കൊവിഡ് വ്യാപനം ശക്തമായതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്. വിദേശികള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി . ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കുവൈറ്റ് സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികളേയും ആരോഗ്യപ്രവര്‍ത്തകരേയും ഗാര്‍ഹിക തൊഴിലാളികളേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹെല്‍ത്ത് ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍, ബ്യൂട്ടി സലൂണുകള്‍, ഹെയര്‍ഡ്രെസ്സറുകള്‍ എന്നിവ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും അടയ്ക്കാനും അധികൃതര്‍ തീരുമാനിച്ചു. റെസ്റ്റോറന്റുകള്‍ രാത്രി 8.00 മുതല്‍ പുലര്‍ച്ചെ 5.00 വരെ അടച്ചിടണമെങ്കിലും ഭക്ഷണവിതരണം അനുവദനീയമാണ്. ഫാര്‍മസികള്‍ക്കും ഇളവ് നല്കിയിട്ടുണ്ട്. അതേസമയം ആഘോഷങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കുമുള്ള ഹാളുകളും ടെന്റുകളും പൂര്‍ണ്ണമായും അടച്ചിടും.

ആളുകള്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കുവൈറ്റിലെത്തുന്ന യാത്രക്കാര്‍ സ്വന്തം ചെലവില്‍ രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനില്‍ കഴിയണം. ബുധനാഴ്ച രാജ്യത്ത് 756 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

By ivayana