രചന : ഉണ്ണി കെ ടി
ടീച്ചർക്ക് മൂക്കത്താണ് ശുണ്ഠി. അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ള ചില തലതെറിച്ചവന്മാരൊഴിച്ച് എല്ലാരും നല്ല അനുസരണയും അതുകൊണ്ടുതന്നെ ടീച്ചറുടെത്തന്നെ വാക്കുകളിൽപ്പറഞ്ഞാൽ സത്സ്വഭാവികളുമാണ്. അരുതുകൾക്കും അരുതായ്കകൾക്കും സിലബസിൽ പ്രത്യേകം പ്രത്യേകം പാഠങ്ങളുണ്ട്. അതിരിടുന്ന അരുതുകൾ ഏതുറക്കത്തിലും ടീച്ചർ ഉറക്കെയുറക്കെ ചൊല്ലിപ്പഠിപ്പിക്കും.
അതിലെ പ്രായോഗികതക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങളാണ് മാനദണ്ഡമെന്ന് അറിഞ്ഞതായി ഭാവിക്കണ്ട. നടേ പറഞ്ഞതോർമ്മയില്ലേ, ടീച്ചർക്ക് മൂക്കത്താണ് ശുണ്ഠി, ചന്തിയിലെ തോലുരിക്കുന്ന ചൂരലിന്റെ ചുംബനത്തിന് മൃഗീയാസക്തിയാണ്. കാട്ടാളത്തിയാ, കാട്ടാളത്തി…!
പാഠങ്ങൾ എഴുതുന്നതും അതിൽ ഇന്നലത്തെ അരുതുകൾ നാളെ അരുതായ്കകളാകുന്നതും ഓർമ്മപ്പിശകുകൊണ്ടൊന്നുമല്ല.
സന്ദർഭത്തിനു യോജിച്ചവിധമുള്ള പാഠങ്ങളിൽ പ്രായോഗികതക്ക് മുൻതൂക്കംവേണം, അത്രേയുള്ളൂ.
ശരിയും ശരികേടും നിർണ്ണയിക്കാൻ പോയിട്ട് ചിന്തിക്കാനുംകൂടി സാഹസപ്പെടല്ലേ, റെബലിസത്തിനു ശിക്ഷ ചിലപ്പോൾ ബ്ളാക്ബോർഡിനുകീഴിൽ താറാവായി കുനിഞ്ഞു നില്ക്കലോ, ചിലപ്പോൾ ഡെസ്കിനുമുകളിൽ കൈരണ്ടും മേലോട്ട് പൊക്കി നിർത്തലോ ഒക്കെയായിരുന്നു. ഒടുവിൽ ക്ലാസ്സിൽ കയറണമെങ്കിൽ ആയിരത്തൊന്നുവട്ടം മാപ്പ് എന്നെന്തായാലും ഇമ്പോസിഷൻ എഴുതിക്കും. എന്നിട്ട് അത് വലിച്ചുകീറി ചിലപ്പോൾ മുഖത്തെറിഞ്ഞു പിന്നെയും അസഹിഷ്ണുവാകും.
ചിലപ്പോൾ എല്ലാംകൂടിയെടുത്ത് തീകൊടുത്ത് നിർദ്ദാക്ഷിണ്യം ആ തീക്കുണ്ഡത്തിലേക്ക് തള്ളിയിടും. പൊള്ളിയടർന്ന് നീറുന്നതൊന്നും അറിഞ്ഞാലും അറിഞ്ഞതായി ഭാവിക്കാതെ ക്ലാസ്സും പാഠങ്ങളുമായി ടീച്ചറങ്ങനെ പാഠശാലയിൽ നിറഞ്ഞാടും.
പുതിയ ശിക്ഷണരീതികൾ എന്നപേരിൽ പരീക്ഷണങ്ങളുമായി, ടീച്ചർ ഗുഡ്‌മോർണിങ് പറയുന്ന ശിഷ്യവൃന്ദത്തിന്റെ നെഞ്ചിടിപ്പേറ്റികൊണ്ടു ഒരു വരവുണ്ട്.
മുൻബഞ്ചിലെ ഗൂഡ് ലിസ്റ്റിൽപ്പെട്ട ശിഷ്യഗണങ്ങളുണ്ട്. ഗുരുവിനുപോലും ഭയഭക്തിബഹുമാനങ്ങൾ തോന്നുന്ന മിടുമിടുക്കർ എന്നൊരു ഭാവമുള്ളവർ. വിശ്വാസത്തിന്റെ തടവുകാരിയാണ് ടീച്ചറും എന്നൊന്നും തോന്നിയാലും പറയരുത്.
ഞാനൊക്കെ ബാക്ക്‌ബെഞ്ചിലെ മണ്ടൻ വിദ്യാർത്ഥിയാണ്. പാഠം പഠിക്കാത്ത പദ്യംചൊല്ലാത്ത ഗുണകോഷ്ഠവും സങ്കലനവ്യവകലനങ്ങളും അറിയാത്ത മന്ദൻ. തോറ്റുതോറ്റ് ബാക്ബെഞ്ചിന്റെ കുടികിടപ്പാവകാശം സ്വന്തമാക്കിയവരിൽ പ്രമുഖനായ എന്നെ ഉള്ളുകൊണ്ടു ഭയമുള്ളതുകൊണ്ടാകാം ഭീഷണിയുടെയും മൃഗീയ ശിക്ഷണങ്ങളുടെയും രീതികളാൽ തിരുത്താനവർ സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ക്ളാസിൽനിന്നും സിലബസ്സുകളുടെ കടുംപിടുത്തങ്ങളിൽനിന്നും അകന്നുനിന്നിരുന്ന എന്നെ ടീച്ചറുടെ ഭീഷണികളും അനുനയങ്ങളും സ്വാധീനിച്ചതാണോ എന്തോ
പഠിക്കാനും പഠിപ്പിക്കാനും ആശവച്ച് ടീച്ചറെചുറ്റിച്ചുറ്റി ഞാനൊരു ഉപഗ്രഹമായി. അമാവാസിയും പൗർണ്ണമിയും മാറിമാറി ആചരിച്ച് ടീച്ചറെ ഭ്രമിപ്പിക്കാൻ രാവുതോറും ഉറക്കമിളക്കുന്ന ഉപഗ്രഹം….!
പകൽ ടീച്ചറെന്ന ഭൂമിയിൽപ്പതിക്കുന്ന സൂര്യപ്രകാശത്തെ രാവുതോറും നിലാവാക്കി കിട്ടുന്ന എല്ലാ പഴുതുകളിലൂടെയും അതിക്രമിച്ചുകയറി, വേണ്ടയിടത്തും വേണ്ടാതായിടത്തും നിഴൽച്ചിത്രങ്ങൾ വരച്ച് അരുതാത്തതും ആകാവുന്നതും എന്നഭേദം തിരിയാത്തവനായി ഞാൻ വീണ്ടും അനഭിമതനായി.
കുറേക്കാലം നീയൊന്നും പഠിച്ചില്ലെങ്കിലും കുഴപ്പമില്ല, ക്ളാസ്സിനുപുറത്തു നിന്നാൽമതി എന്നൊരു നിയമം പാസ്സാക്കി, പിന്നെ ഞാൻ നിരുപാധികം മാപ്പെഴുതി വീണ്ടും ക്ലാസ്സിൽകയറി…
ഒരു ഛിന്നഗ്രഹമായി പ്രത്യേക ഭ്രമണപഥമില്ലാതെ തോന്നുന്ന വേഗതയിൽ ആകാശഗംഗയെ ഭീഷണിപ്പെടുത്തിയിരുന്ന എന്നെ സ്വയംമെരുക്കി ഉപഗ്രഹത്തിലേക്ക് പരിണമിപ്പിച്ചതിലെ മൗഢ്യമോർത്ത് ഭ്രമണപഥത്തിന്റെ നഷ്ടത്തിൽ ഞാൻ നിരാശനും വിഷാദിയുമായി.
നിലാക്കുളിർ നുകർന്ന കാലത്തെ നിരസിക്കാനരുതാതെ ടീച്ചറെന്നെ അകത്തും പുറത്തുമല്ലാതെ കൊണ്ടുനടന്നു. ഇടയ്ക്കെന്റെ ഭ്രമണപഥം തിരികെയേകി ഭ്രമിപ്പിച്ചും ഇടയ്ക്ക് ആ വഴിയത്രയും ബ്ലാക് ബോർഡിലെഴുതയത് മായ്ക്കുന്ന ലാഘവത്തോടെ മായച്ചും ഞാനിപ്പോഴും ബാക്ബെഞ്ചിലെ ബിലോ ആവറേജ് സ്റ്റുഡന്റായിത്തന്നെ തുടർന്നാൽ മതിയെന്നാണ് മാറ്റമില്ലാത്ത തീരുമാനം.
ആരോടും മത്സരമില്ല. മത്സരിക്കാനുള്ള ഒരു ഒരു എന്താ പറയുക, ങാ…അതന്നെ ഒരു കഴമ്പില്ല. എന്നാലും മനസ്സിലുള്ളത് ഒളിച്ചുപിടിക്കാതെ പറയട്ടെ, മുൻബഞ്ചിലെ ഒന്നാമനായിട്ടിരിക്കാൻ ഒരു പൂതി എനിക്കും ഉണ്ട് കേട്ടോ…!
പക്ഷെ ഒരു പരീക്ഷണത്തിന് ടീച്ചർക്ക് ധൈര്യല്ല്യാ. ഒന്നാം ബെഞ്ചിലെ ഒന്നാസ്ഥാനക്കാരൻ ബാക്‌ബെഞ്ചിലെത്തിയാൽ തനിനിറം വെളിച്ചത്താവും…, അതിനും ഒരു പഴഞ്ചൊല്ലന്നെ കൂട്ടിനിരിക്കട്ടെ, ന്താ ച്ചാൽ ഈ കള്ളിയറിഞ്ഞാ ഉള്ളി പോള ന്നൊക്കെ പറയുമ്പോലെയൊക്കെത്തന്നെ, അതോർക്കുമ്പോഴേ ടീച്ചർക്ക് ബോധക്ഷയം വരും….!
ഈ ഒന്നാമൻ ണ്ടല്ലോ ഓൻ മോണിറ്ററാണ് ട്ടോ, ഇടയ്ക്കൊക്കെ ടീച്ചറിന്റെ ബോഡി ഗാർഡും…, ന്താ ല്ലേ ഗമ…! പഴേ രീതീല് പറഞ്ഞാ ചട്ടമ്പി (അർത്ഥം പുതിയതാണ് ചേർച്ച). അതോണ്ട് വല്ല മിഠായിയോ ഐസ് ഫ്രൂട്ടോ ഒക്കെ വാങ്ങിക്കൊടുത്താ മ്മടെ പേരെഴുതികൊടുത്ത് അടികൊള്ളിക്കില്ല.
പക്ഷെ എന്താ ചെയ്യാ, ഞാൻ കൈക്കൂലി കൊടുക്കുന്നതിനോട് പണ്ടേ ഒട്ടും യോജിപ്പില്ലാത്തവനാണ്.
ടീച്ചര് പറയുന്നത് ഈ കൊല്ലോം ന്നെ തോല്പിക്കും, പാസാവണങ്കിൽ ടീച്ചർടെ ക്ളാസ്സിന്ന് മാറിക്കോളാൻ.
വേണ്ടാന്നേ, നിയ്ക്ക് ടീച്ചർടെ ക്ലാസിൽ പഠിക്കാനാ ഇഷ്ടം. തോല്പിച്ചാലും സാരല്യ, ബാക്‌ബെഞ്ചിലാണ് എന്ന പരാതീം പറയില്ല. ഇനീപ്പോ കൊറേ പഠിച്ചിട്ട് ഞാനെന്താ തുക്ടി സായ്പൊന്നും ആവില്ലാലോ…!