രചന : മംഗളാനന്ദൻ ടി കെ
അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-
ലഭയാർത്ഥി പോലെ ഹതഭാഗ്യർ.
പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽ
പിറവിയെടുത്ത ഭ്രുണങ്ങൾ.
വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റു
ചതയാൻ കുരുത്ത.തൃണങ്ങൾ.
മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യ
പദതാഢനത്തിലമർന്നും
തലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽ
അലയുന്ന രാത്രീഞ്ചരന്മാർ.
മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻ
കഴിയാതലഞ്ഞ കിടാങ്ങൾ.
അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽ
ഒരു കൂരസ്വന്തമല്ലാത്തോർ.
വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾ
വെറുതെ നുണഞ്ഞ ശിശുക്കൾ.
മൃദുലാർദ്ര മാതൃത്വ മൊരു മിഥ്യ മാത്രമെ-
ന്നറിയാതറിഞ്ഞ കിടാങ്ങൾ.
കരയുന്ന കുഞ്ഞിനും പാലില്ലയെന്നൊരു
പൊരുളിനെയുള്ളിലറിഞ്ഞോർ.
അമ്മ തൻ പൂമേനിയെന്ന ചമൽക്കാരം
ഉണ്മയല്ലെന്നുമറിഞ്ഞോർ.
ഇരുളിന്റെ താരാട്ട് താളപ്പിഴയുടെ
മുറിവേറ്റു വീണുപോകുമ്പോൾ,
പരുപരുപ്പുള്ള കൈവിരലിന്റെ സാന്ത്വനം
അറിയാതഴിഞ്ഞുപോകുമ്പോൾ,
അഭിശപ്തശൈശവമർദ്ധസുഷുപ്തിയീൽ
വെറുതെ മയങ്ങിക്കിടന്നു.
വ്യഥിതബാല്യങ്ങളൊരു മുഴുറൊട്ടീയേക്കാൾ
വലിയ കിനാക്കളില്ലാത്തോർ,
കുപ്പയിൽ നിങ്ങളുപേക്ഷിച്ചു പോയൊരു
അപ്പക്കഷണത്തിനായി,
ജനകീയപ്രജകളാം ഞങ്ങളുമായിട്ടു
ശുനകർ കടിപിടികൂടി.
കാനേഷുമാരിക്കണക്കിൽപ്പെടായ്കയാൽ
ഈനാട്ടിലെണ്ണപ്പെടാത്തോർ.
അവസാനമൊരുവെറും ശതമാനസംഖ്യയായ്
കടലാസിലെങ്ങോ കിടന്നു.
പനിവന്ന ബാലനു ചൂടുപകരുവാൻ
പകലമ്മ കെട്ടിപ്പുണർന്നു.
ഇരുളായ നേരത്തിലിരുളിൻപുതപ്പേകി ഇരതേടുവാനവൾ പോയി.
അഭിജാതരല്ലാത്ത ഞങ്ങൾ ,വിദ്യാലയ-
പ്പടികളിൽ കാൽ തെറ്റി വീണോർ,
അറിവിന്റെയക്ഷരം കൂട്ടിവായിക്കുവാൻ
അറിയാതലഞ്ഞ ബാല്യങ്ങൾ.
അഭിജാതരല്ലാത്ത ഞങ്ങൾ കറുത്തവർ
അടിമകളായിക്കഴിഞ്ഞോർ.
അഭിജാതരായവർ നിങ്ങളീമണ്ണിനെ
പലതായ് പകുത്തെടുത്തപ്പോൾ,
അരികിൽ നിന്നരികിലേക്കെന്നുമൊതുങ്ങിയ
പതിതജന്മങ്ങളീ ഞങ്ങൾ.
മണിമന്ദിരങ്ങളുയർന്നു പൊങ്ങുമ്പൊഴും
കുടിയിറങ്ങുന്നവർ ഞങ്ങൾ.
അരിയുടെ കൂനകൾ പാണ്ടികശാലയിൽ
പഴകിപുഴുവരിയ്ക്കുമ്പോൾ
ജഠരാഗ്നികൊണ്ടു മുറിവേറ്റ കിനാവുകൾ
കുടിലിൽ തളർന്നുറങ്ങുന്നു.
അകലെയൊരാതുരശാലതൻ തിണ്ണയിൽ
മരണപ്പുതപ്പിന്റെയുള്ളീൽ
അരിയെത്തിടാതെ മരിച്ച പെണ്ണീൻ ശവം
ഒരു ചോദ്യമായിക്കിടന്നു.
പ്രിയപത്നിതൻ ജഢം തലയിൽ ചുമക്കുന്ന
പതിതന്റെ കാലിടറുമ്പോൾ
മദിരോത്സവങ്ങൾ കൊണ്ടാടുന്ന നിങ്ങടെ
രഥവേഗചക്രമുരുളുന്നു.
ദളിതന്റെ പെൺമക്കളിരകളായ്മാറുന്നു
ഇരുളിന്റെ കാമമുണരുന്നു.
മൊഴിയറ്റുപോയ പെൺനാവുകളിപ്പൊഴും
വഴിയിൽ കിടന്നു പിടയുന്നു.
അഭിജാതരായവർ നിങ്ങളീനാടിന്റെ
അപദാനമിന്നു പാടുമ്പോൾ,
പറയാതിരിക്കുക, സ്നേഹത്തിൻ ഗംഗയാ-
റൊഴുകുന്നുണ്ടിപ്പോഴുമെന്നും,
പറയാതിരിക്കുക, സത്യവൂം ധർമ്മവും
പുലരുന്നു നീർഭയമെന്നൂം,
പറയാതിരിക്കുക, നീതീ സ്വതന്ത്രമായ്
ചിറകടിച്ചുയരുന്നുവെന്നും,
പറയാതിരിക്കുക, ഗൗതമബുദ്ധന്റെ
പിറവിതൻ മണ്ണിതാണെന്നും.