പെട്ടെന്നൊരു ദിവസം
കണ്ണും കാതും നഷ്ട്ടമായ
നഗരത്തിൽ നിന്നും നടത്തത്തിന്റെ
മടക്ക ടിക്കെറ്റെടുത്തവർ മടങ്ങുന്നു.
പ്രതീക്ഷയുടെ ട്രാഫിക് പച്ച
തെളിയാത്ത വഴികളിലൊക്കെ
വീടെന്ന വിദൂര സ്വപ്നത്തെ
സൂര്യന്റെ ഒളിച്ചുകളികളെ
കൊണ്ടളക്കുന്നു.
വിണ്ടു കീറിയ വയലുകളുടെ ദാഹം
പൊള്ളിയടർന്ന പാദങ്ങളിലേക്കെടുത്തു
വെച്ച് ഭൂമിയിലെ ഉറവ തേടിയുള്ള യാത്ര.
ശാഖകളെയെല്ലാം
ഉടലോടെ ചുമന്നു നീങ്ങുന്ന
മരങ്ങളാകവേ; നിരത്തുകളിലവർ
വേരിനെ തേടുന്ന ഇലകളായ് മാറുന്നു.
വിശപ്പെന്ന വിളക്ക് കത്തിച്ചു
രാത്രി കടക്കുമ്പോൾ, പകലെന്ന
വെളിച്ചം കുടിച്ചവർ ദാഹമകറ്റുന്നു.
പലായനത്തിന്റെ മരുഭൂമി
നിശബ്ദമായ് താണ്ടുമ്പോൾ
അടുക്കാനിടമില്ലാതെ കടലിലലയുന്ന
അനാഥരുടെ കപ്പൽ കാണുന്നു.
നിശബ്ദതയുടെ പാളങ്ങളിലൂടെ
പ്രതീക്ഷകളുടെ കാലടികൾ
പതിപ്പിക്കുമ്പോൾ പിന്നിട്ട
പാതകൾ മയക്കത്തിന്റെ
പകൽ കാറ്റിലേക്കു
കൊണ്ടുപോകുന്നു.
ഒരൊറ്റ വെടിയൊച്ചയിൽ
ചിതറിപ്പറക്കുന്ന പക്ഷികളെ
പോലെ ഒരു തീവണ്ടിക്കിരുപുറം
മുറിഞ്ഞു പോയ യാത്ര കാണുന്ന
അടയാത്ത കണ്ണുകൾ.
വേരുകളില്ലാത്ത
ഇലകളുടെ രാജ്യം
കടലിലൊഴുകുന്ന
മോർച്ചറികളെ
വരച്ചു വെക്കുന്നു.
രാജ്യമെന്ന നടുക്കടലിൽ
നുറുങ്ങിയ കപ്പൽ അവശിഷ്ടങ്ങളാണ്
നടന്നു നീങ്ങുന്ന ഓരോ യാത്രികനും;
കര കാണാതെ,രേഖകളില്ലാതെ
രാജ്യമെന്ന കടലിൽ മുങ്ങി
പോകുന്നവർ.