രചന : താഹാ ജമാൽ

ആ വളവു തിരിഞ്ഞാൽ
അവളുടെ വീടാണ്.
അടുത്ത വളവ്‌ തിരിയുന്നിടത്താണ്
അവൾ വീണുമരിച്ച കുളം.
കുളമെത്തുമ്പോൾ അയാൾ നിൽക്കുന്നു.
അവളുടെ വീടെത്തിയാലും അയാൾ നില്ക്കുന്നു.
ഒരിയ്ക്കൽ പോലും പ്രണയം പറയാത്ത അയാളുടെ നില്പ് കണ്ടാലറിയാം.
അയാൾക്ക് അവളോടു പ്രണയമായിരുന്നെന്ന്
ഒരിയ്ക്കലും പ്രണയം പറയാതെ പോയസുഖം, അയാളുടെ നില്പിലുണ്ട്. എന്നിട്ടും
അയാൾ നില്പ്സമരം നടത്തുന്നത് എന്തിനാണെന്ന് പലർക്കും പിടികിട്ടിയില്ല.
പലരും അയാളോടു ചോദിച്ചു?
എന്തിനാണിവിടെ നില്ക്കുന്നതെന്ന്?
അയാൾ പറഞ്ഞു.
നില്ക്കുമ്പോൾ നിലാവിറങ്ങി വരുന്നു.
നിമിഷങ്ങൾ നിഴൽത്തുമ്പിലാടുമ്പോൾ, ഓളപ്പരപ്പിലൊരു തിര
എന്നെ നോക്കുന്നു.
ആത്മാവിൻ്റെ മുഴക്കത്തിലവൾ ദൈവഭാഷ സംസാരിക്കുന്നു.
ഒരു വിരൽത്തുമ്പിനരികെ
ഒരു പനിനീർചാമ്പ ചിരിയ്ക്കുന്നു.

താഹാ ജമാൽ

By ivayana