രചന : ഷാജു. കെ. കടമേരി
സമൂഹത്തെ
വരയ്ക്കാൻ ശ്രമിക്കുന്തോറും
തീമഴ വരയുന്നു ചുറ്റിലും.
പൊള്ളിയടർന്ന അക്ഷരക്കൂട്ടങ്ങൾ
ഉർവ്വിയുടെ നെഞ്ച് കുത്തിപ്പിളർന്ന്
പിടിവിട്ട് പോകുന്ന
മൌനത്തിനിടയിലൂടെ
ഇരുള് കൊത്തി വിഴുങ്ങി
കൈകാലിട്ടടിച്ച് പിടയുന്നു.
കരള് പിഴുതെടുക്കും
വാർത്തകൾക്ക് നടുവിൽ
ചെവി പൊട്ടിയെത്തുന്ന ജല്പനങ്ങളിൽ
തലയിട്ടടിച്ച് പിടയും
സങ്കട നിമിഷങ്ങൾ
കാലത്തിന്റെ കണ്ണുനീർ ഭരണിയിൽ
ശ്വാസംമുട്ടി കുതറുന്നു.
തീവ്ര മതഭ്രാന്ത് വാരിപ്പുണർന്ന
ചില കഴുത ജന്മങ്ങൾ
വരച്ചുവയ്ക്കുന്ന ചോരച്ചാലിൽ
തീക്കാറ്റുലഞ്ഞ് ചുവട് വയ്ക്കുന്നു
മതം കത്തിച്ചലറുന്ന
കൊടുംപാതക ചിന്തകൾ.
അമ്മമഴക്കണ്ണുകളിൽ
തിളയ്ക്കുന്ന ക്രൂര ചിന്തകൾ
കഴുത്തറുക്കപ്പെട്ട
കുഞ്ഞ് നിലവിളികൾ
ഇരുള് കോറി വരഞ്ഞ
നിഴൽ ചിത്രങ്ങളിൽ ചോദ്യശരമായ്
കത്തിയലറുന്ന വേദനതോറ്റങ്ങൾ
കൊത്തുന്നു.
എത്ര പുരോഗമിച്ചിട്ടും
ഉന്നത ബിരുദങ്ങൾ നേടിയിട്ടും
നന്നാവാത്ത
മനോരോഗികളെന്ന്
സ്വയം മുദ്ര കുത്തുന്ന
തല തെറിച്ച ചിന്തകൾ
നമുക്ക് ചുറ്റുമിപ്പോഴും വട്ടം ചുഴറ്റി
കറങ്ങികൊണ്ടേയിരിക്കുന്നു.