രചന : ഹാരിസ് ഖാൻ

പേടിക്കേണ്ട, ഇതൊരാളുടെ പേരാണ്…
ഈ പേരിൻെറ ശെരിയായ രൂപം കണ്ടെത്താനുള്ള എൻെറ ഗഭീ…അല്ല ഭഗീരഥപ്രയത്നത്തിൻെ ഗഥയാണിത്, കഥയുടെ നീളം കണ്ട് പാതിവഴിയിൽ നിർത്തിയേക്കരുത്. (നീണ്ട എഴുത്തിന് ലൈക്ക് കുറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്) നിങ്ങളെ ഹഠാദാകർഷിക്കുന്ന, സെക്സ്, സ്റ്റണ്ട്, സസ്പെൻസ് ,കുളിസീൻ എല്ലാമുണ്ടിതിൽ..

വായിക്കണം, ലൈക്കണം, ഉപേക്ഷകാണിക്കരുത്…
കഥ ആരംഭിക്കുന്നത് എൻെറ ഹൈസ്കൂൾ കാലത്താണ് വൈകുന്നേരം ഉസ്ക്കൂള് വിട്ട് വീടെത്തി ക്രിക്കറ്റ് കളിക്കാൻ പാടത്തേക്ക് ഒരോട്ടമാണ്. അപ്പോഴാണ് ഉമ്മ പിന്നിൽ നിന്ന് വിളിക്കുക റേഷൻ കടയിൽ പോവാൻ…
റേഷൻ കടയിൽപോവുക, അരി പൊടിപ്പിക്കാൻ മില്ലിൽ പോവുക ഇത് രണ്ട് കേട്ടാലും കലിയാണ് ..

ഇവിടെ എവിടെ പോയാലും രണ്ട് മണിക്കൂറെങ്കിലും എടുക്കും തിരിച്ചെത്താൻ…
പിന്നെ അന്നത്തെ കളി നടക്കില്ല. അത്കൊണ്ട് തന്നെ ശക്തമായി പ്രതിഷേധിക്കും ..
ഞാൻ ബാറ്റെടുത്ത് പുറത്തേക്ക് പോവാൻ നോക്കും..
ഉമ്മ എനിക്ക് അടിക്കാൻ പകത്തിനൊരു മധുരമുള്ള ഫുൾടോസ് ബോൾ എറിയും..
“മിഠായി വാങ്ങാൻ രണ്ട് രൂപ തരാടാ…”
രണ്ട് ഉലുവ…ഞാനത് നിലം തൊടീക്കാതെ ബൗണ്ടറിക്ക് വെളിയിലേക്ക് പറത്തും…സിക്സർ.
വീണ്ടും ബാറ്റുമായി പാടത്തേക്കോടാൻ ഇറങ്ങുമ്പോൾ ഉമ്മ മുത്തയ്യ മുരളീധരനെ പോലെ കൈ വളച്ചൊരേറാണ്.. വജ്രായുധം ..

“നീ തിന്നാനിങ്ങോട്ട് വരുമല്ലൊ … “
ഉമ്മയുടെ ആ ഗൂഗ്ലിക്ക് മുന്നിൽ ഞാൻ ക്ലീൻ ബൗൾഡാവും.
ഹതാശനായി ബാറ്റ് നിലത്തിടും. റേഷൻ കാർഡുമായി തലകുനിച്ച് പവലിയനിലേക്ക് നടക്കും..
അന്നം കഴിഞ്ഞെ നമുക്ക് ക്രിക്കറ്റുള്ളൂ… എന്തുമുള്ളൂ….
(ക്രിക്കറ്റ് ഡൈബത്തിന് എന്താണാവോ അത് മനസ്സിലാവാഞ്ഞത് …?
ഇനിയിപ്പം ക്രിക്കറ്റാണ് തൻെറ അന്നമെന്ന് മൂപ്പര് തെറ്റിധരിച്ചോ..?
90 ൽ മുട്ടുന്നവന് അവനവനോട് മാത്രമേ സ്നേഹമുള്ളൂ എന്ന് മനസ്സിലാക്കാൻ ഐൻസ്റ്റീനാവേണ്ട..)

അത് വിടൂ “നത്തിംഗ് ഒഫീഷ്യൽ എബൗട്ടിറ്റ്..”
അങ്ങിനെയൊരു സന്ധ്യയിലാണ് ഞാൻ റേഷൻ ഷാപ്പിലെത്തുന്നത്. പഴയ ഇടിഞ്ഞ് വീഴാറായ ബിൽഡിങ്ങിലാണ് റേഷൻഷാപ്പ്.
നിരപലകയുടെ ഷട്ടറുള്ള റേഷൻഷാപ്പിന് മുകളിലെ പഞ്ചായത്ത് വായനശാലയിലെ സ്പീക്കറിൽ ആകശവാണി ലക്ഷദ്വീപ് വാർത്തകൾക്ക് ശേഷമുള്ള ടാഠാട ഡണ്ടും… ടഡാട ഡണ്ടും ..എന്ന മ്യൂസിക്ക് തുടങ്ങിയിരിക്കുന്നു…

അഞ്ചു മണികഴിഞ്ഞു പത്ത് നിമിടം….
റേഷൻ കടയിൽ നല്ല തിരക്കാണ്.
പുഴുങ്ങലരിയുടേയും മണ്ണെണ്ണയുടേയും സമ്മിശ്രഗന്ധം
കടക്കാരന് മൂക്കിൻതുമ്പിലാണ് കോപം.. എല്ലാവരേയും അകാരണമായി കണ്ണടച്ച് ചീത്ത പറയുന്നുണ്ട്. എല്ലാവരും ബഹുമാന ത്തോടെ,സ്നേഹദരങ്ങളോടെ അതേറ്റു വാങ്ങുന്നു . അന്നദാതാവാണ്, എതിരുരിയാടാൻ പാടില്ല. വില്ലേജധികാരിയുടെ പവറുണ്ടായിരുന്നു അക്കാലത്തെ റേഷൻ കട നടത്തുന്ന “ഭഗീരഥൻ പിള്ളമാർക്ക്”

ങാാ… അതൊക്കെ ഒരു കാലം…
എല്ലാവരും റേഷൻ കാർഡ് മേശയിൽ അട്ടി അട്ടിയായ വെക്കുന്നു നല്ല ഉയരമുണ്ട് അട്ടിക്ക്.
ഈ കാർഡുകളെല്ലാം അവസാനമെടുത്ത് കീഴ്മേൽ മറിക്കും അപ്പോൾ ആദ്യം കാർഡ് വെച്ചയാളുടെ കാർഡ് മുകളിലേക്ക് വരും ..
ഞാൻ കാർഡ് വെച്ചതിന് ശേഷം മുകളിൽ കാർഡ് വെച്ചത് സുരേഷ് എന്ന പയ്യനാണ്…
ട്ട്യാംട്ടിയുടെ കനിഷ്ഠ പുത്രൻ..
പലരോടും ആ കാലത്ത് തന്നെ ഈ പേരിൻെറ ശെരിയായ രൂപം അന്വേഷിച്ചിരുന്നു. ചോദിച്ച വർക്കൊന്നും അറിയില്ല.
പേരുകളോട് ഒരു കൗതുകം അന്നേ ഉണ്ട് .

ഗ്രാമമല്ലേ പലത്തരം പേരുകളുണ്ടാവും കൗതുകമുണർത്തുന്നത് …
മുഹമ്മത് ഷാ മമ്മൈസായാവും, ഫാത്തിമ പാത്തുമ്മയും ,പാത്തേയിയും, ശ്രീദേവി ചിരുതേയിയുമാവും..
കുട്ടികൾക്ക് പോലും അന്നാമ്മ, മേഴ്സികുട്ടി അമ്മ, അമ്മാളുഅമ്മ എന്നൊക്കെ പേരിടുന്ന ടീംസാാാ…
കോയിമെരു എന്ന് പേരുള്ള ഒരാൾകൂടി അന്ന് നാട്ടിലുണ്ടായിരുന്നതായി ഓർക്കുന്നു.
സുരേഷ് കാർഡ് വെച്ച് മാറിനിന്നു ..

എൻെറ വീടും കഴിഞ്ഞ് അൽപം പിന്നോട്ട് പോയാലുള്ള കോളനിയിലാണ് സുരേഷിൻെറ വീട്. കണക്കവിഭാഗത്തിൽ പെടുന്നവരുടെ കോളനിയാണ്. നല്ല സ്നേഹമുള്ള മനുഷ്യർ.
ഇവരുടെ പേരുകൾ നാഗൻ , കോരൻ, കീരൻ, ചൂലൻ, ചാത്തൻ, നായാടി, പെരവൻ, ട്ട്യാംട്ടി, കൊറ്റി, കുമ്മിണി, കാക്കച്ചിപ്പെണ്ണ് എന്നൊക്കെ യാണ്.

പഴയ കാലത്ത് പക്ഷികളുടേയൊ ഉരഗങ്ങളുടേയൊ പേരിടാനേ തമ്പ്രാൻ അനുവാദം നൽകിയിരുന്നുള്ളൂ ..
കാലം മാറിയിട്ടും പോയകാലത്തിൻെറ വടുക്കൾ പേറാൻ വിധിക്കപ്പെട്ടവർ..
എത്രയെത്ര അനീതികളാണ് ജന്മത്തിൻെറ പേരിൽ നാം അവരോട് ചെയ്ത് വെച്ചത്…
അതിലെ ഇനിയും പിടിതരാത്ത പേരിലൊന്നാണ് നേരെ മുന്നിലെ റേഷൻ കാർഡിലിരിക്കുന്നത് …
ഇതാണവസരം…
ഉമ്മ മിഠായി വാങ്ങാൻതന്ന രണ്ട് രൂപയെടുത്ത് സുരേഷിനെ മിഠായി വാങ്ങാൻ വിട്ടു..

ധൃതിയിൽ റേഷൻ കടക്കാരൻെറ മൂക്കിൻ തുമ്പിനെയും, കോപത്തേയും വെട്ടിച്ച് വിറക്കുന്ന കയ്യോടെ അട്ടിവെച്ച കാർഡിൻെറ ആദ്യപേജ് ഞാൻ ആകാംഷയോടെ മറിച്ചു ഗൃഹനാഥൻെറ നേരെയുള്ള ട്ട്യാംട്ടിയുടെ പേര് വായിച്ചു…
“ഇട്ടി നാഗൻ കുട്ടി “
യുറേക്കാാാ…..

ഇനിയുള്ള അന്വേഷണം “കോയിമെരു ” എന്ന പേരിനെകുറിച്ചാണ്..
“ഓപ്പറേഷൻ കോയിമെരു”
അതേകുറിച്ച് അടുത്തലക്കത്തിൽ എഴുതാം സ്ഥലപരിമിതിമൂലം ഇതിൽ ഉൾപെടുത്താൻ കഴിയാതിരുന്ന കുളിസീനും, ഒരു അലസ മദാലസയുടെ കാമകേളികളും അതിൽ ഉൾപ്പെടുത്തുന്നതായിരിക്കും വായിക്കണം, ലൈക്കണം …
ഉപേക്ഷ വിചാരിക്കരുത് ..

By ivayana