രചന : മോക്ഷ

‘കിച്ചേട്ടാ….. കിച്ചേട്ടാ….’
ലാപ്ടോപ്പിൽ മെയിൽ ചെക്ക് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു കിഷോർ. ദിവസം കുറച്ചായി ദിയ ഇങ്ങനെ ഓരോന്ന് പറഞ്ഞു കിച്ചന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.
‘എന്താ പെണ്ണേ ദിവസം രണ്ടായല്ലോ നീ ഇങ്ങനെ മൂളാൻ തുടങ്ങീട്ട്…. ന്താ വേണ്ടേ ന്റെ പെണ്ണേ…’

ലാപ്ടോപ് ടോപ് മാറ്റി ദിയയെ അടുത്തേക്ക് പിടിച്ചിരുത്തി. തന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടിരുന്ന കിച്ചന്റെ മുഖത്ത് നിന്നും കണ്ണെടുത്ത് ഒരു നാണത്തോടെ ദിയ ചോദിച്ചു
‘അതുണ്ടല്ലോ നമ്മളിപ്പോ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി….’
എന്തോ തമാശ കേട്ടപോലെ ചിരിച്ചുപോയിരുന്നു കിച്ചൻ. എങ്കിലും ചിരി അടക്കി വെക്കാൻ ശ്രമിച്ചു കൊണ്ട് അവൻ തുടർന്നു.. മറ്റൊന്നുമല്ലേ കാര്യം പറയാൻ വന്നിട്ട് കളിയാക്കി വിട്ടാൽ ഭദ്രകാളി ആവും നമ്മടെ കൊച്ചമ്മ
‘ആഹാ അപ്പോ നിനക്ക് അറീലെ അത്… നീ ആള് കൊള്ളാലോ ഇത്ര പെട്ടന്ന് മറന്നോ.’

കളിയാക്കിയതിലുള്ള പരിഭവം മറച്ചുകൊണ്ട് ദിയ അവനോട് ഒന്നുകൂടെ ചേർന്നിരുന്നു
‘ശോ ഈ കിച്ചേട്ടന്റെ ഒരു കാര്യം ഇതതൊന്നുമല്ല. നമ്മടെ കല്യാണം കഴിഞ്ഞിട്ടിപ്പം കൊല്ലം രണ്ടായില്ലേ. അതൊക്കെ എനിക്കറിയാം.’
എന്നാലും കളിയാക്കിയതിലുള്ള ദേഷ്യം ചൊടിച്ചുകൊണ്ട് അവൾ മുഖം തിരിച്ചു.

‘നിയ് ദേഷ്യം പിടിക്കാതെ കാര്യം പറ പെണ്ണേ… ചുമ്മാ നിന്ന് ചിണുങ്ങല്ലേ…’ ആ അനുനയശ്രമം ഏറ്റെന്നു തോന്നുന്നു.
അവൾ വീണ്ടും പറയാനിരുന്നത് തുടർന്നു
‘നമുക്കൊരു കുഞ്ഞു വേണ്ടേ ഏട്ടാ. നമ്മുടെ ഈ ലോകത്ത് നമ്മുടെ കൂടെ ഓടിച്ചാടി കളിപ്പറഞ്ഞു കൊച്ചരിപ്പല്ലുകൾ കാട്ടുന്ന ഒരു കുഞ്ഞു മാലാഖ…’
മുഖത്തുണ്ടായിരുന്ന ചിരി മങ്ങിപ്പോവാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളു കിച്ചന്
‘വേണ്ടാഞ്ഞിട്ടാണോ പെണ്ണേ… എത്ര ഡോക്ടർമാരെ കണ്ടു എന്നിട്ടും മാറ്റം ഒന്നുല്ലാത്തത് നിനക്കും അറിയുന്നതല്ലേ…’ പറഞ്ഞു തീരും മുന്നേ അവന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നതായി തോന്നി.

പക്ഷെ ദിയ എന്തോ മുൻകൂട്ടി കണ്ടത് പോലെ ഇടയ്ക്ക് കേറി അവനോട് സംസാരിച്ചു തുടങ്ങി
‘എങ്കിലേ ഞാനൊന്ന് പറഞ്ഞോട്ടെ…’
സമ്മതമറിയിക്കും പോലെ കിച്ചു തലയനക്കി.
കൊച്ച് കുഞ്ഞിനെ പോലെ ചിണുങ്ങി കൊണ്ട് ദിയ അവന്റെ കണ്ണുനീർ തുടച്ചു കളഞ്ഞു
‘കണ്ണൊന്നും നിറയ്ക്കണ്ട ഇത്തിരി സന്തോഷിക്കാൻ ഉള്ള വകയുണ്ടെന്ന് കൂട്ടിക്കോ..’

കിച്ചന് ഒന്നും മനസിലാവുന്നതേ ഇല്ലായിരുന്നു. ഒരുനിമിഷം അവൻ ഏതോ സ്വപ്നത്തിൽ ആണെന്ന് തോന്നി പോയി അവന്.
‘ഏഹ് എന്താ… എന്താ നിയ് പറഞ്ഞെ… സത്യം ആണോ ടി പെണ്ണേ…’
നാണം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് തലതാഴ്ത്തി ദിയ മൂളി.
‘കുറച്ചു ദിവസം ആയി എന്തോ എനിക്കൊരു സംശയം ഇന്നലെ ഞാൻ പോയി ഒരു പ്രെഗ്നൻസി ടെസ്റ്റ്‌ കിറ്റ് വാങ്ങി വന്നു… നോക്കുമ്പോ സംശയം ശെരിയാണ്…’

കിച്ചന് എന്താ ചെയ്യണ്ടത് എന്നൊരു ബോധ്യവും ഉണ്ടായിരുന്നില്ല. എങ്ങനെ അവന്റെ സന്തോഷം അറിയിക്കണമെന്നറിയാതെ അവളെ വാരി പുണരുകയായിരുന്നു.
‘പെണ്ണേ ഞാൻ… ഞാനിപ്പോ എന്താ പറയണ്ടേ… നിനക്ക് എന്താ വേണ്ടേ? പറയ് പെണ്ണേ. നമ്മടെ മോൾ… മിഴി… അവൾ അവളിങ്ങ് എത്താറായി അല്ലെ’
ഒത്തിരി നാളുകളുടെ കാത്തിരിപ്പിന് ശേഷം വന്നെത്തിയ മിഴിയുടെ വരവേൽപ്പിനായുള്ള തയാറെടുപ്പിൽ ആയിരുന്നു കിച്ചനും ദിയയും.
-ശുഭം-

By ivayana