രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ

ചുംബിക്കണം നമ്മളൂഴിയെ നിത്യവും
വന്ദിക്കണം സ്വന്തം അമ്മയെപ്പോലെയും
സകലജീവജാലത്തിനുമമ്മയാം
സകലജീവജാലപരിപാലക.

അനന്തമാം ആകാശഗോളത്തിൽ സ്വന്തം
മക്കളെ നൊന്തൂ പ്രസവിച്ചൊരമ്മയെ,
അണ്ഡകടാഹത്തിനാരാധ്യയാംമംബ
ഹന്ത! പതിക്കുന്നു ദു:ഖ തമോഗർത്തം.

കല്പകം പോലുള്ളൊരമ്മയെ കൊല്ലുന്നു
അല്പമാംമറിവിന്നഹങ്കാരവമ്പാൽ!
മക്കളിൽ ബൗദ്ധികജ്ഞാനിയാം മാനവ –
നമ്മയ്ക്കനാദരം ചെയ്യുന്നഹന്തയാൽ!

ഭൂമിയാം അമ്മയെ ചേതനയറ്റൊരു
ഭൗമഗ്രഹപ്പാഴ് പിണ്ഡമെന്നു കരുതി
ദുരാഗ്രഹശാലിയാം മർത്ത്യക്കരം കൊണ്ട്
മാതൃഹൃദയമറുത്തെടുക്കുന്നു, ഹാ!

By ivayana