രചന : പള്ളിയിൽ മണികണ്ഠൻ
സുരനുരയുന്ന പുഴക്കപ്പുറത്ത്
തലകരിഞ്ഞ് സഖൂം* വൃക്ഷം,
കുരിശേറിയവന്റെ നന്മക്ക്
മത്സരകമ്പോളത്തിൽ
വിലപറയുന്ന യൂദാസുകൾ,
കടക്കണ്ണിൽ കാമമൊളിപ്പിച്ച്
മുലക്കണ്ണിൽ വിഷംപുരട്ടിയ
കപടമാതൃത്വംപേറുന്ന പൂതനാവേഷങ്ങൾ…….
അകം വികൃതമായവരുടെ
പറുദീസയാണിത്.
അരുത്; ഒന്നും കാണരുത്.!!!
‘വിലക്കപ്പെട്ട കനി’യുമായി
വിൽപ്പനചന്തയിൽ
മൂന്നാമന്റെ വിലപേശൽ,
ഉരിയരിക്കിരക്കുന്നവന്റെ
ഉയിരെടുക്കുന്നവരുടെ ആക്രോശങ്ങൾ,
അകത്തഗ്നി സൂക്ഷിച്ച്
പുറത്ത് പുകയുന്ന പർവ്വതങ്ങൾ,
കരിഞ്ഞുവീഴുന്ന നക്ഷത്രവിലാപങ്ങൾ,
ചിറകരിയപ്പെട്ട പ്രാവിന്റെ രോദനം……..
പ്രതികരിക്കുന്നവൻ നിഷേധി.!!
അകം വികൃതമായവരുടെ
പറുദീസയാണിത്..
അരുത്; ഒന്നും കേൾക്കരുത്.!!!!!!
മതവും മദവുമുള്ള
കറുപ്പണിഞ്ഞ സദാചാരത്തിന്
പണക്കോയ്മയുടെ പച്ചക്കൊടി,
നിഴൽവിയർക്കുന്ന താപവീഥിയിൽ
മടിക്കുത്തഴിക്കുന്നവന്റെ ചിരി,
വിവസ്ത്രയുടെ പിടച്ചിൽ.
മൊഴിയുന്നവനു പിഴ
മൊഴിമാറ്റത്തിന് സുവർണ്ണസിംഹാസനം,
അകം വേവുന്നവന്റെ നെഞ്ചിൻചൂടിൽ
അന്നം വേവിക്കുന്നതിന് പേർ രാഷ്ട്രീയം,
അറിവോതുന്ന സോക്രട്ടീസ് ജന്മങ്ങൾക്ക്
അധികാരക്കരുത്തിൽ
വിഷം കൊടുക്കുന്ന സഭ……..
അകം വികൃതമായവരുടെ
പറുദീസയാണിത്…
അരുത്; ഒന്നും പറയരുത്.!!!!!!