രചന : ഗീത മന്ദസ്മിത

കർഷകനെന്നു കേട്ടാൽ പുരികം ചുളിക്കുന്നിതു ചിലർ
കൃഷിയെന്നു കേട്ടാൽ പുറം തിരിഞ്ഞു നടക്കുന്നിതു ചിലർ
കറങ്ങും കസേരയിലിരുന്നുറങ്ങും ‘മാന്യർ’,
മണ്ണിലിറങ്ങാതെ വിണ്ണിലിരുന്നുണ്ണുന്നവർ,
നമുക്കുണ്ണുവാനാവില്ലൊരിക്കലുമീ ‘കടലാസു’ കെട്ടുകൾ,
അതു കൊടുത്തു വാങ്ങും സ്വർണ്ണക്കട്ടികൾ…
ആ സ്വർണ്ണത്തളികയിലുണ്ണുവാൻ വേണമീ മണ്ണിൽ വിളയും വിഭവങ്ങൾ
വിയർക്കാതെ,വിശക്കാതെ കഴിക്കുമ്പോഴോർത്തിടാം
ഏതു മഹാമാരിയിലും, പേമാരിയിലും,പൊരിവെയിലിലും
നമ്മുടെ അന്നത്തിനായ് വിയർക്കുന്നവരെ,
ഒരു നേരത്തെ വിശപ്പാറ്റാൻ മുണ്ടുമുറുക്കിയുടുക്കുന്നവരെ
രുചി ബോധിക്കാത്തവരറിയണം ഇവരുടെ വിയർപ്പിൻ രുചി
പല്ലുമുറിയെ തിന്നുന്നവരറിയണം, എല്ലുമുറിയെ പണിയുന്നവരെ
അവരാണീ നാടിൻ നട്ടെല്ലെന്ന്, നട്ടെല്ലാണീ നാടിന്നഭിമാനമെന്ന്.. !
‘ജയ് ജവാൻ ജയ് കിസാൻ’ എന്നോതിയ പുണ്യഭൂമിയിൽ
ജനുവരിയിലെ അഭിമാന നാളിൽ തകർന്നതീ നാടിന്നഭിമാനം
കർഷകന്റെ ചുടുരക്തത്താൽ ചുവന്നതാ ചെങ്കോട്ടതൻ ഭിത്തികൾ
ഞെരിഞ്ഞമരുന്നുവോ കൃഷി ജന്മങ്ങൾ..!
തച്ചുടച്ചക്കുന്നുവോ അന്നമൂട്ടിയ കൈകളെ..!
കോർത്തിടാം കൈകളവരോടൊപ്പമായ്
ചേർത്തിടാം അവരെയും നമുക്കൊപ്പമായ്
കാത്തിടാമീ അന്നമൂട്ടിയ കൈകളെ
പാടിടാം– ‘ജയ് കിസാൻ, ജയ് കിസാൻ’…

ഗീത മന്ദസ്മിത

By ivayana