Shaju V V
ഒരു കൂട്ടുകാരൻ ഈയിടെ പറഞ്ഞ കഥയാണ് .എല്ലാ കഥനങ്ങളിലും കഥ കിടന്നുരുണ്ടു കളിക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് കഥ എന്നു വിളിച്ചത് .സംഗതി സംഭവിച്ചതാണ്. ഭവിച്ചതിനെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ ഭാവനയുണ്ടാകും. കൂട്ടുകാരനാണെങ്കിൽ ഭാവനാശാലിയുമാണ് .
ഒരു മദ്ധ്യവയസ്കനായ യുവാവ് അമ്മയെയും കൊണ്ട് മനോരോഗ ആശുപത്രിയിൽ പോയി. അമ്മയെ പുറത്തിരുത്തി ഡോക്ടറോട് രോഗത്തിന്റെ വിശദാംശങ്ങൾ ആധുനിക മനശാസ്ത്രത്തിന്റെ പദാവലികൾ നിർലോഭം ഉപയോഗിച്ചു വിശദീകരിച്ചു. വൈദ്യന്റെ ജ്ഞാനമണ്ഡലത്തിൽ നിർബാധം, ആധികാരികതയോടെ മേഞ്ഞുനടന്നു കൊണ്ടുള്ള രോഗാഖ്യാനം ഡോക്ടറെ ചൊടിപ്പിച്ചെങ്കിലും ആഖ്യാതാവിന്റെ പഴുതടച്ചു കൊണ്ടുള്ള രോഗവിവരണത്തിന്റെ ഭയങ്കര ശാസ്ത്രീയതയെ ചോദ്യം ചെയ്യാനുള്ള ജ്ഞാന ധീരത ഭിഷഗ്വരനുണ്ടായില്ല.
അസ്വസ്ഥനായ ഡോക്ടർ അമ്മയുടെ രോഗനിർണയം കൂടി മകൻ നടത്തുമെന്ന ഘട്ടമായപ്പോൾ നിങ്ങളുടെ മാതാവിന് കൂടിയ ഇനം സ്കിസോഫ്രീനിയയാണെന്നു അവനവനെയും വൈദ്യ സമൂഹത്തെയും പരിജ്ഞാനിയായ മകനിൽ നിന്നു രക്ഷിക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു .ഡോക്ടറുടെ നിലവിളിച്ചു കൊണ്ടുള്ള രോഗനിർണയ വാക്യം കേട്ടാൽ അയാൾക്കാണ് രോഗം എന്നു തോന്നും വിധത്തിലുള്ള ലക്ഷണക്കേട് അതിലുണ്ടായിരുന്നു. അമ്മയെ അഡ്മിറ്റ് ചെയ്യാൻ ധാരണയായി .
അമ്മ മകനോട് പറഞ്ഞു .എനിക്ക് ഡോക്ടറോട് സ്വകാര്യമായി സംസാരിക്കണം.അങ്ങനെ രോഗിണി ഡോക്ടറോട് സംസാരിച്ചു തുടങ്ങി.അവർ മകന്റെ മനോരോഗാവസ്ഥ വളരെ യുക്തിഭദ്രമായി വിവരിച്ചു തുടങ്ങി. തനിക്കാണ് രോഗമെന്നു സമ്മതിച്ചാലേ മകൻ ഡോക്ടറെ കാണിക്കാൻ സമ്മതിക്കൂ.മകന് വേണ്ടി രോഗിയെന്ന ഐഡൻറിറ്റിയിൽ താനിവിടെ താമസിക്കാം. അവൻ ബൈ സ്റ്റാന്ററെന്ന പദവിയിൽ നിൽക്കട്ടെ.ഡോക്ടർ ഭക്ഷണത്തിൽ അവനു മരുന്നു കൊടുത്താൽ മതി.ഡോക്ടർ ആശയക്കുഴപ്പത്തിലായി.രണ്ടു പേരുടെയും രോഗവിവരണങ്ങൾ ക്ലാസിക്കൽ ടെക്സ്റ്റു ബുക്കുകളിൽ ഉള്ളവ തന്നെ .അവിശ്വസിക്കാൻ ന്യായമില്ല.
ആദ്യം സംസാരിച്ചതിന്റെ യോ ശാസ്ത്ര ഭാഷയുടെയോ ആനുകൂല്യം മകനു കൊടുത്ത് അമ്മയെ ചികിൽസിക്കണോ? അതോ ശാസ്ത്ര ധാരണകളൊന്നും കൂടാതെ മകന്റെ രോഗലക്ഷണങ്ങൾ വളരെ വിശ്വസനീയമായി അവതരിപ്പിച്ച അമ്മയെ മുഖവിലയ്ക്കെടുക്കണോ? അതുമല്ല അന്യരുടെ രോഗങ്ങൾ കണ്ടെത്താൻ മാത്രം സിദ്ധിയുള്ള കൂടിയ രണ്ടു മനോരോഗികളാണോ അമ്മയും മകനും ? ഡോക്ടർ തന്റെ ധർമസങ്കടം കൂട്ടുകാരനായ സാമൂഹ്യ ശാസ്ത്ര പണ്ഡിതനോട് പങ്കുവച്ചു. ‘ യഥാർത്ഥ ‘മനോരോഗം എന്ന സങ്കൽപ്പനം തന്നെയും പുതിയ ധാരണകൾക്കു നിരക്കുന്നതല്ല എന്ന് പണ്ഡിതൻ വിശദീകരിച്ചു. യഥാർത്ഥ മനോരോഗി അയഥാർത്ഥ മനോരോഗി എന്ന അപരത്തെ നിർമിക്കുന്നുണ്ട് .
മനോരോഗം യാഥാർത്ഥ്യത്തിലോ അയഥാർത്ഥ്യത്തിലോ അല്ല തിരയേണ്ടത് .മനോവിശ്ലേഷകൻ തന്നെയും മനോരോഗിയാകാനുള്ള സാധ്യത പരിഗണിക്കാനേ കഴിയുന്നില്ല എന്നിടത്താണ് നിങ്ങളുടെ ശാസ്ത്ര ധാർഷ്ട്യത്തിന്റെ പരിമിതി എന്നും പണ്ഡിതൻ പറഞ്ഞു .അന്നേരം ഒരീച്ച പറന്നു വന്ന് പണ്ഡിതന്റെ മൂക്കിൻ മേൽ ലാന്റു ചെയ്തത്രേ. ഈച്ച ഫോബിയ ഉണ്ടായിരുന്ന ധൈഷണികൻ അലറിക്കൊണ്ട് ഓടി .
ഡോക്ടർക്ക് ആശ്വാസമായി .അദ്ധേഹം പുറത്തു ചെന്ന് അമ്മയോടും മകനോടുമായി പറഞ്ഞു. നിങ്ങൾക്കു രണ്ടു പേർക്കുമല്ല അസുഖം. ഇപ്പോൾ ഇവിടന്ന് നിലവിളിച്ചും കൊണ്ട് ഓടിയ വിദ്വാനാണ് .അമ്മയും മകനും ചാരിതാർത്ഥ്യത്തോടെ വീട്ടിലേക്കു പോയി.