രചന : സുമോദ് പരുമല

പിരിയുന്നതിൻ മുമ്പ്
ഒന്നുകൂടി
വിളിയ്ക്കേണ്ടതായിരുന്നു. മാറ്റിമാറ്റിവയ്ക്കപ്പെട്ട
വിളികളിൽ നിന്ന്
എത്രവേഗത്തിലാണൊരാൾ
ഇറങ്ങിനടക്കുന്നത് ..!

പിരിയുന്നതിന് മുമ്പ്
ഒന്നുകൂടി
തൊട്ടറിയേണ്ടതായിരുന്നു .
നാവുകൾ
ഹൃദയം തൊടുമ്പോഴാണല്ലോ
കടലോളം പോന്ന
സ്നേഹത്തുള്ളികൾ
ഇടയ്ക്കിടയ്ക്ക്
കണ്ണുകളിൽ
നിറയുന്നത് …!

പിരിയും മുമ്പ്
ഒന്നുകൂടി
ചിരിയ്ക്കേണ്ടതായിരുന്നു .
ചിരികളിലൂടെയാണല്ലോ ..
എരിഞ്ഞുവെണ്ണീറായ
കരൾപ്പാടങ്ങളിൽ
മഴത്താളങ്ങൾ
വസന്തങ്ങളെ
മാടിവിളിയ്ക്കുന്നത് ..!

പിരിയുന്നതിന്,
തൊട്ടുമുമ്പ്
ഒന്നുകൂടി
കാണേണ്ടതായിരുന്നു ..
കൺവെട്ടങ്ങളാണല്ലോ
കാണാമറയത്തെത്തും
വരെ…
സ്നേഹത്തെ
ഒളിവിടങ്ങളിലേയ്ക്ക്
എപ്പോഴുമെപ്പോഴും
നാടുകടത്തുന്നത് .

സുമോദ് പരുമല

By ivayana