രചന : മഞ്ജുള മഞ്ജു
നിങ്ങള്‍ ഞങ്ങള്‍ക്കു തരുന്ന മുള്ളുകള്‍ക്കും ബാരിക്കേഡുകള്‍ക്കും പകരം
ഞങ്ങളിതായിവിടെയൊരു പൂന്തോട്ടം നിര്‍മ്മിക്കുന്നു
അതില്‍ വിരിയുന്ന എല്ലാ പൂവുകള്‍ക്കും
ഞങ്ങളുടെ സങ്കടങ്ങളുടെ
നിങ്ങളുടെ നിരാസങ്ങളുടെ
നിറമാണ്
കാതങ്ങള്‍ക്കകലെ ഞങ്ങളുടെ ഗോതമ്പുപാടങ്ങളില്‍
കോര്‍പ്പറേറ്റുകളുടെ ചിരി വീണ്
തീ പിടിക്കുന്നു
ഞങ്ങളുടെ കരളിലേയ്ക്കത് പടര്‍ന്ന്
കണ്ണുകളില്‍ നിന്ന് നദികളുത്ഭവിക്കുന്നു
ട്രാക്ടറുകളില്‍ കൈകളില്‍
പ്രതിഷേധങ്ങള്‍ മാത്രമല്ല
ഞങ്ങളുടെ തീരാത്ത കടങ്ങളുടെ
ആത്മഹത്യാ കുറിപ്പുകളുണ്ട്
വഴിക്കണ്ണുമായ് കാത്തിരിക്കുന്ന
പ്രിയപ്പെട്ടവരുടെ പ്രതീക്ഷകളുടെ
ഭാരമുണ്ട്
ഏതു നിമിഷവും ഒരു വെടിയുണ്ടയില്‍
തുളഞ്ഞുപോയേക്കാവുന്ന പ്രാണനുണ്ട്
ഞങ്ങള്‍ നിങ്ങള്‍ക്കായ് നടാന്‍ വച്ചേക്കുന്ന
ധാന്യമണികളുടെ നെടുവീര്‍പ്പുകളുണ്ട്
അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവന്റെ
പെരുമ്പറ കൊട്ടുന്ന ഹൃദയം
പൂട്ടിവയ്ക്കാനാവാതെ
സമരഭൂമിയില്‍ ജീവിതം
കത്തിയെരിയുന്ന ഗോതമ്പുപാടങ്ങളാകുന്നു
കാലകാലങ്ങളായ് ഞങ്ങള്‍ തന്‍
വേര്‍പ്പൂ വീണ മണ്ണിലായിരം
നെല്‍ക്കതിര്‍
ചോളവിത്തുകള്‍
ഗോതമ്പുമണികളതിലായിരം
പതിനായിരം സ്വപ്നങ്ങള്‍
തോക്കിനാലെത്ര മറുപടി നീ തന്നാലും
വാക്കിനാലെത്ര നീ
ചാട്ടുളി വീശിയാലും
വിത്തു വീണു പൊട്ടുമീ മണ്ണിലെത്രയോ
മുകുളങ്ങള്‍..