രചന : തോമസ് കാവാലം
കാഴ്ചകൾ മാറുന്നു കാലവും ദിനംതോറും
നീറുന്നെൻമാനസ്സം നയനങ്ങൾ നിറയവെ
ഏറെ കൂറോടെ അരികത്തു ചേർത്തവർ
അരങ്ങൊഴിയവെ, തിരിഞ്ഞു നോക്കാതെ.
മനസ്സിൽ തറഞ്ഞ പാട്ടിന്റെയീണംപോൽ
ഓർമ്മതൻ ഓരത്തു ശ്രുതി മീട്ടുന്നവർ
അവർ പറഞ്ഞ വാക്കിന്നർത്ഥതലങ്ങളോ
അർത്ഥസമ്പുഷ്ടം സൂര്യ ശോഭപോൽ .
പുലരിയിൽ വിരിയുന്ന പുഷ്പങ്ങളോരോന്നും
ഓർമ്മതൻ പുതുനാമ്പെന്നിലുണർത്തുന്നു
രജനിയിൽ മണ്ണിൽ പതിയ്ക്കും ദലങ്ങളോ
നിന്നകാലവേർപാടിൻ മൗന നൊമ്പരം.
മറഞ്ഞ മുഖങ്ങൾ മായാത്ത സ്മൃതികളായ്
നിറയുമെൻ മാനസവിയത്തിൻ താരങ്ങൾ
പാതിരാനിദ്രയിൽ മുറിഞ്ഞ സ്വപ്നംമോ?
വർണ്ണചിറകേറിയവ ഇനിയും വന്നീടുമോ?
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോൽ
മിന്നൽ മന്നിൽ മിന്നി കടന്നുപോകുംപോൽ
എൻ കണ്ണിൽ വിളങ്ങിയ നിമിഷചിരാതുകൾ
മണ്ണിൽവെറും നെടുവീർപ്പായ് മാറിയോ?
നിഴലും രൂപവും ഇഴുകി കിടക്കുന്നീ-
പകലിന്റെ തൂവെള്ള വസ്ത്രം പുതച്ചപോൽ
മറവിതൻ മഞ്ഞു വീണെൻ മനമാകെ
വസന്തം മറച്ചുവോ, വിഷാദം നിറച്ചുവോ?
മധുവൂറും മലർകതിരടർന്നു വീഴിലും
കറയറ്റ മാസ്മര സുഗന്ധം നിലയ്ക്കുമോ?
കാണാമറയത്തെൻ ഹൃദയമിടിയ്ക്കുന്നു
നിൻ സുകൃതഹർഷ പുളകത്തിന്നോർമ്മയിൽ.
മാരിവിൽമാനത്തു വിരിയ്ക്കും തൂമപോൽ
ത്വൽ മന്ദഹാസം എൻ മനസ്സിനുന്മാദം.
ചന്ദ്രദ്യുതിയായതു പരക്കുന്നു ജീവനിൽ
പ്രതീക്ഷാമയൂകം വിടർത്തുന്നു പീലികൾ.
കത്തിയദീപങ്ങൾ ബാക്കിവയ്ക്കുമോ
ഒരുതുള്ളി വെട്ടമതു കെട്ടടങ്ങീടവേ?
മറയുന്ന മുഖങ്ങൾ മടങ്ങിയെത്തുമോ
ആദിനങ്ങൾക്കൊപ്പമിതു മനോജ്ഞമോ?