വന്ദന🖋️
കുറച്ചു ദിവസം മുൻപ് രാവിലെ ഉണർന്നപ്പോൾ കേട്ടത് ഒരു മരണവാർത്തയാണ്. വാർത്ത അറിയിക്കാൻ വിളിച്ചയാൾ ഫോൺ കട്ട് ചെയ്യും മുൻപ് പറഞ്ഞ ഒരു കാര്യം എന്തുകൊണ്ടോ മനസിൽ നിന്നും പോകുന്നില്ല
” പാവം മനുഷ്യൻ… കൊല്ലങ്ങളോളം ഗൾഫിൽ കിടന്ന് ആവിശ്യത്തിൽ കൂടുതൽ സമ്പാദിച്ചു. തിരിച്ചു വന്ന് ഒരു കൊല്ലം പോലും ആയില്ല… കുറെ സമ്പാദിച്ചതല്ലാതെ ഒന്നും അനുഭവിച്ചില്ല.. “
എന്നായിരുന്നു അത്.
വർഷങ്ങളോളം ഗൾഫിൽ ക്രിട്ടിക്കൽ എമർജൻസിയിൽ ജോലി ചെയ്തിരുന്നതുകൊണ്ട് അപ്രതീക്ഷിത മരണങ്ങൾ ഒരു നിത്യ കാഴ്ച്ചയായിരുന്നു.
ഡിപ്പാർട്ട്മെൻറിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിന് KFC കൊണ്ടുവന്ന് തന്ന് ചിരിച്ചു കൊണ്ട് പിറന്നാൾ ആശംസിച്ച് വേഗത്തിൽ നടന്നു പോയ KFC ഡെലിവറി ബോയ് അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങും മുൻപ് ഞങ്ങൾക്കു മുൻപിൻ ജീവനറ്റ ശരീരമായി വന്നത് എങ്ങനെ മറക്കും.
ഒരു ഈദ് അവധിക്കാലത്ത് സന്തോഷത്തോടെ കൈ വീശി യാത്ര പറഞ്ഞ് കുടുംബത്തോടൊപ്പം സ്വന്തം കാറിൽ ട്രിപ്പ് പോയൊരു സഹപ്രവർത്തകനും കുടുംബവും അൽപ്പസമയത്തിനു ശേഷം പോലീസ് ആംബുലൻസിൻ ജീവനറ്റ അയാളുടെ ഭാര്യയേയും ഒന്നുമറിയാതെ പകച്ചിരിക്കുന്ന രണ്ടു പിഞ്ചു പെൺമക്കളുമായി എമർജൻസിയുടെ വാതിൽക്കൽ വന്ന് തകർന്നു നിൽക്കുന്ന കാഴ്ച്ച വർഷങ്ങൾ കഴിഞ്ഞീട്ടും കൺമുൻപിൽ കാണും പോലെ.
അങ്ങനെ എത്രയോ സംഭവങ്ങൾ.
പൊലീസ് ആംബുലൻസിൽ ജീവൻ ഏതാണ്ട് പൂർണ്ണമായും നഷ്ടപ്പെട്ട നിലയിൽ എമർജൻസിയിൽ വരുന്ന മിക്ക മനുഷ്യർക്കും ഹോസ്പിറ്റൽ ഫയലിലെ ആദ്യ പേര് ‘അൺനോൺ’ എന്നാവും.
അവരിൽ അൽപ്പമെങ്കിലും അവശേഷിക്കുന്ന ജീവൻ തിരികെ പിടിക്കാനുള്ള തത്രപ്പാടിനിടയിൽ അയാളുടെ പേരോ ദേശമോ ഒന്നും ആരുടെയും ചിന്തയിൽ പോലും വരാറില്ല.
പലപ്പോഴും മണിക്കൂറുകളുടെ അധ്വാനം വിഫലമാക്കിക്കൊണ്ട് അയാൾ ദൈവത്തിന് പ്രിയപ്പെട്ടവനാകുമ്പോൾ മൃതദേഹം പായ്ക്ക് ചെയ്യുന്നതിനിടയിലാകും മുറിച്ചു മാറ്റപ്പെട്ട അയാളുടെ വസ്ത്രത്തിനിടയിൽ നിന്നും ഒരു വാലറ്റ് ലഭിക്കുക.
മിക്ക പ്രവാസികളുടെയും വാലറ്റിന് ഒരേ സ്വഭാവമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആ വാലറ്റ് തുറന്നു നോക്കുമ്പോൾ കാണാം.. നാഷണൽ ഐ ഡി… കുറച്ചു വിദേശ കറൻസികൾ.. വാലറ്റിൻ്റെ ഉള്ളറയിൽ കുറച്ച് സ്വന്തം നാട്ടിലെ കറൻസികൾ… കഴിഞ്ഞ തവണ നാട്ടിലേക്ക് പണമയച്ചതിൻ്റെ ഒരു റസിപ്റ്റ്… പിന്നെ ഭാര്യയേയും / ഭർത്താവിനേയും മക്കളേയും ചേർത്തു പിടിച്ചുള്ള ഒരു ഫോട്ടോ.!
ആ കാഴ്ച്ച ഹൃദയഭേദകമാണ്!!
അത്ര നേരവും ‘അൺനോൺ ‘ ആയിരുന്ന ആ മനുഷ്യന് ഒരു പേരുണ്ടാവും അതിനു ശേഷം ഹോസ്പിറ്റൽ ഫയലിൽ…
പിറകെ അയാളുടെ / അവരുടെ സുഹൃത്തുക്കളോ ബന്ധുക്കളോ വിവരമറിഞ്ഞെത്തും…
കുറച്ചു ദിവസമെങ്കിലും ആ മനുഷ്യനും ആ ഫോട്ടോയും മനസിൽ നിന്നും മായാതെ നിൽക്കും!
പിന്നീട് ഡെത്ത് സമ്മറി വാങ്ങാൻ എത്തുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ പറഞ്ഞറിയും…
വളരെ വർഷങ്ങളായി ഗൾഫിൽ ഒറ്റക്കു കഴിഞ്ഞ അയാളെ / അവരെ പറ്റി… തീരാത്ത പ്രാരാബ്ദ്ധങ്ങളെ പറ്റി…. ഒരിക്കലും നന്നായി ജീവിച്ചീട്ടില്ലാത്ത നന്നായി ആഹാരം പോലും കഴിക്കാറില്ലായിരുന്ന അയാളെ / അവരെ പറ്റി.. ഒടുക്കം ഒന്നുമില്ലാത്തവനായി ഒരു പെട്ടിയിൽ ചേതനയറ്റ് മടങ്ങേണ്ടി വന്നതിനെ പറ്റി.
മിക്കവർക്കും ഒരേ കഥ.. ഒരേ ജീവിതം…ഒരേ വിധി!
പ്രാരാബ്ദ്ധങ്ങൾ എല്ലാം തീർത്ത് വിദേശത്തു നിന്നൊരു മടക്കം ഒരിക്കലും സാദ്ധ്യമല്ല. ജീവിത നിലവാരം ഉയരുന്നതിനനുസരിച്ച് പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും കൂടും. എല്ലാം പരിഹരിച്ചു വരുമ്പോഴേക്കും ജീവിതം കൈവിട്ടു പോകും.
നാളേക്ക് കരുതൽ വേണ്ട എന്നല്ല… എങ്കിലും നല്ലൊരു നാളെ എന്ന സ്വപ്നത്തിൽ ഇന്നിൻ്റെ സൗന്ദര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. നാളെ എന്തെന്നെന്നത് അനിശ്ചിതമാണ്. നമുക്ക് ഇന്നിൽ ജീവിക്കാൻ ശ്രമിക്കാം!
വന്ദന🖋️
പച്ചയായ സത്യം…
മാറ്റം വരേണ്ടത് പ്രവാസികളിലല്ല.മറിച്ച് നാട്ടിലുള്ളവര്‍ക്കാണ്.
ചുരുക്കി പറഞ്ഞാല്‍ കുഞ്ഞ് ഒന്നാം ക്ലാസ്സില്‍ പോകാന്‍ തുടങ്ങി കഴിഞ്ഞാല്‍ നിര്‍ത്തി പോന്നേക്കണം.[അല്ലെങ്കിലൊരിക്കലും ജീവനോടെ ഒരു തിരിച്ചു വരവുണ്ടാവില്ല] വീണ്ടും തിരിച്ചു പോകാന്‍ ഒരുങ്ങുന്ന പ്രവാസിയുടെ , അത്പുരുഷനായാലും,സ്ത്രീയായാലും പാസ്പോര്‍ട്ടും , ടിക്കറ്റും കുടുംബത്തിലുള്ളവര്‍ ഒളിച്ചു വെക്കപ്പെടണം. ഒരിക്കലും കേട്ടിട്ടില്ലാത്തതും ,കേള്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ വാക്കുകളിത്…
സൈനുദീൻ പാടൂർ