രചന : ശിവൻ മണ്ണയം
മണ്ടൻ കുന്ന് ഗ്രാമത്തിൻ്റെ ഐശ്വര്യ റായി ആയിരുന്നു ഫാത്തിമ.
കാണാൻ എന്തൊരു ചന്തമായിരുന്നു. മണ്ടൻ കുന്നിൻ്റെ കുളിരായിരുന്നു അവൾ..!
ആ നടത്തം.. ആ ചിരി .. അതൊന്ന് കാണേണ്ടതായിരുന്നു. നോക്കി നിന്നു പോകും, മിഴിയടക്കാതെ..
കഥകളിലും കവിതകളിലും അവളെ മാത്രം കണ്ട ചെറുപ്പക്കാർ, വായനക്കിടയിൽ അവളെ കാണാനായി മാത്രം ആർത്തിയോടെ പുസ്തകങ്ങൾ വായിച്ചു കൂട്ടിയിരുന്നു.അവൾ കല്യാണം കഴിച്ചതോടെയാണ് ഞങ്ങളുടെ വായനശാല അടച്ചു പൂട്ടിയതും, പ്രണയനോവലുകളുടെയും കവിതകളുടെയും ഡിമാൻറിടിഞ്ഞതും.
1995 മുതൽ കല്യാണം കഴിയുന്നതുവരെ ഫാത്തിമയായിരുന്നു മണ്ടൻകുന്നിൻ്റെ പ്രധാനമന്ത്രി .
ഫാത്തിമ വഴി ഫാത്തിമയുടെ കുടുംബക്കാർക്ക് അനർഹമായ പല ആനുകൂല്യങ്ങളും നാട്ടിലെ ചെറുപ്പക്കാരാൽ ലഭിക്കയുണ്ടായി. ഫാത്തിമക്കും വീട്ടുകാർക്കും ഇസഡ് കാറ്റഗറി സെക്യൂരിറ്റി ആയിരുന്നു നാട്ടിലെ ചെറുപ്പക്കാർ ഏർപ്പെടുത്തിയിരുന്നത്. അവരെവിടെ പോയാലും ഇവരവിടെ ഉണ്ടാകുമായിരുന്നു, ഒളിപ്പിച്ചു വച്ചതോക്കുകളുമായി .
ഫാത്തിമയുടെ ബാപ്പ ചെറുപ്പക്കാരുടെ ഹീറോ ആയിരുന്നു. ഒരുത്തൻ അയാളെ വച്ച് നാടകം വരെ എഴുതി. പാത്തുമ്മയുടെ ബാപ്പ എൻ്റേം വാപ്പ എന്ന് തുടങ്ങുന്ന കവിത രചിച്ച സനകൻ വീടിന് പുറത്തായ സംഭവം വരെ നാടിൽ ഉണ്ടായി.
ഫാത്തിമയുടെ അനിയൻ മണ്ടൻ കുന്നിൻ്റെ പൊന്നോമനയായിരുന്നു. അത്രത്തോളം ശ്രദ്ധിക്കപ്പെടുകയും താലോലിക്കപ്പെടുകയും ചെയ്തൊരു കുഞ്ഞ് ലോക ചരിത്രത്തിൽ അന്നുമുണ്ടായിട്ടില്ല ഇന്നുമുണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. നാട്ടിലെ ചെറുപ്പക്കാർ അവന് വാങ്ങിക്കൊടുത്ത മുട്ടായിയുടെ എണ്ണം അനന്തമജ്ജാതമവർണ്ണനീയമാണ്.
ആ മുട്ടായി കച്ചവടക്കാരൻ രണ്ട് നില വീട് വച്ചു. ആ പാവം ചെറുക്കൻ ഇന്നൊരുഷുഗർ പേഷ്യൻ്റ് ആണ്.പാവം!
ഫാത്തിമയുടെ പിതാവിനെ പൊന്നു പോലെയാണ് ചെറുപ്പക്കാർ നോക്കിയിരുന്നത്. അദേഹത്തെ കൈകൊണ്ട് ആരോ ഒന്ന് തള്ളിയതിന് തള്ളിയവൻ്റെ കൈ ഒടിച്ചവരാണ് മണ്ടൻ കുന്നിലെ യുവവിപ്ലവകാരികൾ.
ഫാത്തിമയുടെ കുടുംബക്കാർക്ക് കല്യാണവീടുകളിൽ രാജകീയ സ്വീകരണമാണ് വിളമ്പുകാരുടെ വേഷം ധരിച്ചെത്തുന്ന മണ്ടൻ കുന്ന് വീരൻമാർ നൽകിയിരുന്നത്. അവർക്ക് പൊതിക്കേക്കും നാരങ്ങ വെള്ളവും കപ്പപ്പഴവും അധികം കൊടുത്തിരുന്നു അവരുടെ പ്രീതി നേടാൻ മത്സരിച്ച പയ്യൻസ് . ചിലർ ഫാത്തിമയുടെ പിതാവിൻ്റെ കാലിൽ തൊട്ട് നമസ്കരിക്കുക വരെ ചെയ്യുമായിരുന്നു.
അത്തരം ഒരു ഭയങ്കരമാന മത്സരാധിക്യ സംഘർഷാവസ്ഥ മണ്ടൻ കുന്നിൽ നടമാടിയിരുന്ന സമയത്താണ് രമേശന് ഫാത്തിമയോട് പ്രണയം തോന്നിയത്.
ഫാത്തിമ സുന്ദരിയായിരുന്നു. അവൾ സവർണ്ണ ജാതിക്കാരിയും സമ്പന്നയുമായിരുന്നു. സമ്പന്നരാണല്ലോ സവർണ്ണർ, കാശില്ലാത്തവർ വെറും അധകൃതർ.പക്ഷേ അതൊന്നും കാശില്ലാത്ത രമേശൻ നോക്കിയില്ല. പ്രേമം മനസിൽ മുളച്ചാൽ തത്ക്ഷണം നമ്മളൊരു വിപ്ലവകാരിയായി മാറില്ലേ? വിപ്ലവകാരിക്കുണ്ടോ പേടി! രമേശൻ നീണ്ട ആലോചനകൾക്കും സ്വസ്വപ്ന നിർമാണ ആസ്വാദനങ്ങൾക്കും ശേഷം ഒരുനാൾ ഫാത്തിമയെ കാണാൻ തീരുമാനിച്ചു.
പാത്തുമ്മയെ എനിക്കിഷ്ടമാണ്.. ഫാത്തിംസിനെ കണ്ടപ്പോൾ കാണാപാഠം പഠിച്ച വാക്കുകൾ രമേശൻ കണ്ണടച്ചുപിടിച്ച് ഉരുവിട്ടു.
അപ്പോൾ ഫാത്തിമ അറുത്ത് മുറിച്ച് പറഞ്ഞു: കട്ടി മീശയുള്ളവരേ ഞാൻ കെട്ടു .. നിന്ന് സമയം കളയണ്ട ..
അത് കേട്ട് രമേശൻ തളർന്നുവീണു.അക്കാലത്ത് രമേശൻറ ചുണ്ടിന് മുകളിൽ യുക്തിവാദികളുടെ ജാഥയിൽ നിരന്ന ആളുകളെ മാതിരിയായിരുന്നു രോമങ്ങൾ. ഭാവിയിൽ കട്ടിമീശവളരാൻ വേണ്ട എതൊങ്കിലുമൊരു മഴക്കാലം തൻ്റെ ചുണ്ടിന് മുകളിൽ സംഭവിക്കുമെന്നൊരു ഉറപ്പും രമേശനുണ്ടായിരുന്നില്ല.
പരാജിതനായി കിടന്ന് കൊണ്ട് രമേശൻ ചോദിച്ചു:
കട്ടിമീശയുള്ളവർക്കെന്താ പ്രത്യേകത..?
അവർക്ക് ആണത്തമുണ്ട്.. ഫാത്തിമ പറഞ്ഞു.
രമേശൻ പരാജയം അംഗീകരിച്ച് നിരാശ കാമുക അസോസിയേഷനിൽ അംഗത്വവുമെടുത്ത് കവിതകൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഫാത്തിമയുടെ കല്യാണം നടന്നത്. കട്ടി മീശയുള്ള ഒരുത്തനായിരുന്നു ഫാത്തിമയെ കെട്ടിയത്.തനിക്ക് കട്ടിമീശ തരാത്ത ദൈവത്തെ പഴി പറഞ്ഞ് അക്കാലത്ത് രമേശനൊരു പാട് കരഞ്ഞു.
ഫാത്തിമയുടെ കല്യാണം കഴിഞ്ഞതോടെ അവളുടെ ഫാമിലിക്ക് മണ്ടൻ കുന്നിലെ പയ്യൻമാർ പ്രദാനിച്ചിരുന്ന പല ആനുകൂല്യങ്ങളും ഒറ്റയടിക്ക് കട്ടായി .രാജാവായി നെഞ്ചു വിരിച്ച് നടന്ന ഫാത്തിമയുടെ ബാപ്പ ഒരു കുഷ്ഠരോഗിയായി കഥാപാത്രമാറ്റം നടത്തപ്പെട്ടു. എവിടെ പോയാലും സ്വീകരിക്കപ്പെട്ടിരുന്ന ആ പാവത്തിന് തെറി കേൾക്കാതെ നാട്ടിൽ നടക്കാൻ പറ്റാത്ത ഒരവസ്ഥയുണ്ടായി.
കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഫാത്തിമ ഭർത്താവിൻ്റെ കൈയിൽ നിന്ന് ഡിവോഴ്സും പിടിച്ചു വാങ്ങി നാട്ടിലേക്ക് തിരിച്ചു വന്നു.
പക്ഷേ നാട്ടിലപ്പോൾ പുതിയ സ്വപ്ന സുന്ദരികൾ വളർന്നുയർന്നു വന്നതിനാൽ ഫാത്തിമക്ക് പഴയ സ്വീകാര്യതയും ആവേശവുമൊന്നും മണ്ടൻ കുന്നിൽ ഉയർത്താൻ സാധിച്ചില്ല.
ഒരു ദിവസം ഇടവഴിയിൽ വച്ച് ഫാത്തിമയെ കണ്ടപ്പോൾ സ്വകാര്യമായി രമേശൻ ചോദിച്ചു: കട്ടി മീശയുള്ളവനെ കളഞ്ഞതെന്തിനാ?
അവൾ പറഞ്ഞു: ആണത്തമില്ല…
അതെ ആണത്തമാരിക്കുന്നത് കട്ടി മീശയിലല്ലല്ലോ. ഈ തെറ്റിദ്ധാരണയാൽ എത്ര പെമ്പിള്ളാരുടെ ജീവിതമാണ് കോഞ്ഞാട്ടയായി പോയിരിക്കുന്നത്?!