യോഗികൾ ജലസമാധിയായി പ്രണത്യാഗം ചെയ്യുന്ന വിജനമായ കടവിലെത്തിയത്.

സാമാന്യം ഭാരമുള്ള ഒരു കല്ല് പുഴക്കിയെടുത്ത് ഉത്തരീയത്തിന്റെ ഒരറ്റത്ത് ബന്ധിച്ചു. മറ്റെയറ്റം കഴുത്തിൽക്കെട്ടി നദിയിലേക്ക് ശ്രമപ്പെട്ട് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് ഇരുളിൽനിന്നൊരു ചോദ്യമുയർന്നത്. മരിക്കാൻ തീരുമാനിച്ചോ, ഞാൻ സഹായിക്കട്ടെ…? ഒരു നിമിഷം ഒന്നു പതറി…

ഉവ്വ്, തീരുമാനിച്ചുവെങ്കിൽ ആരുടെയും സഹായംകൂടാതെ അത് ചെയ്യാനും എനിക്ക് പറ്റും. നന്ദി.

എന്തായാലും ഇനി പിറകോട്ടില്ലല്ലോ, എങ്കിൽ അവസാനമായി നമുക്കൊരല്പം സംസാരിക്കാൻ വിരോധമുണ്ടോ…?

എന്തിന്, നിങ്ങൾക്കെന്നെ സംസാരിച്ച് തിരുത്താൻ കഴിയുമെന്നൊരു അനാവശ്യമായ ആത്മവിശ്വാസമുണ്ട്. എനിക്ക് ആരോടും ഒന്നും പറയാനില്ല, കേൾക്കാനും.

നല്ലത്. പക്ഷെ ജീവിതത്തിന്റെ അർത്ഥമറിയാതെ അർത്ഥശൂന്യതയെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാടിനോടുള്ള വിയോജിപ്പ് ഞാനുറക്കെ പറയും. മരിക്കുംമുൻപെങ്കിലും നിന്റെ ആത്മാവിന് ബോദ്ധ്യമാകുന്ന ഒരു കാരണം കണ്ടെത്താൻ ശ്രമിക്ക്. ഇപ്പോൾ നിന്റേത് ആത്മവഞ്ചനയാണെന്നു ഞാൻ പറയുമ്പോൾ കഴിയുമെങ്കിൽ നിന്റെ ഉള്ളിലേക്ക്‌ സ്വയമിറങ്ങി ഒരന്വേഷണത്തിനുമുതിരണം. എന്നിട്ട് കിട്ടുന്ന ഉത്തരം ജീവനുപേക്ഷിക്കാൻ പര്യാപ്തമായതെങ്കിൽ നിന്റെ നെഞ്ചിലും മുതുകിലും പാറക്കഷ്ണങ്ങൾ കെട്ടി ഞാൻ നിന്നെയീ ഗംഗയിലൊഴുക്കാം.

ഞാൻ താങ്ങിപ്പിടിച്ചുനിന്ന കല്ല് താഴെയിട്ടു, ദേഷ്യവും നിരാശയും എല്ലാംകൂടി എന്നെ അസ്വസ്ഥനാക്കിയപ്പോൾ ഞാൻ വാവിട്ടു കരഞ്ഞു. കൈകൾകൊണ്ടു ശിരസ്സിലും നെഞ്ചത്തും ആഞ്ഞിടിച്ചു. കഠിനമായ ദുഃഖത്താൽ ഞാൻ ബോധരഹിതനായി.

ബോധംതെളിഞ്ഞു കണ്ണുതുറക്കുമ്പോൾ കുതിരചാണകം മണക്കുന്ന ഏതോ ഗലിയിലെ ഒരു കുടുസ്സുമുറിയിലായിരുന്നു..ഇരുണ്ട മുറിയിൽ സ്ഥലബോധം വീണ്ടെടുത്തപ്പോൾ തലേരാത്രിയിലെ സംഭവങ്ങൾ ഓർമ്മയിലോടിയെത്തി. ഞാനെഴുന്നേറ്റിരുന്നു…!

ആരാണയാൾ, ഞാനെങ്ങനെ ഇവിടെയെത്തി…? ചിന്തിച്ചതെയുള്ളൂ, മുറിയുടെ വാതിൽതുറന്ന് ഒരാൾ അകത്തേയ്ക്ക് വന്നു.

ആഹാ, ഉണർന്നോ, എന്തുറക്കമാണ് സുഹൃത്തേ ഇത്‌…? അയാൾ ചിരിച്ചു. നമുക്കോരോ ചായ കുടിച്ചിട്ടാവാം ബാക്കി കാര്യങ്ങൾ. ആ കൊച്ചുമുറിയുടെ മൂലയിൽ ഇരുന്ന ചെറിയൊരു മണ്ണെണ്ണ സ്റ്റവ് കത്തിച്ച് അലുമിനിയത്തിന്റെ വാൽപാത്രത്തിൽ അയാൾ പുറത്തുനിന്ന് വരുമ്പോൾ കൊണ്ടുവന്ന പാത്രത്തിലുണ്ടായിരുന്ന പാലൊഴിച്ചു. അത് തിളച്ചുവന്നപ്പോൾ അതിലേക്ക് അല്പം തേയിലാപകർന്നു ചായയുണ്ടാക്കി രണ്ടു കളിമൺ കോപ്പകളിലേക്ക് പകർന്ന് ഒന്നെനിക്ക് നീട്ടി.

ഞാൻ യാന്ത്രികമായി കൈനീട്ടി അത് വാങ്ങി, സാവധാനം ഊതിക്കുടിച്ചു. അപ്പോഴാണ് ഞാനയാളെ ശരിക്കും ശ്രദ്ധിച്ചത്. ഏകദേശം അമ്പത്തഞ്ചു വയസ്സോളം പ്രായംവരുന്ന മെലിഞ്ഞ, എന്നാൽ നല്ല ആരോഗ്യമുള്ള ശരീരവും ദീപ്തമായ കണ്ണുകളും മിഴിവുള്ള മുഖവും!

കണ്ടാലറിയാം മലയാളിയാണെന്ന്, വീട്ടിൽ ആരൊക്കെയുണ്ട്…? ചായകുടിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ ചോദിച്ചു.

ആരുമില്ല, ഞാനങ്ങനെ പറയുമ്പോൾ മനസ്സിൽ തെളിഞ്ഞത് അമ്മയുടെ ഈറൻതോരാത്ത കണ്ണുകളാണ്. അയാളുടെ കണ്ണുകളെ നേരിടാനാവാതെ ഞാൻ മുഖംതാഴ്ത്തിയിരുന്നു.

നുണ, നിങ്ങൾ പറഞ്ഞത് നുണയാണ് സുഹൃത്തേ…, വീട്ടിൽ നിങ്ങളേക്കാത്ത് മനസ്സുരുക്കി നിങ്ങളുടെ അമ്മയുണ്ട്‌…!
ഞാൻ ദയനീയമായി അയാളെനോക്കി.

നിങ്ങൾ മരിച്ചാലും ജീവിച്ചാലും എനിക്കൊന്നുമില്ല. എന്നാലും ഈ പുരാതനവും മോക്ഷദായിയുമായ മണ്ണിൽ നിന്നൊരു വേദാന്തം പറയട്ടെ ഞാൻ. എനിക്ക് നിങ്ങളുട്വ വൃദ്ധയായ അമ്മയോട് ഏതോ ഋണബാക്കിയുണ്ടായിരുന്നു. ഇല്ലെങ്കിൽ ഇന്നലെ ഞാനാ തീരത്ത് എത്തിപ്പെടില്ലായിരുന്നു. രാത്രി ഉറങ്ങാൻ കിടന്ന ഞാൻ ഉറക്കം വരാതെ അസ്വസ്ഥമായ മനസുമായി മുറിവിട്ടിറങ്ങി നടന്നെത്തിയത് നിങ്ങളുടെ അടുത്തായിരുന്നു. അതൊരു നിയോഗമായിരുന്നു. ഏതോ ജന്മത്തിലെ കടംവീട്ടാനുള്ള നിയോഗം.

നിങ്ങൾ വീട്ടിലേക്ക് തിരിച്ചുപോകൂ, വൃദ്ധയായ നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളുടെ പരിചരണം ഏറ്റവും ആവശ്യമുള്ള സമയമാണ് ഇത്. അയാളുടെ സ്നേഹപൂർണ്ണമായ സമീപനം എന്നെ മടക്കയാത്രക്ക് പ്രേരിപ്പിച്ചു.

ഞാൻ നാട്ടിലെത്തുമ്പോൾ അയാൾ പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു. ‘അമ്മ സുഖമില്ലാതെ കിടപ്പായിരുന്നു. പുറംപണിക്ക് എച്മ്മുവും അമ്മയെ നോക്കാൻ ഒരു ഹോം നഴ്സും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആകെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ എഴുന്നേറ്റിരിക്കാൻപോലുമാകാതെ അമ്മ.

അമ്മയുടെ പരിചരണം ഞാനെറ്റെടുത്തു. മണികർണ്ണികയിൽ ശവം ദഹിപ്പിക്കാൻ സഹായിയായിനിന്ന നാളുകളിൽ ലഭിച്ച സമ്പാദ്യം തരക്കേടില്ലാത്ത ഒരു സംഖ്യ കൈയിലുണ്ടായിരുന്നു. അതുകൊണ്ട് വീട്ടിലേക്ക് വേണ്ടുന്നതും അത്യാവശ്യം അമ്മയുടെ മരുന്നുകളുടെ ചിലവും കഴിച്ച് മിച്ചം വന്ന പൈസയ്‌ക്ക് തരിശിട്ട കൃഷിഭൂമി ഒരുക്കുകയും വിത്തും വളവും വാങ്ങി കൃഷിയിറക്കുകയും ചെയ്തു…!

പുരയിടത്തിൽ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറിയിൽനിന്നും വാഴകൃഷിയില്നിന്നും തരക്കേടില്ലാത്ത ആദായം കിട്ടിയതുകൊണ്ടു ദൈനംദിന ചിലവുകൾ കഴിയാൻ പ്രയാസമറിയാതെയായി.

തൊട്ടും തലോടിയും വിളിച്ചും ഞാനമ്മയുടെ ഓർമ്മ തിരിച്ചു പിടിച്ചു. ആ വർഷം വാഴകൃഷിയിൽ നിന്നുകിട്ടിയ ആദായംകൊണ്ടു അമ്മയ്ക്ക് പഞ്ചകർമ ആയുർവേദ ചികിത്സ കൊടുക്കാൻ കഴിഞ്ഞതാണ് അമ്മയെ വീണ്ടും ആരോഗ്യവതിയാക്കിയത്.

അമ്മയുടെ ആരോഗ്യം വീണ്ടെടുക്കുംവരെ ഞാൻ ശ്യാമയെക്കുറിച്ചോർത്തതുപോലുമില്ല. ഓർമ്മ വന്നപ്പോൾ ആരോടും അന്വേഷിക്കാനൊട്ട് തോന്നിയതുമില്ല. അമ്മയും എന്നോടൊന്നും പറഞ്ഞില്ല.

‘അമ്മ പതിയെ ആരോഗ്യം വീണ്ടെടുത്തു. ഞങ്ങൾക്ക് അല്ലലില്ലാതെ ജീവിക്കാൻ ചെറിയ രീതിയിൽ രണ്ട് ഇരുമ്പുപണിക്കാരെവെച്ച് തുടങ്ങിയ കാര്ഷികോപകരണനിമ്മാണം അത്യാവശ്യം തരക്കേടില്ലാതെ പച്ചപിടിച്ചപ്പോൾ ബാങ്ക് ലോണെല്ലാംകൂടി തട്ടിക്കൂട്ടി ഒരു പവർ ഹാമർ സ്വന്തമാക്കി, ബിസിനസ് വിപുലീകരിച്ചു.

ഇടയ്ക്കിടെ ശ്യാമയുടെ ഓർമ്മകൾ മനസ്സിനെ അലട്ടുമ്പോൾ ഇങ്ങനെ സമാധാനിക്കും. എവിടെയായാലും ഭർത്താവും മക്കളുമൊക്കെയായി സുഖമായി ജീവിക്കട്ടെ !

അമ്മയ്ക്ക് താനിങ്ങനെ ഒറ്റത്തടിയായി കഴിയുന്നത് വലിയ സങ്കടമായപ്പോൾ വിവാഹത്തിന് അർധസമ്മതം മൂളി. എല്ലാം ശരിയായിവന്ന സമയത്താണ് ഒരു ദിവസം യാദൃച്ഛികമായി ശ്യാമയുടെ ഏട്ടനെ കണ്ടത്. ടൗണിലേക്ക് പോകാൻ ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അയാൾ അടുത്തേയ്ക്ക് വന്നത്. അടുത്തെത്തി മുഖവുരയൊന്നും കൂടാതെ “എന്റെ പെങ്ങളെ കൊന്നിട്ട് നീയിപ്പോ കുടുംബസ്ഥനാവാൻ പോകുന്നോ, മനുഷ്യനാണോടാ നീയ്യ്” എന്ന് ശബ്ദംതാഴ്ത്തി ചോദിച്ച് ധൃതിയിൽ നടന്നുപോയി.

എനിക്ക് സപ്തനാഡികളും തലരുന്നതായിത്തോന്നി. എന്താണ് താൻ കേട്ടത്…, ശ്യാമ…? ആകെ ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി. നേരെ വീട്ടിലേക്ക് നടന്നു. എത്തിയപാടെ അമ്മയോട് ചോദിച്ചു, അമ്മേ, ശ്യാമയ്ക്കെന്താണ് സംഭവിച്ചത്…?

അവർ കുറേനേരം മിണ്ടാതിരുന്നു…, പിന്നെ സംഭവിച്ചതത്രയും പറഞ്ഞു. ഒരിക്കൽ ഞാൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് ശ്യാമയുടെ അമ്മ വന്ന് എന്നെ എതുവിധത്തിലും ഈ ബന്ധത്തില്നിന്ന് പിന്തിരിപ്പിക്കണമെന്നു കരഞ്ഞു പറഞ്ഞതാനുസരിച്ചാണ് അമ്മ നിർബന്ധിച്ച് എന്നെ ബോംബെയ്ക്ക് അയച്ചത്. എന്റെ അഭാവത്തിൽ നിര്ബന്ധിച്ചാണെങ്കിലും ശ്യാമയുടെ വിവാഹം നടത്തിയാൽ കുറെ കഴിയുമ്പോൾ എല്ലാം ശരിയാകുമെന്നു അമ്മയും അവളുടെ വീട്ടുകാരും വിശ്വസിച്ചു. പക്ഷെ അവൾ എല്ലാവരെയും തോല്പിച്ചു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കുറേനേരം ഇടിവെട്ടേറ്റപോലെ ഞാനിരുന്നു. പിന്നീട് എഴുന്നേറ്റ് ഫോണിനുനേർക്ക് നടന്നു. എനിക്കായി കണ്ടുറപ്പിച്ചിരുന്ന പെണ്കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് തനിക്ക് ബന്ധത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഫോണ്വച്ചു തിരിഞ്ഞപ്പോൾ അമ്മയുണ്ട്‌ പിന്നിൽ. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് തുടച്ചുകൊണ്ടു ഞാൻ പറഞ്ഞു, കരയണ്ട.
എനിക്ക് കരയാൻകൂടി കഴിയുന്നില്ലല്ലോ എന്നോർത്ത് ഞാനാകെ വിങ്ങിപ്പുകഞ്ഞു.

വയ്യാതാവുന്നതിന് നാലുദിവസം മുൻപാണ് ‘അമ്മ ഇത് ചോദിച്ചത്. എന്റെ കുട്ടിയുടെ ജീവിതം തുലച്ച മഹാപാപിയാണ് ഞാൻ. അമ്മയുടെ കണ്ണടഞ്ഞാൽ പിന്നാർക്കുവേണ്ടി നീ ജീവിക്കും…? അമ്മയൊരിക്കൽ ചോദിച്ചു. നേരാണ്. ഇനി ഞാൻ ആർക്കുവേണ്ടി ജീവിക്കും.

അമ്മ കാത്തുകിടക്കുന്നത് ഏട്ടന്റെ വരവല്ല. ആ ജീവൻ എന്നെ ഒറ്റയ്ക്കാക്കിപോവാനാകാതെ വലിച്ചു കിടക്കുന്നു. ഈശ്വരാ, എന്തൊരു ജന്മമാണെന്റേത്. അറിഞ്ഞുകൊണ്ടാരേയും ദ്രോഹിച്ചിട്ടില്ല, മനസ്സുകൊണ്ടുപോലും ദോഷം ചിന്തിച്ചിട്ടില്ല. എന്നിട്ടും എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു…?

ഞാൻ അമ്മ കിടക്കുന്ന മുറിയിലേക്ക് നടന്നു.റൂമിൽ വേറാരുമില്ല. പതിയെ കട്ടിലിന്റെ ഒരത്തിരുന്ന് ആ ശുഷ്കിച്ച കൈയിൽ തൊട്ടു. അമ്മ ഒന്നനങ്ങി. ഈ നേരത്തും തന്റെ സാന്നിദ്ധ്യം അമ്മ മനസ്സിലാക്കുന്നു. ഞാനാ മുഖത്തേയ്ക്ക് കുനിഞ്ഞു ചെവിയിൽ പറഞ്ഞു. എന്തിനാ എന്നെപ്രതി ഇങ്ങനെ കിടക്കുന്നത്. അമ്മ പൊയ്ക്കോളൂ…., ഞാനിത്തിരി തുളസീതീർത്ഥം ആ ചുണ്ടിൽ തൊട്ടുകൊടുത്തു. അമ്മ അതിറക്കി. കണ്ണുകൾ തുറന്നെന്നെ നോക്കി. ഒന്നു ചിരിക്കാൻ ശ്രമിച്ചുവോ…? ആ കണ്ണുകൾ നിറഞ്ഞൊഴുകി. അവസാന ശ്വാസവും അടങ്ങി. ഞാൻ പതിയെ ആ കണ്ണുകൾ തിരുമ്മിയടച്ചു.
അപ്പോൾ ഗേറ്റിൽ ഒരു വണ്ടി വന്നുനിൽക്കുന്ന ശബ്ദം കേട്ടു, എട്ടനാണ്.

കുട്ടാ, ദാ ഏട്ടനെത്തി ട്ടോ, ഗോപിനായർ ഉറക്കെ വിളിച്ചുപറഞ്ഞു. ഞാൻ കണ്ണുതുടച്ച് പുറത്തേക്ക് വന്നു.

കഴിഞ്ഞു ഗോപ്യാരേ…! ‘അമ്മ പോയി.

കുറച്ചു സമയം ആരുമൊന്നും പറഞ്ഞില്ല.
നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് ഗോപിനായർ പറഞ്ഞു, ഞാൻ പറഞ്ഞില്ലേ കുട്ടാ, അമ്മ ഏട്ടനെ കാത്ത് കിടക്ക്വാണെന്ന്…, പക്ഷേ ഇവനിത്തിരി ഭാഗ്യം ല്യാണ്ടേ പോയി. ഒരിറക്ക് വെള്ളം കൊടുക്കാൻ പറ്റീല്ല്യ.

ഏട്ടൻ ഏതോ നഷ്ടബോധത്തിൽ നിന്നു….!

സത്യത്തിൽ എനിക്കെന്തോ വല്ലാത്ത ആശ്വാസമാണ് തോന്നിയത്!!!

By ivayana