രചന : പ്രകാശ് പോളശ്ശേരി.
രാശികളൊക്കെ ഒത്തുവന്നു
രാഗാർദ്രമായി മനസ്സും വന്നു
പത്തു പൊരുത്തങ്ങളൊത്തു വന്നു
പത്തരമാറ്റാകും, വാക്കു വന്നു
പത്തു വർഷങ്ങൾ തികക്കാതെ പിന്നെന്തേ
പത്തരമാറ്റിൻ്റെ പൊന്നു പോയി
ഇത്ര മതിയെന്നു തോന്നിയതാകുമോ
ഇനിയൊന്നു കാണുവാൻ മാത്രമില്ല
വേണ്ടിനി രാശി തൻ കൂട്ടു വേണ്ട
വേണ്ട രാശി പലകതൻ കരുത്തും വേണ്ട
ചേരേണ്ട നേരത്തു ചേർന്നു വന്ന
ചൊവ്വ’തൻ കൂട്ടുമതിയെനിക്ക്
രക്തങ്ങളൊന്നായി ചേർന്നു വന്നു
രാഗങ്ങൾ മേൻ പൊടി ചേർന്നു വന്നു
ആകാശത്താകയാൽ ചേർന്ന നക്ഷത്രങ്ങൾ
അകലെയൊരു അരുന്ധതി കൂട്ടിനുണ്ട്
ചൊവ്വായി നക്ഷത്ര കൂട്ടങ്ങൾ ചിരിക്കുന്നു
ചൊവ്വ ,കൂടെയുണ്ടെന്ന ഭാവം കൊണ്ടോ?
പിന്നിട്ടു വർഷങ്ങൾ ഭംഗിയായ് തന്നെയും
പൊന്നായ് തീർന്നല്ലൊ തൊട്ടതൊക്കെ
രാശിപ്പൊരുത്തം നോക്കി നിന്നിട്ടെത്ര
രാഗാർദ്ര മനസ്സുകൾ തകർന്നീടുന്നു
ജാതി നീചത്വങ്ങൾ മാറുന്ന പോലവെ
ജാതിരാശിത്വവും മാറ്റിടേണം