രചന : ഷാജു. കെ. കടമേരി

ദുരിതകാലത്തിന്റെ
കടലാഴങ്ങളിൽ
തലതല്ലിപിടഞ്ഞ
കുട്ടിക്കാലത്തിന്റെ
ഓർമ്മക്കുറിപ്പുകളിൽ
മേഞ്ഞു നടക്കാറുണ്ട്
ചില കൊടുങ്കാറ്റുകൾ

പതിനാലുകാരന്റെ
നെഞ്ചിലെ ഇടിമുഴക്കങ്ങൾ
കൊത്തിവച്ച ഭൂതകാലത്തിലേക്ക്
കോർത്ത് വച്ച നിഴൽചിത്രം.
കണ്ണീർതോറ്റങ്ങൾ എഴുതി വച്ച
പഠനകാലത്തിന്റെ
ഓർമ്മയുടെ കൊമ്പത്ത്
പറന്നിറങ്ങി ചിറക് വിരിക്കുന്നു.

പട്ടിണി വരച്ച് വച്ച
ചുവരുകൾക്കുള്ളിൽ നിന്നും
വിങ്ങിയ നിഴലുകൾ
ഓണാരവങ്ങളിൽ തൊട്ട് തലോടി
വെയിൽചീളുകൾ വരയും
മുറ്റത്തുടെ കറങ്ങി തിരിഞ്ഞു.

സ്വപ്നങ്ങളിൽ മാത്രമുണ്ടായിരുന്ന
ഓണക്കോടിയുടെ വിരിയാത്ത
പ്രതീക്ഷകളിലേക്കിറങ്ങി പോയ
സങ്കടം ഞാൻ അമ്മയുടെ
മുമ്പിൽ നിവർത്തി.

ദാരിദ്ര്യത്തിന്റെ ചുവരെഴുത്തുകൾ
വായിക്കാനറിയാത്ത സമയം.
കളിക്കൂട്ടുകാരുടെ
കുപ്പായത്തിനൊക്കെ
നെഞ്ചോടടുപ്പിക്കുന്ന മുല്ലമണം
കദീശുമ്മ തന്ന പിന്നിയ
നൂല് പൊട്ടി കരിമ്പനടിച്ച
എന്റെ കുപ്പായത്തിന്
കൂറ മിഠായിയുടെ മണമായിറുന്നു.

പുത്തൻ കുപ്പായമണിഞ്ഞ
കളിക്കൂട്ടുകാരുടെ
കൊച്ചു വർത്തമാനങ്ങളിൽ
ഓണമഴവില്ല്
വരയ്ക്കാനൊരുങ്ങി നിന്ന
എന്റെ നെഞ്ചിലവർ
“പഴയ കുപ്പായമാണെന്ന് “
ചുവന്ന വരയിട്ടു.

പൊട്ടിക്കരഞ്ഞ് തല താഴ്ത്തി
നിന്ന എന്റെ നെഞ്ചിൽ
ആർത്തലച്ച് തലയിട്ടടിച്ച
നോവുകൾ തല കുത്തി മറിഞ്ഞ്
പതറി വീണുകൊണ്ടിരുന്നു.

ചെളി വാരിയെറിയപ്പെട്ട
ചോദ്യോത്തരങ്ങൾ
പതഞ്ഞ്‌ കുഴഞ്ഞ്
നെഞ്ചിലൊട്ടിക്കിടന്നു.

കടപുഴകി വീണ
നൊമ്പരചീന്തുകൾക്കിടയിൽ
വീട്ടിലേക്കുള്ള വഴിയിൽ
കിതച്ചു വീണ കണ്ണീർതുള്ളികൾ
വെയില് കെട്ടിപ്പിടിച്ച്
വിതുമ്പി പെയ്ത
ചാറ്റൽ മഴയിലലിഞ്ഞു.

ഷാജു. കെ. കടമേരി

By ivayana