രചന : ഷാജി മാറാത്തു
“ന്റോടക്ക് പോരാർന്നില്ലേടീ , എന്തിനാടി കുറുമ്പേ ഇച്ചതി ചെയ്തേ – —“
പ്ലാവിൻ ചുവട്ടിലിരുന്ന് കണ്ടപ്പന്റെ വള്ളി നെഞ്ചത്തടിച്ചു നിലവിളിച്ചു.
“കുരുത്തല്ല്യാത്തോനേ… ഇവളെക്കൊല്ലിച്ച നീ ഗുണം പിടിക്കില്ലാ…..”സങ്കടക്കരച്ചിൽ പ്രാക്കിന്റെ രൂപത്തിലായി.
“കരഞ്ഞത് മതി. അങ്ങോട്ടു മാറി നില്ക്കു കാര്യങ്ങൾ നടത്തട്ടെ.” സ്റ്റേഷനിൽ നിന്ന് വന്ന പോലീസ്കാരൻ പറഞ്ഞതു കേട്ടതും വള്ളിയുടെ കരച്ചിൽ നിന്നു.
“വേഗം കൊണ്ടക്കോളോ സാറന്മാരെ …..എനിക്കിത് കാണാൻ മേലേ…”
പറയുന്നതു മുഴുവൻ കരച്ചിലിന്റെ രൂപത്തിലാണ്.
കേൾക്കുന്നവർക്ക് തമാശയായി തോന്നിത്തുടങ്ങി.
കല്ലായി ചന്ദ്രനും രാധാകൃഷ്ണനും കൂടി മൃതശരീരം അഴിച്ച് താഴെക്കിടത്തി. പോലീസുകാർ പരിശോധനകളും മഹസ്സർ തയ്യാറാക്കലും തുടങ്ങി. വിവരങ്ങൾ അറിഞ്ഞറിഞ്ഞ് നാട്ടുകാരെല്ലാവരും അവിടെയുണ്ട്.
രാവിലെ മുറ്റമടിച്ചുവാരുമ്പോഴാണ് തെക്കേലെ അച്ചുവേട്ടന്റെ മക്കൾ ഓടി വന്നത്. “ചേച്ചി ഇന്ന് പഠിക്കാൻ പോണ്ടാ
അവിടെ ഒരാള് തൂങ്ങി മരിച്ചൂന്ന്”.
കേട്ടതും വല്ലാത്ത വിഷമം തോന്നി.
“ആരാ ഉണ്ണീ മരിച്ചത്?”
“ക്കറീല്യ…”
അവൻമാവിൻ ചുവട്ടിലേക്കോടി.
അടർന്നു വീണു കിടക്കുന്ന മാമ്പഴങ്ങൾ പെറുക്കിയും കടിച്ചും അവൻ നടന്നു.
“അച്ഛാ … ആരാ മരിച്ചൂന്ന് പറയണത്? “
“അതാ മണ്ണാത്തി കുറുമ്പയാണ്
കെട്ടിയവൻ എന്നും തല്ലും തിക്കും തിരക്കുമാണ്.
കുടുമ്മത്ത് തൊയ്രല്യാണ്ടായാ എന്താ ചെയ്യാ ?”
സുധാകരൻ പത്രം നോക്കുന്നതിനിടയിൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിന്റെ സങ്കടത്തെക്കുറിച്ചോർത്ത് അവൾ മുറ്റമടിക്കൽ തുടർന്നു.
“ഇന്നുച്ചവരെ ക്ലാസ്സുള്ളൂ. ഞാൻ പോണില്ല അച്ഛാ….”
അവളുടെ ഉള്ളിലൊരു സങ്കടക്കിനിച്ചിലുണ്ടായി.
“ഇതാ കുഴപ്പം. ആർക്കെങ്കിലും എന്തെങ്കിലും പറ്റീന്നറിഞ്ഞാ പിന്നെ രണ്ടീസം കണക്കാവും ഇതാ ഞാനിന്നലെ അറിഞ്ഞിട്ടും പറയാതിരുന്നത്”. സുധാകരൻ അപർണ്ണയോടായി പറഞ്ഞു.
ഒരു തീരുമാനമെടുക്കാനാവാതെ അവൾ അച്ഛന്റെ മുഖത്ത് നോക്കി കുറച്ചു നേരം നിന്നു. പിന്നീട് മുറ്റംവ്യത്തിയാക്കാൻ തുടങ്ങി.
രാവേറെയായിട്ടുണ്ട്.
വീടുകളിലെ വിളുകളെല്ലാം അണഞ്ഞു. സ്ട്രീറ്റ് ലൈറ്റുകൾ കത്തി നില്ക്കുന്നുണ്ട്. റബ്ബർ കമ്പനിയിലേക്ക് ലോഡുമായി പോകുന്ന ലോറികളുടെ ശബ്ദം മാത്രം ഇടക്കിടക്ക് കേൾക്കാം. അമിതഭാരവുമായി വരുന്ന വാഹനങ്ങളുടെ ചക്രങ്ങൾ റോഡിലുരയുന്ന ശബ്ദം വല്ലാത്ത അലോസരമുണ്ടാകുന്നുണ്ട്. ഉറക്കം വരുന്നില്ല. അവൾ എഴുന്നേറ്റിരുന്നു. അഴിഞ്ഞുവീണ മുടി കെട്ടിവെച്ചു. അനില നല്ല ഉറക്കത്തിലാണ്. മാറിക്കിടന്നിരുന്ന അവളുടെ വസ്ത്രങ്ങൾ നേരാംവണ്ണം ഇട്ടു. പുതപ്പെടുത്ത് ദേഹത്തിട്ടു കൊടുത്തു. പതുക്കെ അവളുടെ നിറുകയിൽ തലോടി. ഉറക്കത്തിലാണെങ്കിലും അവളുടെ മുഖം വാത്സല്യ സുഖത്തിലലിഞ്ഞു.
മേശമേൽ വെച്ച മൺകൂജയിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചു. ജനൽ പാളി ഒരെണ്ണം തുറന്നു. പുറത്ത് കുറ്റാകുറ്റിരുട്ടാണ്. ഒന്നും കാണാൻ കഴിയുന്നില്ല. ഇടക്കു തെളിയുന്ന വെളിച്ചവുമായി മിന്നാമിന്നികൾ പറന്നു നടക്കുന്നുണ്ട് അവിടവിടെ. ചെറിയൊരുകാറ്റ് അവളുടെ മുടിയിഴകൾ തഴുകി കടന്നുപോയി. പുറത്തെ ഇരുട്ടിനെ വല്ലാത്ത ഭയം തോന്നി അവൾക്ക്. രണ്ട് കണ്ണുകൾ ഇരുട്ടിൽ പ്രകാശിക്കുന്നതവൾ കണ്ടു. പൂച്ചയായിരിക്കും മനസ്സിൽ കരുതി. കുഞ്ഞുങ്ങളുടെ അലമുറയിട്ട നിലവിളിയും കേട്ട പോലെ തോന്നുന്നു ജനൽ പാളി പതുക്കെ അടച്ചു.
അമ്മയുടെ മുറിയിലേക്ക് ചെന്നു. സീറോ വാട്ടിന്റെ വെളിച്ചം മാത്രമാണുണ്ടായിരുന്നത്. അമ്മയുടെ കട്ടിലിനരികിൽ ചെന്ന് കിടന്നു.
“ന്താ ന്റെ കുട്ടിക്ക്?”
ഉറക്കമുണർന്ന അമ്മയുടെ ചോദ്യത്തിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. തൊണ്ടയിൽ ഒരു സങ്കടം തിരതല്ലുന്നുണ്ടായിരുന്നു.
അവൾ അമ്മയെ മുറുക്കിപ്പിടിച്ചു. ഏങ്ങിയേങ്ങിക്കരഞ്ഞു.
“സുധേട്ടാ …..” അമ്മ വിളിച്ചു
“ന്തേ?” ഉറക്കച്ചടവിലും സുധാകരൻ വിളി കേട്ടു.
“ഒന്നെഴുന്നേറ്റു വരൂ…. അപ്പു ദാ ഇവിടെ വന്ന് കിടക്കുന്നു”.
സുധാകരൻ
എഴുന്നേറ്റ് ലൈറ്റിട്ടു. അവളുടെ ഏങ്ങലിന്റെ ഒച്ചയിൽ അയാളുടെ ഉള്ളുപിടഞ്ഞു.
“ന്തേ പൊന്ന്വോ? ന്തിനാ അച്ഛന്റെ കുട്ടി കരയണത്?”
അയാളവളെ പിടിച്ചെഴുന്നേല്പിച്ചു.
“ദുസ്വപ്നം വല്ലതും കണ്ടോ? കിടക്കുമ്പോൾ രാമനാപം ജപിച്ചില്ലേ?”
അയാളവളുടെ തോളിൽ പിടിച്ച് സമാധാനിപ്പിക്കാനായി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.
“ഒന്നുല്ല്യച്ഛാ … എനിക്കെന്തോ ആ കുട്ടികളുടെ കാര്യം ഓർത്തിട്ട് ….”
അവൾ വീണ്ടും ഏങ്ങലടിച്ച് അയാളുടെ മാറിൽ ചാഞ്ഞു.
“അതിനിപ്പൊ നി എന്താ ചെയ്യാ ? എല്ലാം കഴിഞ്ഞില്ലേ. ഇനി വരണതുപോലെ വരട്ടെ.
നമ്മുക്കവരെ കഴിയുന്ന പോലെ സഹായിക്കാം. അത്രല്ലേ പറ്റൂ അതിന് നീയിങ്ങനെ വിഷമിച്ചാൽ ….
ന്റെ കുട്ടീടെ കണ്ണ് നിറഞ്ഞാൽ അച്ഛന്റെ ചങ്ക് പിടയും. നല്ലത് വിചാരിച്ച് പോയി കിടന്നോളു… ന്റെ കുട്ടിക്ക് നല്ലത് വരും. നല്ലതേ വരൂ”.
അയാളവളെ ചേർത്ത് പിടിച്ച് നിറുകയിൽ ഒരു മുത്തം നല്കി.
“പോയി കിടന്നോളു… അമ്മയെ വിഷമിപ്പിക്കണ്ട”.
“ഞാനിവിടെ കിടന്നോളാം….” അവൾ അമ്മയുടെ അടുത്ത് ചെന്ന് കിടന്നു.
സുധാകരൻ ലൈറ്റ് ഓഫാക്കി.
ഇരുട്ടിലും നേർത്ത ശബ്ദത്തിൽ രാമനാമജപം കേൾക്കുന്നുണ്ടായിരുന്നു.
രാമ രാമ രാമ രാമ
രാമ രാമ പാഹിമാം
രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം…
ചിത്രം:ജയൻ കുമ്പളത്ത്