ലോക്ക് ഡൗൺ കാലം കുടുംബവുമൊത്ത് വെഞ്ഞാറമൂടുള്ള വീട്ടിലാണ് താരം. അടുത്ത് സഹോദരനവും സഹോദരിയുമുണ്ട്. അതിനാൽ തന്നെ ലോക്ക് ഡൗൺ കാലം തറവാട്ടിലും പറമ്പിലുമായി ആസ്വദിച്ചു കഴിയുകയാണ്.പെയിന്റിങ്ങ് വളരെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് കുറെ പെയ്ന്റുകൾ വാങ്ങിവെച്ചിരുന്നു. അയൽവാസിയുടെ സഹായത്തോടെ അത് മിക്സ് ചെയ്തെടുത്തു. അങ്ങനെ അടുക്കള മുഴുവനും സ്വയം പെയ്ന്റ് ചെയ്ത് എടുത്തു. പിന്നീട് ഗേറ്റും പെയ്ന്റടിച്ച് ഭംഗിയാക്കി.ഷൂട്ടിങ്ങിന് പേകാനുള്ള സൗകര്യം നോക്കി 9 വർഷം മുമ്പാണ് കൊച്ചിയിലേയ്ക്ക് താമസം മാറ്റിയത്. തിരുവനന്തപുരത്ത് താമസിച്ചിരുന്ന കാലത്ത്, പ്രസവ സമയത്ത് പോലും ഭാര്യ സുപ്രിയയുടെ അടുത്ത് നിൽക്കാൻ കഴിഞ്ഞിരുന്നില്ല. മൂത്ത കുട്ടി ജനിച്ചപ്പോൾ മൂന്ന് ദിവസം കഴിഞ്ഞും രണ്ടാമത്തെയാളെ ഒരാഴ്ച കഴിഞ്ഞുമാണ് കണ്ട്ത്. ഇങ്ങനെ പോയാൽ അച്ഛനെ കാണുമ്പോൾ മക്കൾ ‘‘ദേ പൈസ കൊണ്ടു വരുന്ന മാമൻ വരുന്നു” എന്നു പറയുമെന്നു സുരാജിനു തോന്നി. അങ്ങനെ കുടുംബസമേതം കൊച്ചിയിലേയ്ക്ക് താമസം മാറ്റി.അച്ഛൻ പട്ടാളത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം മക്കളേയും പട്ടാളത്തിൽ വിടണമെന്നായിരുന്നു. അങ്ങനെ ചേട്ടന് പട്ടാളത്തിൽ ചേരേണ്ടി വന്നു. വലതുകൈ ഒടിഞ്ഞതിനാൽ സുരാജിനു പട്ടാളത്തിൽ പോകേണ്ടി വന്നില്ല. പക്ഷേ, അച്ഛനും ചേട്ടനും ജോലിചെയ്ത കാർഗിലിൽ ഷൂട്ട് ചെയ്ത സിനിമയിൽ പട്ടാളക്കാരന്റെ വേഷത്തിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു- കുരുക്ഷേത്രയിൽ. മിമിക്രി ഇപ്പോഴും കൈവിട്ടിട്ടില്ല. ഷൂട്ടിങ് തിരക്കിനിടയിലും പുതിയ താരങ്ങളെ അനുകരിച്ചു പ്രാക്ടീസ് ചെയ്യാറുണ്ട്. എവിടെ സ്റ്റേജ് കിട്ടിയാലും മിമിക്രി ചെയ്യാൻ ഇഷ്ടമാണ്. ചേട്ടൻ സജിയാണു മിമിക്രിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്.