രചന : ഡോ. ലയ ശേഖർ

കേസ് 1 : OP 608/2020

അനിവാര്യമായ
വിധിയുമായി
അവർ
കുടുബ കോടതിയിൽ
നിന്നിറങ്ങി.
ഒന്നിച്ച് ജയിച്ചുവോ?
ഒന്നിച്ച് തോറ്റുവോ?
ആ ചോദ്യത്തിന്റെ
അർത്ഥശൂന്യതയിൽ
നിലം പതറാതെ
അവസാനമായി
ചേർന്ന് നിന്ന്
സെൽഫി പിടിച്ചു.

കേസ് 2 : OP 234/2000

കാത്തുനിന്ന
വാഹനത്തിന്റെ
മുൻസീറ്റിലേക്ക് കയറി
റിവേഴ്സ് ഗിയറിടാതെ
കണ്ണാടി നോക്കാതെ
യാത്ര പറയാതെ
ഇരുവാഹനങ്ങളിൽ
വഴി പിരിഞ്ഞു.

കേസ് 3 : OP 10/1980

ഇടംകണ്ണ്
നിറഞ്ഞതേയുള്ളൂ
വലം കണ്ണ്
പിടക്കുകയായിരുന്നു
നെഞ്ചോട് ചേർന്ന താലിയെ
വീണ്ടുമവൾ
അടക്കിപിടിച്ചു
മാറിൽ മധുവിധുവിന്റെ
വിരലാടങ്ങൾ,
മോതിരപാടിൽ നിന്ന്
മോക്ഷമാവാതെ അവനും …
തിരിച്ചു പടികയറിയത്
വലത് കാല് വച്ച്
ഒന്നിച്ചായിരുന്നു.
തെക്കിനിയിലെ താക്കോൽ
അയാൾക്ക് നല്ക്കി
അവൾ പറഞ്ഞു
ഊണ് ഇനിയങ്ങോട്ട് എത്തിക്കാം.

ഡോ. ലയ ശേഖർ

By ivayana