ആതിരേ,ഓർക്കുന്നുവോ ഒരിളം കാറ്റി-
ലുന്മത്ത,യൗവ്വനതീച്ചൂളയിൽ നമ്മ,
ളുതി തെളിച്ച കടുംകനൽ പൂവുകൾ

നാളെയെന്തേതന്നതോർക്കാതെ,നമ്മള –
ന്നമ്പലക്കാവിന്റെ മൺചിരാവെട്ടത്തി-
ലാരുമേ കേൾക്കാതൊളിപ്പിച്ചൊരാശകൾ

അന്ധമാം മോഹങ്ങൾ, കാമങ്ങളായിര-
മാഗ്നേയബാണങ്ങളേറ്റു തളിർത്തു, ക –
രിഞ്ഞതാം സൗമ്യാര്‍ദ്രഗാന്ധർവശ്ശയ്യകൾ !

പൊന്നിന്‍ത.ലപ്പാവണിഞ്ഞപ്പൊ,ന്നാതിര-
സന്ധ്യകൾ, പുത്തനുഷസ്സുകൾ, മാറിലെ-
പൂന്തേൻ മറുകിൽ മയങ്ങിയരാവുകൾ

നെഞ്ചകം കീറിപ്പിറക്കുന്ന തുമ്പിക-
ളാതീരേ നീ, വിടചൊല്ലിയ നാളുകൾ

അങ്ങകലത്തൊരാ നക്ഷത്രലോകത്തി-
ലെന്നെയും നോക്കി നീ പുഞ്ചിരിക്കുന്നുവോ?

ചിന്തകൾ ചിത്തത്തിലെത്തുന്ന യക്ഷികൾ
മൗനമാണിന്നതിന്നുള്ളൊരെൻ സാക്ഷികൾ

ഓർമ്മകൾ, ഓർമ്മകൾ ചേരുന്നുവോ ഈ മരു –
ഭൂമിയിലെന്നെ പകുത്തെടുക്കുന്നുവോ!

സാന്ധ്യനക്ഷത്രമേ വീണ്ടുമെത്തീടുകെൻ –
സായന്തനങ്ങളെ സ്വന്തമാക്കീടുവാൻ.

========നിഖിൽ============

By ivayana