രചന : ശിവ സദാ ശിവശൈലം
കളയാൻ എന്തെളുപ്പം
ഏതും എന്തും !
പക്ഷേസൂക്ഷിക്കാനും
പരിപാലിക്കാനുമാണ് പ്രയാസം!
ഉപേക്ഷിക്കൽ
ഒരു നിവൃത്തികേടാണ് ശരിക്കും!
ആലോചിച്ചാലറിയാം!
ഒന്നും ഉപേക്ഷിക്കാതിരിക്കലാണ്
സങ്കീർണ്ണമെങ്കിലും ഗുണകരം!
നമുക്കത് പക്ഷേ
ആവാതെ വരും!
ചിലത്
ചിലര്
പോട്ടെയെന്നവസ്ഥ
ജീവിതത്തിന്റെ സാധാരണതയാണ്!
ശീലങ്ങളും വിശ്വാസങ്ങളും ധാരണകളും
ചിലപ്പോൾ ഉപേക്ഷിക്കേണ്ടി വരാം!
പ്രിയപ്പെട്ടവയും
ഗത്യന്തരമില്ലാതെയങ്ങനെ…..
ഓരോ ഉപേക്ഷിക്കലിലും
ഓരോ നോവിൻ ആകാശം കൂടിയുണ്ട്!
പരിധിയോ പരിമിതിയോ
ഇല്ലാത്ത വിധം ….
എൻ.എസ് മാധവന്റെ കഥ
ബിയാട്രിസ് ലെ
ഡോർ റ്റു ഡോർ
വ്യാപാരികളായ കഥാനായകർ പറയും പോലെ
” ഉണ്ടാക്കാനും ഉപയോഗിക്കാനും
പ്രയാസമെങ്കിലും
വഴിയിൽ കളയാൻ എന്തെളുപ്പം!
നീർച്ചോലയിലേക്ക്
അവരാ വില്പനയ്ക്കുള്ള അടിവസ്ത്രങ്ങൾ
ഒന്നൊന്നായി എറിഞ്ഞു കളയുന്ന രംഗം …..
അപ്പോൾ
എന്തൊക്കെയായാലും
ഉപേക്ഷിക്കാനാണ് എളുപ്പം!
ഒഴിയാബാധകളോ
ശീലങ്ങളോ
ഹൃദയാടുപ്പം വിട്ട ബന്ധങ്ങളോ
സൗഹൃദങ്ങളോ
ഏതായാലും …..
ഇടിഞ്ഞു പൊളിഞ്ഞാലും
തകർക്കപ്പെട്ടാലും
അഭയസ്ഥാനവും ഉപേക്ഷിക്കേണം!
അല്ല
നമ്മുടെയീ
മാസ്ക് എന്ന
നിർബ്ബന്ധിത വസ്തുവിനെ
എന്നാണുപേക്ഷിക്കാനാവുക?
ചില
ഉപേക്ഷിക്കലിൽ
സ്വസ്ഥതയും സമാധാനവും
സന്തോഷവും കൂടിയുണ്ടാവാം!