രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ

രാഷ്ട്രം പടുത്തൊരു വൃദ്ധന്റെ നെഞ്ചിലും
വെറികൂർത്തവെടികൊണ്ടു തുളയിടാം
രാജ്യസ്നേഹം നിറഞ്ഞൊരു തോക്കുമതി

അഷ്ടിക്കുവഴിതേടി മാടിനെപ്പോറ്റുന്ന
അത്താഴപ്പട്ടിണിക്കാരനെ അടിച്ചുകൊല്ലാം
ദേശസ്നേഹം പുരട്ടിയ ദണ്ഡുമാത്രംമതി

ഇരുട്ടിവെളുക്കുമ്പോഴൊരുത്തനെ
കൂരിരുട്ടുള്ളൊരു കാരഗൃഹത്തിലാക്കാം
ദേശദ്രോഹിയെന്നാരോ പുലമ്പിയാൽ പോരേ

അധികാരഗർവ്വിന്റെ അധർമ്മങ്ങളൊക്കെയും
അക്ഷരങ്ങൾകൊണ്ട് കൊത്തിവെച്ചാൽ മതി
രാജ്യസ്നേഹം ചുട്ടെടുത്ത തീയുണ്ടതിന്നാം

പട്ടിണിക്കിടയിലും തളരാതെ പൊരുതുന്ന
പാടത്തെ പോരാളിയെ ഓർത്തുപോയാൽ
രാജ്യസ്നേഹം നുരയുന്ന പുലയാട്ടുകേൾക്കാം

ഒന്നാണുനമ്മളെന്നിന്നലെവരെ പറഞ്ഞവരെ
ഒറ്റിക്കൊടുക്കാൻ ഒപ്പമില്ലെന്നോതിയാൽ
ദേശദ്രോഹികളെന്നോരു പരിഹാസമുദ്രകിട്ടാം

സ്വാതന്ത്ര്യമെന്നോരു ഇതിഹാസ സമരത്തെ
തള്ളിപ്പറഞ്ഞു സ്വന്തം തടികാത്തവരെങ്കിലും
ഞങ്ങളെ ഞങ്ങൾ വിളിക്കും രാജ്യസ്നേഹികൾ

അടിമത്തനാളിൽ നിന്നു വിടുതലാവാൻ
അറിയാതെപോലുമൊരുവിരലുമനക്കിയില്ലെങ്കിലും
ഞങ്ങളെ ഞങ്ങൾ വിളിക്കും ദേശസ്നേഹികൾ

-പ്രവീൺ സുപ്രഭ

By ivayana