രചന : മോഹൻദാസ് എവർഷൈൻ

കുലടയാണെന്നാകിലും എനിക്കുമുണ്ട്
സ്വപ്‌നങ്ങൾ രാപ്പാർക്കുമൊരു മനസ്സ്…
എവിടെ വീണുടഞ്ഞതീ പളുങ്ക് പാത്രമി –
താരുമെ തിരഞ്ഞതില്ലതിനൊട്ടുനേരമില്ല

നാണം മറയ്ക്കുവാനാകാതെ നില്ക്കവേ
നാണം മറന്നവർ ആർത്തു ചിരിക്കുന്നു…
ഏകപത്നീവൃതം വെറുമൊരു പാഴ് വാക്ക്
ലക്ഷ്മണരേഖകളെന്നോമാഞ്ഞുപോയി.

വിശപ്പിൻ കഞ്ഞിയിലൊരു തലനാരിഴ
കണ്ടാൽ മനംപെരട്ടുന്നവർ, ഇന്നെന്റെ
വിയർപ്പമൃത് പോൽമുത്തിക്കുടിക്കവെ
ഞാനോർക്കുന്നുആധിപത്യത്തിന്റകാപട്യം

പുലയാട്ടു കൊണ്ടെന്റെ ഉടല് കത്തിച്ചവർ
പങ്കിട്ടു മൃഷ്ടാന്ന ഭോജനമാക്കിടുമ്പോൾ
കരളിന്റെകിളിവാതിലടച്ചിരുളിന്റെമടിയിൽ
ചന്യായം നുകർന്നു ഞാൻ വെറുപ്പറിഞ്ഞു

പറന്നുയരുവാനാകാതെയെൻകിനാക്കൾ
ചിറകടിച്ചു പിടയുമ്പോൾ, എന്നോ മരിച്ച
ഞാനിന്ന് ചുടലയിൽ നിമഞ്ജനം കാത്തു
കിടക്കും വെറും അസ്ഥിഖണ്ഡങ്ങളായി..

മോഹങ്ങൾ ചുമന്നു തളർന്നൊരു നേരം
ഒരു സ്നേഹസാന്ത്വനം കൊതിച്ചു ഞാനും
കുലടയായിപിറന്നതില്ലെങ്കിലുമെന്നെ ഈ
പകൽ വെളിച്ചത്തിൽകല്ലെറിയുവതെന്തേ

ക്ഷണനേരമെങ്കിലും ഇണയായോരെന്നെ
ഒരു നല്ല വാക്കിനാൽഓർക്കുവാനാകുമോ
വസന്തം മറന്നോരെൻസ്വപ്നശാഖികളിൽ
വിരുന്നെത്തും നിശാശലഭങ്ങളെമടങ്ങുക.

മോഹൻദാസ് എവർഷൈൻ

By ivayana