Farooq
അറേഞ്ച്ഡ് മാര്യേജ് എന്ന ഏര്‍പ്പാടു തന്നെ പൊതുവേ നിങ്ങള്‍ക്കെതിരാണ് . ഒരു പ്രാവശ്യം കണ്ട് , രണ്ടോ മൂന്നോ ചോദ്യവും ചോദിച്ച് ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നതുതന്നെ ഒരു ഓഞ്ഞ ഏര്‍പ്പാടാണ് . എന്നാലും , വേറെ വഴിയില്ലാത്ത , തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണ് നിങ്ങളെങ്കില്‍ താഴെ പറയുന്ന രണ്ടു മൂന്നു കാര്യങ്ങള്‍ മനസ്സിലാക്കണം :
കേരളത്തിലെ 90% ആണ്‍കുട്ടികളും എം . സി . പികള്‍ ( MCP : Male Chauvinist Pig ) ആകാന്‍ വേണ്ടി വളര്‍ത്തപ്പെട്ടവരാണ് . മിക്കവാറും ആരും സ്വന്തം വീട്ടില്‍ താന്‍ കഴിച്ച പാത്രം കഴുകി വെക്കുകയോ താനുപയോഗിക്കുന്ന കക്കൂസ് ഒരു പ്രാവശ്യം പോലും വൃത്തിയാക്കുകയോ ചെയ്തിട്ടില്ല . മിക്കവാറും പേര്‍ സ്വന്തം അടിവസ്ത്രം പോലും അമ്മയെയോ പെങ്ങളേയോ ചേട്ടത്തിയമ്മമാരെയോ കൊണ്ടാണ് അലക്കിപ്പിക്കുന്നത് .
ഇക്കൂട്ടത്തില്‍ ഒരാളെയാണ് നിങ്ങള്‍ കല്യാണം കഴിക്കാന്‍ പോകുന്നത് .
അങ്ങനെയാവരുതേ എന്ന് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാം , പക്ഷെ അതിന് പത്തിലൊന്നേ സാധ്യതയുള്ളൂ . പത്തില്‍ ഒന്‍പത് സാധ്യത നിങ്ങള്‍ ഒരു എം . സി . പിയെ വിവാഹം കഴിക്കാനാണ് .
പെണ്ണുകാണല്‍ ചടങ്ങിന് സാധാരണ ചോദിക്കുന്ന എന്താ പേര് , എത്ര വരെ പഠിച്ചു എന്നീ രണ്ടു ചോദ്യങ്ങള്‍ക്കു പുറമെ ചെറുക്കനോട് മൂന്നു ചോദ്യങ്ങള്‍ കൂടി ചോദിക്കുന്നത് അയാള്‍ എം . സി . പി ആണോ എന്നറിയാന്‍ നിങ്ങളെ സഹായിക്കും . നിങ്ങള്‍ ഭക്ഷണം കഴിച്ച പ്ലേറ്റ് ആരാണ് കഴുകുന്നത് , നിങ്ങള്‍ ഉപയോഗിക്കുന്ന കക്കൂസ് ആരാണ് വൃത്തിയാക്കുന്നത് , നിങ്ങളുടെ അടിവസ്ത്രങ്ങള്‍ അലക്കുന്നത് ആരാണ് എന്നിവയാണ് ആ മൂന്നു ചോദ്യങ്ങള്‍ .
ഇങ്ങനെയുള്ള ഒരുത്തനെ കല്യാണം കഴിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആയിരിക്കും . ഒന്നുകില്‍ വെന്തു തീരും അല്ലെങ്കില്‍ പൊട്ടിത്തെറിക്കും . ഒരേ ഒരു സേഫ്റ്റി വാല്‍വ് മാത്രമേ നിങ്ങള്‍ക്കുള്ളു – ജോലി . അടുക്കളയില്‍ നിന്ന് രക്ഷപ്പെട്ട് ദിവസവും പുറത്തേക്ക് പോകാന്‍ ഒരു ജോലി നിങ്ങളെ സഹായിക്കും , ഒരു വ്യക്തി എന്ന നിലക്കുള്ള പരിഗണയും ലഭിക്കും .
അതുകൊണ്ട് ജോലി കിട്ടുന്നതു വരെ കല്യാണം കഴിക്കരുത് , എത്ര സമ്മര്‍ദ്ദമുണ്ടായാലും പിടിച്ചു നില്‍ക്കണം . കേരളത്തിലെ മിക്കവാറും പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടുന്നവരായതു കൊണ്ട് വിദ്യാഭ്യാസത്തിനനുസരിച്ച ജോലിക്ക് വേണ്ടി കാത്തു നില്‍ക്കരുത് . എന്തെങ്കിലും ജോലി , അതു മതി .
അതുപോലെ തന്നെ പ്രധാനമാണ് ഡ്രൈവിംഗ് . വെറുതെ ലൈസന്‍സ് എടുത്തു വീട്ടില്‍ വെക്കുന്നതല്ല , നന്നായി ഏതു വണ്ടിയും ഓടിച്ച് എവിടെയും പോകാനുള്ള സ്‌കില്‍സും ധൈര്യവും കല്യാണത്തിന് മുമ്പേ സ്വന്തമാക്കണം , പറ്റുമെങ്കില്‍ ചെറിയൊരു വണ്ടിയും . ജോലി നിങ്ങള്‍ക്ക് ആദരവും സമത്വവും നല്‍കുമെങ്കിലും ഡ്രൈവിംഗ് സഞ്ചാര സ്വാതന്ത്ര്യം നല്‍കും എന്നു മാത്രമല്ല ജീവിതത്തില്‍ കാര്യമായ മാറ്റവും വരുത്തും .
കല്യാണം കഴിഞ്ഞതിനു ശേഷം ജോലി അന്വേഷിക്കാമെന്ന് നിങ്ങളെ കല്യാണം കഴിക്കാന്‍ പോകുന്ന എം . സി . പി വാഗ്ദാനം ചെയ്യും , കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് .
കല്യാണം കഴിഞ്ഞു ആദ്യത്തെ മൂന്നാലു മാസം ഹണിമൂണും സല്‍ക്കാരവും വിരുന്നുമൊക്കെയായി പോകും . ആ സമയത്തെന്തായാലും ജോലി അന്വേഷിക്കാന്‍ പറ്റില്ല . അപ്പോഴേക്കും വിശേഷം ആകും .
ഇനിയിപ്പം പ്രസവത്തിനു ശേഷം ജോലി അന്വേഷിക്കാമെന്ന് എം . സി . പി പറയും . പ്രസവം കഴിഞ്ഞാല്‍ , കുഞ്ഞു കുറച്ചു വലുതാവട്ടെ എന്ന് പറയും . അങ്ങനെ രണ്ടു മൂന്നു വര്‍ഷം കഴിയുമ്പോള്‍ അടുത്ത വിശേഷം ആകും .
ഇതൊക്കെ കഴിയുമ്പോഴേക്കും ഒരു കരിയര്‍ ഉണ്ടാക്കിയെടുക്കാനുള്ള പ്രായവും ഊര്‍ജ്ജവും ഇല്ലാതായിട്ടുണ്ടാകും .
അതുകൊണ്ട് , ജോലി , അതെന്തു ജോലിയും ആയിക്കൊള്ളട്ടെ , ഇല്ലാതെ കല്യാണം കഴിച്ചാല്‍ നിങ്ങളുടെ ജീവിതം അടുക്കളയില്‍ ചിതലെടുത്തു തീരും . മുപ്പതോ നാല്പതോ കൊല്ലം കഴിയുമ്പോള്‍ നിങ്ങളുടെ മക്കളോ കൊച്ചുമക്കളോ നിങ്ങളുണ്ടാക്കുന്ന സാമ്പാറിനെ പുകഴ്ത്തി ഫേസ്ബുക്കില്‍ ഒരു നൊസ്റ്റാള്‍ജിയ പോസ്റ്റിടും , അതായിരിക്കും ചിതലരിച്ച ജീവിതത്തില്‍ നിങ്ങളുടെ ഒരേ ഒരു സന്തോഷം .
(Mohanan Pc Payyappilly)